തിരുവനന്തപുരം > കേരളത്തിലെ സ്വാഭാവിക വനങ്ങളുടെ പുനസ്ഥാപനത്തിനുള്ള നയരേഖയ്ക്ക് മന്ത്രിസഭായോഗം അംഗീകാരം നൽകി. 8,863 ച.കി.മീ. സ്ഥലത്ത് പരന്നു കിടക്കുന്ന കേരളത്തിന്റെ സുസ്ഥിരവികസനം ലക്ഷ്യമാക്കിയിട്ടുള്ള പരിസ്ഥിതി പുന:സ്ഥാപന പ്രവര്ത്തനമാണ് സര്ക്കാര് ലക്ഷ്യമിടുന്നത്. സ്വാഭാവികതയും ജൈവവൈവിധ്യവും നഷ്ടപ്പെട്ട ശുഷ്കിച്ച വനപ്രദേശങ്ങളില് പരിസ്ഥിതി പുന:സ്ഥാപന പ്രവര്ത്തനങ്ങള് വനാശ്രിത സമൂഹത്തിന്റെ പങ്കാളിത്തത്തോടെ നടപ്പിലാക്കും. ഇത് പാരിസ്ഥിതികഭദ്രത, ജലസുരക്ഷ എന്നിവ മെച്ചപ്പെടുത്തുന്നതിനോടൊപ്പം തദ്ദേശിയര്ക്ക് ധാരാളം തൊഴിലവസരങ്ങളും സൃഷ്ടിക്കും.
നയരേഖയുടെ വിശദാംശങ്ങൾ
1. ആമുഖം
1.1 സവിശേഷമായ പ്രകൃതി സമ്പത്തിനാല് അനുഗ്രഹീതമാണ് കാടും, കടലും, പുഴയും ഇടകലര്ന്നുകിടക്കുന്ന പശ്ചിമഘട്ടത്തിന്റെ തെക്കേത്തലപ്പിലെ പച്ചത്തുരുത്തായ കേരളം. നമ്മുടെ വനങ്ങളും, പുഴകളും, കായലുകളും, തണ്ണീര്ത്തടങ്ങളും, മനുഷ്യന് അധിവസിക്കുന്ന പ്രദേശങ്ങളും വളരെയധികം ജൈവസമ്പത്ത് നിലനിര്ത്തുന്നുണ്ട്. വളരെ ഉയര്ന്ന ജനസാന്ദ്രതയുള്ളതും ഉയര്ന്ന ജീവിതനിലവാരം പുലര്ത്തുന്നതുമായ കേരളത്തിന്റെ പാരിസ്ഥിതിക ഭദ്രത ഉറപ്പുവരുത്തുന്നതില് വൃക്ഷസമ്പന്നമായ നമ്മുടെ സ്വാഭാവിക പ്രകൃതിയുടെ, പ്രത്യേകിച്ച് വനങ്ങളുടെ, സംരക്ഷണം നിര്ണ്ണായകമാണ്. ജലസമൃദ്ധിയില് നിന്നും അതിവേഗം ജലദൗര്ലഭ്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന കേരളത്തിന്റെ ജലസുരക്ഷ ഉറപ്പു വരുത്തുന്നതോടൊപ്പം അതിവൃഷ്ടി മൂലമുണ്ടാകുന്ന പ്രളയത്തെ നിയന്ത്രിക്കുന്നതിലും വനങ്ങളുടെ പങ്ക് നിസ്തുലമാണ്.
1.2 ലോകത്തിലെ എട്ട് അതീവ ജൈവവൈവിധ്യ ഹോട്ട് സ്പോട്ടുകളില് ഒന്നായ പശ്ചിമഘട്ടം യുനെസ്കോയുടെ ലോകപൈതൃക പട്ടികയില് ഉള്പ്പെട്ടിട്ടുള്ളതാണ്. സമൃദ്ധമായ മഴയും, സൂര്യതാപവും, ഉയര്ന്ന ഈര്പ്പവും, സവിശേഷമായ ഭൂപ്രകൃതിയും കേരളത്തിന്റെ തനതായ ജൈവസമ്പത്ത് രൂപപ്പെടുത്തുന്നതില് നിര്ണ്ണായക പങ്ക് വഹിക്കുന്നു. വികസന പ്രക്രിയ ത്വരിതഗതിയില് നടക്കുന്ന കേരളത്തില് പ്രകൃതിസമ്പത്തിന്റെ ആരോഗ്യം നിലനിര്ത്തേണ്ടത് ജലസുരക്ഷയ്ക്കും, പാരിസ്ഥിതിക ഭദ്രതയ്ക്കും, സുസ്ഥിര വികസനത്തിനും അത്യാവശ്യമാണ്.
1.3 ഭൂപ്രദേശത്തിന്റെ 33 ശതമാനം വനാവരണം/വൃക്ഷാവരണം നില നിറുത്തണമെന്ന് ദേശീയ വനനയം അനുശാസിക്കുന്നു. നിലവില് സംസ്ഥാനത്തിന്റെ മൊത്തം ഭൂവിസ്തൃതിയുടെ ഏതാണ്ട് 30 ശതമാനം വനമാണ്. ഉഷ്ണമേഖലാ നിത്യഹരിത വനങ്ങള്, ഉഷ്ണമേഖലാ ആര്ദ്ര ഇലപൊഴിയും വനങ്ങള്, വരണ്ട ഇലപൊഴിയും കാടുകള്, ചോലവനങ്ങള്, പുല്മേടുകള്, കണ്ടല്കാടുകള്, തോട്ടങ്ങള് മുതലായ വനവിഭാഗങ്ങള് ഇതില് ഉള്പ്പെടുന്നു.
1.4 ചരിത്രപരമായി കേരള സമൂഹത്തിന് പ്രകൃതിയോടുള്ള ആഭിമുഖ്യവും, ഉയര്ന്ന പാരിസ്ഥിതിക അവബോധവും, പ്രതിബന്ധതയും വനങ്ങളേയും പ്രകൃതി വിഭവങ്ങളേയും കാത്തു സൂക്ഷിക്കുന്നതില് നിദാനമായിട്ടുണ്ട്.
1.5 എന്നാല് ആധുനികതയുടെ കടന്നുവരവോടെ പ്രകൃതിയ്ക്കുമേലുള്ള സമ്മര്ദ്ദം ലോകത്തിലെ മറ്റു ഭാഗങ്ങളിലെന്ന പോലെ കേരളത്തിലും അനുദിനം വര്ദ്ധിച്ചു വരുന്നു. അശാസ്ത്രീയമായ വികസന പ്രവര്ത്തനങ്ങള് പ്രകൃതിസമ്പത്തിേډല് അനിയന്ത്രിതമായ സമ്മര്ദ്ദം ഉണ്ടാക്കുന്നതിന്റെ ഫലമായി കാലാവസ്ഥാവ്യതിയാനം മൂലമുള്ള വരള്ച്ചയും, അതിവൃഷ്ടിയും, വെള്ളപ്പൊക്കവും കേരളത്തില് നിത്യപ്രതിഭാസമായി മാറിയിരിക്കുന്നു. വൃഷ്ടിപ്രദേശങ്ങളിലെ മണ്ണൊലിപ്പും, നദികളുടെ കരയിടിഞ്ഞും റിസര്വോയറുകളുടെയും, ജലസ്രോതസ്സുകളുടെയും സംഭരണശേഷി അപകടകരമാംവിധം കുറയുന്നതും വെള്ളപ്പൊക്കത്തിന് കാരണമാകുന്നു. ഇത് വ്യാപകമായ ജീവന്, കൃഷി, സ്വത്ത്, ജൈവസമ്പത്ത് എന്നിവയുടെ നാശത്തിന് വഴിതെളിക്കുന്നു.
1.6 കാര്ബണിന്റെ മുഖ്യ ശേഖരണിയാണ് വനങ്ങളും മരങ്ങളും. പശ്ചിമഘട്ടത്തിലെ വനങ്ങളിലെ ജൈവവൈവിധ്യവും, നിബിഡതയും, ഉയര്ന്ന ജലലഭ്യതയും, ഭൂമിശാസ്ത്രപരമായ സവിശേഷതകളും കാര്ബണ് ശേഖരം കൂട്ടുന്നതിനും തന്മൂലം ആഗോളതാപനം ലഘൂകരിക്കുന്നതിനും ഗണ്യമായ പങ്കുവഹിക്കുന്നുണ്ട്. വനങ്ങളുടെ പരിപോഷണവും പുന:സ്ഥാപനവും കാര്ബണ് ശേഖരണക്ഷമത മെച്ചപ്പെടുത്തുന്ന നടപടികളാണ്. കേരളത്തിലെ ഓരോ പഞ്ചായത്തുകളും / മുനിസിപ്പാലിറ്റികളും / കോര്പ്പറേഷനുകളും څകാര്ബണ് ന്യൂട്രൽ ആയി മാറേണ്ടതുണ്ട്.
1.7 നിലനില്ക്കുന്ന വനങ്ങളുടെ പാരിസ്ഥിതിക ആരോഗ്യം പലകാരണങ്ങള് കൊണ്ട് ക്ഷയിച്ചിട്ടുണ്ട്. വ്യാവസായിക വികസനം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി 1950കള് മുതല് 1980കളുടെ തുടക്കം വരെ കേരളത്തിലെ ജൈവസമ്പന്നമായിരുന്ന ധാരാളം സ്വാഭാവിക വനങ്ങള് വെട്ടിത്തെളിച്ച് യൂക്കാലിപ്റ്റസ്, അക്കേഷ്യ, മാഞ്ചിയം, വാറ്റില് തുടങ്ങിയ വിദേശ-ഏകവിള ത്തോട്ടങ്ങള് വെച്ചുപിടിപ്പിക്കുകയുണ്ടായി. ഏതാണ്ട് 27,000ത്തോളം ഹെക്ടര് വിദേശ-ഏകവിളത്തോട്ടങ്ങളും, 90,000ത്തോളം ഹെക്ടര് തേക്ക് തോട്ടങ്ങളുമാണ് കേരളത്തില് വനഭൂമിയില് നിലവിലുള്ളത്. പാരിസ്ഥിതിക – ജലസുരക്ഷ മുന്നിര്ത്തി പരിസ്ഥിതി പുന:സ്ഥാപന പ്രക്രിയകള് വനാശ്രിത സമൂഹത്തിന്റെ പങ്കാളിത്തത്തോടെ നടപ്പിലാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്.
1.8 ഇതുകൂടാതെ നമ്മുടെ മണ്ണിന് അനുയോജ്യമല്ലാത്ത സസ്യങ്ങളുടെ കടന്നുകയറ്റവും സ്വാഭാവിക വനങ്ങളുടെ ശോഷണത്തിന് കാരണമായി തീര്ന്നിട്ടുണ്ട്. വന്യജീവികളുടെ ആവാസവ്യവസ്ഥയ്ക്ക് ശോഷണം സംഭവിച്ചതിനാല് ജനവാസമേഖലകളെയും കൃഷിയിടങ്ങളെയും ഭക്ഷണാവശ്യങ്ങള്ക്കായി ആശ്രയിക്കാന് വന്യമൃഗങ്ങള് പ്രേരിതരാകുന്നു. ഇത് മനുഷ്യ-വന്യജീവി സംഘര്ഷത്തിന് ആക്കം കൂട്ടുന്നതായി ചൂണ്ടികാണിക്കപ്പെട്ടിട്ടുണ്ട്. അധിനിവേശ സസ്യ-ജന്തുജാലങ്ങള് കേരളത്തിന്റെ ആവാസ വ്യവസ്ഥയ്ക്ക് ഗുരുതരമായ കോട്ടം വരുത്തിയിട്ടുണ്ടെന്ന് പഠനങ്ങള് വ്യക്തമാക്കുന്നു. പാരിസ്ഥിതിക പ്രശ്നങ്ങള് ഉളവാക്കുന്ന ഇത്തരം അധിനിവേശ സസ്യ-ജന്തുജാലങ്ങളെ നിര്മ്മാര്ജ്ജനം ചെയ്യേണ്ടത് അനിവാര്യമാണ്.
1.9 കേരളത്തിലെ വനങ്ങളോട് ചേര്ന്ന് താമസിക്കുന്ന ആദിവാസി-ഗോത്ര സമൂഹങ്ങളുടെ പ്രധാന ജീവനോപാധിയും, വരുമാന മാര്ഗ്ഗവുമാണ്
തടിയേതര വനവിഭവങ്ങളുടെ ശേഖരണം. കാടിനെ ആശ്രയിച്ചും സംരക്ഷിച്ചും ജീവിച്ചുവന്നിരുന്ന ആദിവാസി ഗോത്രവിഭാഗങ്ങളുടെ ജീവസന്ധാരണത്തെ വനശോഷണം പ്രതികൂലമായി ബാധിക്കും. വന-ജൈവസംരക്ഷണ പ്രവര്ത്തനങ്ങളില് ആദിവാസി വിഭാഗത്തിന്റെ ചരിത്രപരമായ പങ്ക് ഊട്ടിയുറപ്പിക്കേണ്ടതും അവര്ക്ക് കാടിനോടിണങ്ങുന്ന അടിസ്ഥാന സൗകര്യങ്ങള് വേണ്ടത്ര ഒരുക്കേണ്ടതുമുണ്ട്. വനസംരക്ഷണയജ്ഞത്തില് അവിടുത്തെ ആവാസ വ്യവസ്ഥകളുമായി ഇഴുകിച്ചേര്ന്ന് ജീവിക്കുന്ന ആദിവാസി സമൂഹത്തെ തുല്യ പങ്കാളികളാക്കുന്നതിനുള്ള പ്രവര്ത്തനങ്ങളും വര്ദ്ധിച്ച പ്രാധാന്യത്തോടെ ആസൂത്രണം ചെയ്ത് നടപ്പിലാക്കേണ്ടതാണ്.
1.10 വനങ്ങള് മാത്രമല്ല വനേതര പ്രദേശങ്ങളിലെ ഭൂവിനിയോഗ രീതികളും കേരളത്തില് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില് പ്രകൃതി-പാരിസ്ഥിതിക, ജലസുരക്ഷ ഉറപ്പാക്കുന്നതില് നിര്ണ്ണായക സ്വാധീനം ചെലുത്തുന്നുണ്ട്. കേരളത്തില് 1980-കളില് 700 ച.കീ. കണ്ടല്ക്കാടുകള് നിലനിന്നിരുന്നു. എന്നാല് ഇന്ന് വെറും 24 ച.കീ. മാത്രമായി കണ്ടല്ക്കാടുകള് ചുരുങ്ങിയിരിക്കുകയാണ്. കടലോര, അഴിമുഖ പ്രദേശങ്ങളുടെ സ്ഥിരതയ്ക്കും, കടലാക്രമണം തടയുന്നതിനും മത്സ്യങ്ങളുടെ പ്രജനനത്തിനും കണ്ടല്ക്കാടുകള് സുപ്രധാനമാണ്.
1.11 കാലാവസ്ഥാവ്യതിയാനം മൂലമുള്ള കടല്കയ്യേറ്റവും, ചുഴലിക്കാറ്റുകളും കേരളതീരത്തിന് നിരന്തര ഭീഷണിയായി തീര്ന്നിട്ടുണ്ട്. ദശലക്ഷകണക്കിന് വരുന്ന തീരദേശ നിവാസികളുടെ സ്വൈരജീവിതത്തിനും ജീവനോപാധികളുടെ നിലനില്പ്പിനും തീര സംരക്ഷണം അത്യന്താപേഷിതമാണ്. അനുയോജ്യമായ ജൈവ പ്രതിരോധ വേലികള് സൃഷ്ടിച്ച് തീരസംരക്ഷണം ഉറപ്പു വരുത്തുന്നത് ഇത്തരുണത്തില് പ്രാധാന്യമര്ഹിക്കുന്നു. ഇത് ജലവിഭവ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള് എന്നിവയുമായി സഹകരിച്ച് നടപ്പിലാക്കുന്നതിന് വനം വകുപ്പ് നടപടി സ്വീകരിക്കണം.
1.12 ഇതോടൊപ്പംതന്നെ വനേതര മേഖലയിലുള്ള തണ്ണീര്ത്തടങ്ങള്, പുഴയോരങ്ങള്, കാവുകള് തുടങ്ങിയവ ജൈവ വൈവിദ്ധ്യത്തിന്റെ ഈറ്റില്ലങ്ങളും പാരിസ്ഥിതിക പ്രക്രിയയില് നിര്ണ്ണായക പങ്ക് വഹിക്കുന്ന ഘടകങ്ങളുമാണ്. അശാസ്ത്രീയമായ വികസന പ്രവര്ത്തനങ്ങള് ഇവയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇത്തരം ആവാസവ്യവസ്ഥകളെ സംരക്ഷിച്ചും ഇവയുടെ പുന:സ്ഥാപനം നടത്തിയും വര്ദ്ധിച്ച പാരിസ്ഥിതിക സേവനങ്ങള് ഉറപ്പുവരുത്തുവാന് സാധിക്കും.
1.13 നിലവില് സംരക്ഷിത വനമേഖലകളിലും വനപ്രദേശങ്ങളിലും വന്യജീവി സംരക്ഷണ പ്രവര്ത്തനങ്ങള് കാര്യക്ഷമമായി നടത്തി വരുന്ന സംസ്ഥാനമാണ് കേരളം. എന്നാല് ഇതോടൊപ്പംതന്നെ വനത്തിനുപുറത്തുള്ള വൈവിധ്യമാര്ന്ന ആവാസവ്യവസ്ഥ നിലനില്ക്കുന്ന വനേതര പ്രദേശങ്ങളിലെ വന്യജീവി സംരക്ഷണ പ്രവര്ത്തനങ്ങള് കൂടി കൂടുതല് കാര്യക്ഷമമാക്കേണ്ടതുണ്ട്. ഇതര സര്ക്കാര്സ്ഥാപനങ്ങള്, സ്വകാര്യസ്ഥാപനങ്ങള്, വിദ്യാര്ത്ഥികള്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്, പൊതുജനങ്ങള് എന്നിവരുടെ പങ്കാളിത്തം ഇതിന് മുതല്ക്കൂട്ടാവുന്നതാണ്. കൂടാതെ അടിസ്ഥാന സൗകര്യങ്ങളും മാനവശേഷി വികസനവും, പൊതുജനങ്ങളില്, പ്രത്യേകിച്ച് വിദ്യാര്ത്ഥികളില് പാരിസ്ഥിതിക സംരക്ഷണ അവബോധം സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണ്.
1.14 നിേډാന്നതങ്ങളായ ഭൂപ്രദേശങ്ങള് ഉള്ക്കൊള്ളുന്ന സംസ്ഥാനത്തിന്റെ ഭൂവിനിയോഗ രീതികളുടെ ഏകോപനം പാരിസ്ഥിതിക ഭദ്രതയെന്ന ലക്ഷ്യം നേടിയെടുക്കുന്നതിന് അത്യാവശ്യമാണ്. ബൃഹത്തായ ഈ സംരംഭം എല്ലാവിഭാഗം ജനങ്ങളുടെയും, വിവിധ വകുപ്പുകളുടെയും, പ്രത്യേകിച്ച് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ, കൂട്ടായ ശ്രമത്തിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂ.
കക
2. സര്ക്കാരിന്റെ സമീപനം
38,863 ച.കി.മീ. സ്ഥലത്ത് പരന്നു കിടക്കുന്ന കേരളത്തിന്റെ സുസ്ഥിരവികസനം ലക്ഷ്യമാക്കിയിട്ടുള്ള പരിസ്ഥിതി പുന:സ്ഥാപന പ്രവര്ത്തനമാണ് സര്ക്കാര് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി താഴെപ്പറയുന്ന പദ്ധതികള് മുന്ഗണനാ ക്രമത്തില് ഏറ്റെടുക്കുവാനാണ് സര്ക്കാര് ഉദ്ദേശിക്കുന്നത്.
2.1 സ്വാഭാവികതയും ജൈവവൈവിധ്യവും നഷ്ടപ്പെട്ട ശുഷ്കിച്ച വനപ്രദേശങ്ങളില് പരിസ്ഥിതി പുന:സ്ഥാപന പ്രവര്ത്തനങ്ങള് വനാശ്രിത
സമൂഹത്തിന്റെ പങ്കാളിത്തത്തോടെ നടപ്പിലാക്കും. ഇത് പാരിസ്ഥിതികഭദ്രത,
ജലസുരക്ഷ എന്നിവ മെച്ചപ്പെടുത്തുന്നതിനോടൊപ്പം തദ്ദേശിയര്ക്ക് ധാരാളം തൊഴിലവസരങ്ങളും സൃഷ്ടിക്കും.
2.2 പരിസ്ഥിതിക്കും ആവാസവ്യവസ്ഥയ്ക്കും ദോഷകരമായതും, കാലിക പ്രാധാന്യം നഷ്ടപ്പെട്ടതുമായ അക്കേഷ്യ, യൂക്കാലിപ്റ്റസ്, വാറ്റില് തുടങ്ങിയ വിദേശ ഏകവിള തോട്ടങ്ങള് ഘട്ടം ഘട്ടമായി നീക്കം ചെയ്ത് അവയെ സ്വാഭാവിക വനങ്ങളായി പുന:സ്ഥാപനം നടത്തും. നാം തുടര്ച്ചയായി നേരിടുന്ന പ്രകൃതി ദുരന്തങ്ങളുടെയും, വര്ദ്ധിച്ചു വരുന്ന മനുഷ്യ-വന്യജീവി സംഘര്ഷത്തിന്റേയും പശ്ചാത്തലത്തില് ഇത് പ്രാധാന്യമര്ഹിക്കുന്നു. ഉദ്ദേശം 27,000 ഹെക്ടര് സ്ഥലത്ത് നടത്തേണ്ട ഈ ബൃഹദ് പദ്ധതി രണ്ട് പതിറ്റാണ്ട് കൊണ്ട് പൂര്ത്തീകരിക്കുന്നതാണ്.
2.3 അനുയോജ്യമല്ലാത്ത കാലാവസ്ഥയും, മണ്ണിന്റെ ഫലഭൂയിഷ്ടിക്കുറവും മൂലം പാടെ പരാജയപ്പെട്ടതോ, വളര്ച്ച മുരടിച്ചതോ, വന്യജീവി വഴിത്താരകളിലുള്ളതോ, പ്രകൃതിദുരന്ത സാദ്ധ്യതാ പ്രദേശങ്ങളിലുള്ളതോ, നദീതടങ്ങളിലുള്ളതോ ആയ സര്ക്കാര് ഉടമസ്ഥതയില് ഉള്ള തേക്ക് തോട്ടങ്ങള്, മണ്ണ്-ജല സംരക്ഷണം ലക്ഷ്യമാക്കി സ്വാഭാവിക വനങ്ങളാക്കി മാറ്റും. ഇവിടങ്ങളിലെ ആവാസവ്യവസ്ഥയ്ക്കും അതില് നിലവിലുള്ള താമസക്കാരുടെയും പ്രശ്നങ്ങള് പരിഗണിച്ചുകൊണ്ടായിരിക്കും ഈ പരിപാടി നടപ്പിലാക്കുക.
2.4 ജൈവവൈവിധ്യത്തിന് ഭീഷണിയായി മാറിക്കൊണ്ടണ്ിരിക്കുന്ന ലന്റാന, മൈക്കീനിയ, സെന്ന തുടങ്ങിയ നമ്മുടെ ആവാസ വ്യവസ്ഥയ്ക്ക് അനുയോജ്യമല്ലാത്ത സസ്യങ്ങളെയും ആഫ്രിക്കന് ഒച്ച്, ആഫ്രിക്കന് മുഷി തുടങ്ങിയ ജീവികളെയും വനങ്ങളില് നിന്നും മറ്റ് ആവാസവ്യവസ്ഥകളില് നിന്നും ഒഴിവാക്കുന്നതിനും തദ്ദേശീയ ജീവജാലങ്ങളുടെ നിലനില്പ്പ് ഉറപ്പാക്കുന്നതിനുമുള്ള നടപടികള് സ്വീകരിക്കും.
2.5 വന നശീകരണത്തിനും മൂല്യശോഷണത്തിനും കാരണമായ കാട്ടുതീയില് നിന്നും വനപ്രദേശങ്ങളെ സംരക്ഷിക്കുന്നതിനായി പൊതുജനപങ്കാളിത്ത ത്തോടുകൂടിയും, ആധുനിക രീതികള് അവലംബിച്ചും അഗ്നിപ്രതിരോധ പ്രവര്ത്തനങ്ങള് കാര്യക്ഷമമാക്കും.
2.6 ഉള്വനങ്ങളില് ഉണ്ടായേക്കാവുന്ന പ്രകൃതിദുരന്തങ്ങളെ മുന്കൂട്ടി അറിയുന്നതിനും പ്രതിരോധിക്കുന്നതിനും ആധുനിക സംവിധാനങ്ങളുടെ
സഹായത്തോടു കൂടി വനംവകുപ്പിനെ സജ്ജമാക്കുന്നതിനുള്ള മുന്ഗണനാടിസ്ഥാനത്തിലുള്ള നടപടികള് സ്വീകരിക്കും.
2.7 വനത്തെ ആശ്രയിച്ച് ജീവിക്കുന്ന ആദിവാസി വിഭാഗങ്ങളുടെ ഉന്നമനത്തിനായും ഉപജീവനമാര്ഗ്ഗങ്ങള് സൃഷ്ടിക്കുന്നതിനായും മേല്പ്പറഞ്ഞ പോലെ വനസംരക്ഷണ / വനവത്കരണ പ്രവര്ത്തനങ്ങളില് അവരുടെ പങ്കാളിത്തം ഉറപ്പാക്കുകയും, ആധുനിക വിദ്യാഭ്യാസവും, അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്തുകയും ചെയ്യും. വനങ്ങളുടെ പാരിസ്ഥിതിക സേവനം കണക്കിലെടുത്തും, വന്യജീവി ആക്രമണം ലഘുകരിക്കുന്നതിനും, പ്രകൃതിദുരന്ത സാധ്യത കുറയ്ക്കുന്നതിന്റെ ഭാഗമായി അവര്ക്ക് താത്പര്യമുള്ള ആവാസ വ്യവസ്ഥയിലേക്ക് അവരുടെ സമ്മതത്തോടെ മാറ്റിപ്പാര്പ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.
2.8 തടിയിതര വനവിഭവങ്ങളുടെ സുസ്ഥിരമായ ശേഖരണവും മൂല്യവര്ദ്ധനവും വിപണനവും ആദിവാസി വിഭാഗങ്ങളുടെ സഹകരണത്തോടുകൂടി
നടപ്പിലാക്കും. പങ്കാളിത്ത വനപരിപാലനത്തിന്റെയും, വനാവകാശ നിയമത്തിന്റെയും സാധ്യതകള് ഇതിനായി ഉപയോഗിക്കും. ഇത് വനാശ്രിത
ആദിവാസി സമൂഹത്തിന് കൂടുതല് തൊഴിലവസരങ്ങള് സൃഷ്ടിക്കും.
2.9 അമിത ചൂഷണവും ആവാസവ്യവസ്ഥയുടെ നാശവും നിമിത്തം അന്യം നിന്നുകൊണ്ടണ്ിരിക്കുന്ന സസ്യ-ജന്തുജാലങ്ങളെ കണ്ടെത്തി അവയുടെ പുനരുല്പാദനവും സംരക്ഷണവും ഉറപ്പുവരുത്തും. ഇതുവഴി ജൈവ
സമ്പന്നത നിലനിര്ത്തുന്നതിനും മെച്ചപ്പെട്ട പാരിസ്ഥിതിക സേവനങ്ങള്
ഭാവിയില് ഉറപ്പാക്കുന്നതിനും സാധിക്കും.
2.10 വനത്തിന്റെ പാരിസ്ഥിതിക സേവനം കണക്കിലെടുത്തും, വന്യജീവി സംരക്ഷണം ഉറപ്പാക്കുന്നതിനും, മനുഷ്യ-വന്യജീവി സംഘര്ഷം ലഘൂകരിക്കുന്നതിനുമായി ഇത്തരം പ്രദേശങ്ങളിലെ സ്വകാര്യ സ്ഥലങ്ങള്/
എസ്റ്റേറ്റുകള് അര്ഹമായ നഷ്ടപരിഹാരം നല്കി ഏറ്റെടുത്ത് പുന:സ്ഥാപനം നടത്തുന്നതിനുള്ള നടപടികള് സ്വീകരിക്കും. വനതുരുത്തുകളെ ബന്ധിപ്പിക്കുന്നതിനും, വന്യജീവികളുടെ സുഗമമായ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പു വരുത്തുന്നതിനും തദ്വാര മനുഷ്യ-വന്യജീവി സംഘര്ഷം ലഘൂകരിക്കുന്നതിനും ഇത്
ഇടയാക്കും.
2.11 വന്യജീവികള്ക്ക് മികച്ച ആവാസവ്യവസ്ഥ, ഭക്ഷ്യസുരക്ഷ തുടങ്ങിയവ ഉറപ്പു വരുത്തുന്നതിനായി അനുയോജ്യമായ തദ്ദേശീയ സസ്യങ്ങള് (ഉദാ: കാട്ടുമാവ്, കാട്ടുനെല്ലി, കാട്ടുപ്ലാവ് തുടങ്ങിയ) നട്ടുപിടിപ്പിക്കും. ഇതോടൊപ്പം തന്നെ
വനത്തിനുള്ളില് തടയണകള്, കുളങ്ങള് തുടങ്ങിയവ നിര്മ്മിക്കുന്നതുള്പ്പെടെയുള്ള നടപടികള് സ്വീകരിക്കും. ഇതുവഴി ജലദൗര്ലഭ്യം നേരിടുന്ന പ്രദേശങ്ങളില് ജലലഭ്യത ഉറപ്പു വരുത്താന് സാധിക്കുന്നതാണ്.
2.12 പാരിസ്ഥിതിക പ്രാധാന്യമുള്ള കണ്ടല്കാടുകള് ഉടമസ്ഥരുടെ സമ്മതത്തോടെ അര്ഹമായ നഷ്ടപരിഹാരം നല്കി ഏറ്റെടുത്ത് പുന:സ്ഥാപനം നടത്തുന്നതിനുള്ള നടപടികള് സ്വീകരിക്കും. ഇതോടൊപ്പം തന്നെ വനേതരപ്രദേശങ്ങളിലെ സവിശേഷമായ ആവാസ വ്യവസ്ഥകളായ കാവുകള്, നീര്ത്തടങ്ങള്, നദീതീരവനങ്ങള് എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ഉടമസ്ഥരുടെ സമ്മതത്തോടും ജനപങ്കാളിത്തത്തോടും കൂടി സംരക്ഷിക്കുന്നതിന് നടപടികള് സ്വീകരിക്കും.
2.13 കടല്/പുഴ തീരസംരക്ഷണത്തിനും, സമുദ്ര-ജല ആവാസവ്യവസ്ഥയിലുള്ള ജൈവസമ്പത്തിന്റെ സംരക്ഷണത്തിനും തദ്ദേശീയവാസികളുടെയും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ അനുയോജ്യമായ നടപടികള് കൈക്കൊള്ളും. തീരദേശ വാസികളുടെ ജീവിതസന്ധാരണം മെച്ചപ്പെടുത്തുന്നതിനും പുഴയോര പ്രദേശങ്ങളിലെ കാര്ഷിക അഭിവൃദ്ധിക്കും ഇത് വഴിതെളിക്കും.
2.14 വനത്തിനു വെളിയിലുള്ള വൃക്ഷാവരണം വര്ദ്ധിപ്പിച്ച് കാര്ബണ് ആഗീകരണം വര്ദ്ധിപ്പിക്കുന്നതിനും, വനാശ്രിതത്വം കുറയ്ക്കുന്നതിനും, സ്വകാര്യ ഭൂമിയില് വൃക്ഷം വളര്ത്തുന്നത് പ്രോത്സാഹിപ്പിക്കും. ഇതിനായി ഗുണനിലവാരമുള്ള തൈകള് ഉല്പ്പാദിപ്പിച്ച് വിതരണം ചെയ്യുകയും, കൃഷിക്കാരും, പട്ടാദാര്മാരും നട്ടുപിടിപ്പിച്ച വൃക്ഷങ്ങള് മുറിച്ച് സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുന്നതിനുള്ള അനുവാദം നല്കുകയും ചെയ്യുന്നതിനുള്ള നിയമനിര്മ്മാണം നടത്തും.
2.15 തടിക്കും മറ്റുദ്ദേശത്തോടുകൂടിയും വളര്ത്തുന്ന തേക്ക്, ഈട്ടി, ചന്ദനം തുടങ്ങിയ വൃക്ഷങ്ങളുടെ ശാസ്ത്രീയമായ പരിപാലനവും പുനരുല്പാദനവും ഉറപ്പുവരുത്തുകയും അവയുടെ ഉല്പാദനക്ഷമത കൂട്ടുവാനുള്ള നടപടികള് സ്വീകരിക്കുകയും ചെയ്യും.
2.16 വനവല്ക്കരണ പ്രവര്ത്തനങ്ങള്ക്കും, തോട്ട നിര്മ്മാണ പരിപാലന പ്രവര്ത്തനങ്ങള്ക്കും കാലാനുസൃതവും, ഫലപ്രദവുമായ നവീന ശാസ്ത്രീയ മാര്ഗ്ഗങ്ങള് അവലംബിക്കുകയും, ആയത് സുഗമമായി നടപ്പിലാക്കാനുതകുന്ന സാഹചര്യം സൃഷ്ടിക്കുകയും ചെയ്യും.
3. അവലംബന രീതി
മേല്പ്പറഞ്ഞ, കേരളത്തിന്റെ സമഗ്രമായ പാരിസ്ഥിതിക സമീപനം വിജയകരമായി നടപ്പിലാക്കേണ്ടത് നവകേരള സൃഷ്ടിക്ക് അനിവാര്യമാണ്. കേരളത്തിന്റെ പാരിസ്ഥിതിക സുരക്ഷയുടെ ആധാരശിലയായ പ്രസ്തുത പ്രവര്ത്തനങ്ങള്ക്ക് താഴെപ്പറയുന്ന അവംലബന രീതികള് സ്വീകരിക്കുന്നതാണ്.
3.1 ആധുനിക സാങ്കേതിക സംവിധാനങ്ങള് ഉപയോഗിച്ച് നിലവിലുള്ള കാടിന്റെ അതിര്ത്തി നിര്ണ്ണയം പൂര്ത്തീകരിച്ച് ജണ്ടകള് നിര്മ്മിച്ച് സംരക്ഷിക്കുന്ന
താണ്. വനാതിര്ത്തികള് ഡിജിറ്റൈസ് ചെയ്യുകയും വനാതിര്ത്തിയുടെ വിവരങ്ങള് റവന്യൂ റിക്കാര്ഡുകളില് ഉള്പ്പെടുത്തുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നതാണ്. ഇത് കയ്യേറ്റങ്ങളില് നിന്നും കാടിനെ സംരക്ഷിക്കുന്നതിനോടൊപ്പം വനാതിര്ത്തി പ്രദേശങ്ങളില് ഉണ്ടാകാനിടയുള്ള തര്ക്കങ്ങള്
ഒഴിവാക്കുന്നതിനും സഹായിക്കുന്നതാണ്.
3.2 നിലനില്ക്കുന്ന വനങ്ങളുടെ ആരോഗ്യം വീണ്ടെടുക്കുന്നതിന് സര്ക്കാര് ഉടമസ്ഥതയിലുള്ള ശോഷിച്ച വനങ്ങള്, വിദേശ ഏകവിള തോട്ടങ്ങള്, നിലവിലുള്ള തേക്ക് തോട്ടങ്ങളില് പരാജയപ്പെട്ടവ, വളര്ച്ച മുരടിച്ചവ, വന്യജീവി വഴിത്താരകളിലുള്ളവ, പ്രകൃതിദുരന്ത സാദ്ധ്യതാ പ്രദേശങ്ങളിലുള്ളവ, നദീതീരങ്ങളിലുള്ളവ എന്നിവ വര്ക്കിംഗ് പ്ലാന് ശുപാര്ശകള്ക്ക് വിധേയമായി, തേക്കിന്റെ ശേഖരണം ആവശ്യമെങ്കില് നടത്തിയശേഷം, മണ്ണ്-ജലസംരക്ഷണം ലക്ഷ്യമാക്കി ഘട്ടം ഘട്ടമായി സ്വാഭാവിക വനങ്ങളാക്കി മാറ്റുന്നതാണ്. മൂന്നാര്, വയനാട് തുടങ്ങി സമുദ്രനിരപ്പില് നിന്നും 750മീറ്ററിനു മുകളില് സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിലെ അതീവ പരിസ്ഥിതിലോല പ്രദേശങ്ങളായി വിജ്ഞാപനം ചെയ്യപ്പെടുന്ന മേഖലകളില് നിന്നും ഇത്തരം തോട്ടങ്ങള് പൂര്ണ്ണമായി ഒഴിവാക്കി സ്വാഭാവിക വനങ്ങളാക്കുന്നതാണ്.
3.3 വെട്ടിമാറ്റുന്ന വ്യാവസായിക തോട്ടങ്ങളില് നിന്നുള്ള അസംസ്കൃത വസ്തുക്കള് കേരളത്തിലെ ചെറുകിട വനാധിഷ്ഠിത വ്യവസായങ്ങള്ക്ക് ന്യായവിലയ്ക്ക് നല്കുവാനും, മേല് വരുമാനത്തിന്റെ 50% പരിസ്ഥിതി-പുന:സ്ഥാപന പ്രവര്ത്തനങ്ങള് നടപ്പാക്കുന്നതിനും, ബാക്കി 50%, നിലനിര്ത്തുന്ന തേക്ക് തോട്ടങ്ങളുടെ മെച്ചപ്പെട്ട പരിപാലനത്തിനും, വനാധിഷ്ഠിത സമൂഹത്തിന്റെ ഉന്നമനത്തിനും, ആധുനിക വനപരിപാലന പ്രവര്ത്തനങ്ങള്ക്കും ചാക്രിക നിധിയായി വിനിയോഗിക്കുന്നതാണ്.
3.4 വനത്തിന്റെ ആവാസ വ്യവസ്ഥയെ അത്യധികം പ്രതികൂലമായി ബാധിക്കുന്ന സെന്ന, ലന്റാന, മൈക്കേനിയ തുടങ്ങിയ നമ്മുടെ ആവാസ വ്യവസ്ഥയ്ക്ക് അനുയോജ്യമല്ലാത്ത സസ്യങ്ങളെ യുദ്ധകാലാടിസ്ഥാനത്തില് നീക്കം ചെയ്ത് സ്വാഭാവികമായി കാണപ്പെടുന്ന തദ്ദേശസസ്യങ്ങളുടെ വളര്ച്ചയെ ത്വരിതപ്പെടുത്തുന്ന മണ്ണ് ജല സംരക്ഷണ പ്രവര്ത്തനങ്ങള് നടപ്പാക്കും.
3.5 മേല് പ്രവൃത്തികള് നടപ്പിലാക്കുന്നതിന് പങ്കാളിത്ത വനപരിപാലന
മാര്ഗ്ഗങ്ങള് സ്വീകരിക്കുന്നതാണ്. ഇത്തരം പ്രവൃത്തികളിലൂടെ
വനാശ്രിത സമൂഹങ്ങള്ക്കിടയില് അധിക തൊഴിലവസരങ്ങള്
സൃഷ്ടിക്കുവാന് സാധിക്കുന്നതാണ്. കൂടാതെ ഇത്തരം പ്രവര്ത്തനങ്ങള്
വഴി മെച്ചപ്പെട്ട പാരിസ്ഥിതിക സേവനങ്ങള് പൊതുസമൂഹത്തിന്
ലഭ്യമാകുന്നതാണ്. വനാശ്രിത സമൂഹത്തിന്റെ നേതൃത്വത്തില് നടക്കുന്ന ഇത്തരം ശ്രമങ്ങള്ക്ക് പ്രോത്സാഹനവും മാര്ഗ്ഗദര്ശനവും സര്ക്കാര് നല്കുന്നതാണ്.
3.6 അനിയന്ത്രിതമായ കാട്ടുതീ വനശോഷണത്തിനും, തന്മൂലം ജൈവസമ്പത്തിന്റെ നാശത്തിനും, ജലദൗര്ലഭ്യത്തിനും, മണ്ണൊലിപ്പിനും കാരണമായി ഭവിക്കുന്നു. കാട്ടുതീ പ്രതിരോധ പ്രവര്ത്തനങ്ങള് പങ്കാളിത്ത വനപരിപാലനത്തിലൂടെയും, തൊഴിലുറപ്പു പദ്ധതിയുടെ സാധ്യതകള് പ്രയോജനപ്പെടുത്തിയും, ആധുനിക രീതികള് അവലംബിച്ചും നടപ്പിലാക്കുന്നതാണ്.
3.7 വനസുരക്ഷ മെച്ചപ്പെടുത്തുന്നതിനായി കൂടുതല് ഫോറസ്റ്റ് സ്റ്റേഷനുകള്, വാഹനങ്ങള് ആയുധങ്ങള് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള് ലഭ്യമാക്കും.
3.8 ചെറുകിട വനവിഭവങ്ങളുടെ ശാസ്ത്രീയ ശേഖരണം, മൂല്യവര്ദ്ധനവ്, മെച്ചപ്പെട്ട വിപണനം എന്നിവ ഉറപ്പുവരുത്തി ആദിവാസി സമൂഹത്തിന് തൊഴിലവസരങ്ങളും, ജീവസന്ധാരണമാര്ഗ്ഗങ്ങളും, കാടിന്റെ സംരക്ഷണവും സാധ്യമാക്കും. തടിയിതര വനവിഭവങ്ങളുടെ സുസ്ഥിരമായ ലഭ്യത ഉറപ്പുവരുത്തുന്നതിന് പങ്കാളിത്ത വനപരിപാലനത്തിന്റെയും വനാവകാശ നിയമത്തിന്റെയും സാധ്യതകള് കോര്ത്തിണക്കി കര്മ്മപരിപാടികള്
ആവിഷ്കരിക്കും.
3.9 കാവുകള് ജൈവവൈവിധ്യത്തിന്റെ തുരുത്തുകളാണ്. കേരളത്തില് ആയിര ക്കണക്കിന് കാവുകള് നിലവിലുണ്ട്. ഇതില് ഭൂരിഭാഗവും സ്വകാര്യ അധീനതയിലാണ്. പൊതുജനപങ്കാളിത്തത്തോടെ കൂടുതല് കാവുകളെ സംരക്ഷിക്കാനുള്ള പദ്ധതികള്ക്ക് പ്രോത്സാഹനം നല്കും. ഇത്തരം ചെറു വനങ്ങളില് നിന്നും വര്ദ്ധിച്ച പാരിസ്ഥിതിക സേവനങ്ങളും പൊതുജനങ്ങള്ക്കിടയില് പാരിസ്ഥിതിക അവബോധവും സൃഷ്ടിക്കുവാന് സാധിക്കും.
3.10 കേരളത്തിലെ അവശേഷിക്കുന്ന കണ്ടല്ക്കാടുകള്ക്കും, പ്രത്യേകിച്ച് സ്വകാര്യ വ്യക്തികളുടെയും മറ്റ് വകുപ്പുകളുടെയും അധീനതയിലുള്ള കണ്ടല്ക്കാടുകള്ക്ക് വേണ്ടത്ര സംരക്ഷണം നല്കേണ്ടതുണ്ട്. ഈ സംരംഭത്തിന് തദ്ദേശ സ്വയംഭരണ വകുപ്പുമായും പൊതുസമൂഹവുമായുള്ള സഹകരണം അത്യന്താപേക്ഷിതമാണ്. ജനപങ്കാളിത്തത്തോടെ സംരക്ഷിക്കുന്നതിനായി പാരിസ്ഥിതിക പ്രാധ്യാന്യം ഉള്ള സ്വകാര്യ ഉടമസ്ഥതയിലുള്ള കണ്ടല്ക്കാടുകള് ഉടമസ്ഥരുടെ സമ്മതത്തോടുകൂടി അര്ഹമായ നഷ്ടപരിഹാരം നല്കി ഏറ്റെടുക്കാന് നടപടി സ്വീകരിക്കും. ഇപ്രകാരം വനവിസ്തൃതി വര്ദ്ധനവും, അതിദ്രുതം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കണ്ടല്ക്കാടുകളുടെ പുനരുജ്ജീവവും സാധ്യമാകും.
3.11 കേരളത്തിലെ പഞ്ചായത്തുകള് ڇകാര്ബണ് ന്യൂട്രല്ڈ ആകുന്നതിന് വൃക്ഷവല്ക്കരണം ആവശ്യമാണ്. ആയതിലേക്ക് തദ്ദേശ സ്വയം ഭരണ വകുപ്പ്, കുടുംബശ്രീ, വനസംരക്ഷണ സമിതികള്/ ഇക്കോ ഡെവലപ്പ്മെന്റ് കമ്മറ്റികള്, സ്വയം സഹായ സംഘങ്ങള് തുടങ്ങിയവയുടെ സേവനം ഉപയോഗപ്പെടുത്തും. ഇത് വ്യാപകമായ തൊഴില് ദിനങ്ങള് സൃഷ്ടിക്കും.
3.12 ഒരോ പ്രദേശത്തിന്റെയും സവിശേഷതകള്ക്കനുസരിച്ചുള്ള വൃക്ഷങ്ങളായിരിക്കും സ്വഭാവിക വനങ്ങളുടെ പുനഃസ്ഥാപനത്തിന് സര്ക്കാര് പ്രോത്സാഹിപ്പിക്കുക. ചെമ്മണ്ണ്, വെട്ടുകല്ല് തുടങ്ങിയവയുള്ള പ്രദേശങ്ങളില് ഇരുള്, കരിമരുത്, മാവ്, പ്ലാവ്, ഞാവല്, കാഞ്ഞിരം, അത്തി, ആല് എന്നീ മരങ്ങളായിരിക്കും പ്രോത്സാഹിപ്പിക്കുക. എക്കല് നിറഞ്ഞ സമുദ്രതീരങ്ങളില് പൂവരശ്, വാക, തെങ്ങ്, വേലിപ്പരുത്തി, നോനി, കുടംപുളി എന്നിവയും പ്രോത്സാഹിപ്പിക്കും. പുഴ, നദി തീരങ്ങളില് നാങ്ക്, വെണ്കട്ട, വെട്ടി, പുന്ന, കാര, അമ്പയം, വെണ്തേക്ക്, കിളിമരം, അത്തി, പൂവം, ആറ്റുവഞ്ചി എന്നീ മരങ്ങള്ക്കായിരിക്കും പ്രാധാന്യം നല്കുക. സമതല പ്രദേശങ്ങളില് അശോകം, ആര്യവേപ്പ്, കുടംപുളി, പതിമുഖം, മന്ദാരം, കണിക്കൊന്ന, മുള, പേര, അയണി, ചരല്പ്പഴം. എബണി, കുടപ്പന, കിളിനാങ്ക് എന്നിവയും വെച്ചുപിടിപ്പിക്കുന്നതിന് ഇടപെടും. വെള്ളക്കെട്ടുള്ള താഴ്ന്ന പ്രദേശങ്ങളില് മണിമരുത്, നീര്മരുത്, ഒങ്ങ്, ചോലവേങ്ങ, ഞാവല്, പരമ്പരകുമ്പിള്, കടംമ്പ് എന്നിവയും പ്രോത്സാഹിപ്പിക്കും. ഉയരം കൂടിയ പ്രദേശങ്ങളിലാവട്ടെ മഴുകാഞ്ഞിരം, ഈട്ടി, കുളമാവ്, വാലി, മരോട്ടി, വയണ, ചോലപ്പൂവം, പൂശിപ്പഴം, വലിയവെള്ളപ്പന്, ചെങ്കുറിഞ്ഞി, എണ്ണപ്പയിന്, കുന്തിരിക്കം, നിറമ്പാലി, കൊണ്ടപ്പന എന്നിവയായിരിക്കും. ഇത്തരത്തിലുള്ള മരങ്ങളെ അതാത് പ്രദേശത്തിന്റെ സവിശേഷതകള്ക്കനുസരിച്ച് വ്യാപിപ്പിക്കുന്നതിനുള്ള നടപടിയായിരിക്കും സ്വീകരിക്കുക.
3.13 കടല്ക്ഷോഭത്തില് നിന്നും തീരപ്രദേശത്തെ സംരക്ഷിക്കുന്നതിനുള്ള സുസ്ഥിരമാര്ഗ്ഗങ്ങള് നടപ്പിലാക്കുന്നതാണ്. ഇതിന്റെ ഭാഗമായി തീരദേശ ജനതയുടെ പൂര്ണ്ണ പങ്കാളിത്തത്തോടുകൂടി തീരപ്രദേശത്തിന് അനുയോജ്യമായ
സസ്യങ്ങള് വച്ചു പിടിപ്പിച്ച് തീരവനം നിര്മ്മിക്കും. ഈ പ്രവര്ത്തനങ്ങള്
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടും നേതൃത്വത്തിലും കൂടി തൊഴിലുറപ്പു പദ്ധതി മുഖേനയും കാര്യക്ഷമമായി നടത്തുവാന്
കഴിയും.
3.14 നദികളുടെയും റിസര്വോയറുകളുടെയും വൃഷ്ടിപ്രദേശങ്ങളില് മണ്ണൊലിപ്പ് തടയുന്നതിനായി അനുയോജ്യമായ വൃക്ഷതൈകള്, മുള, ഈറ്റ തുടങ്ങിയവ പൊതുജനപങ്കാളിത്തത്തോടെ നട്ടുപിടിപ്പിക്കുകയും ഇതിനാവശ്യമായ വൃക്ഷതൈകള് തൊഴിലുറപ്പ് പദ്ധതി മുഖേനയും, വനംവകുപ്പിന്റെ സാമൂഹ്യ വനവത്കരണ വിഭാഗം മുഖേനയും ഉല്പാദിപ്പിച്ച് യഥാസമയം വിതരണം ചെയ്യുന്നതാണ്.
3.15 വിദ്യാലയങ്ങളിലും നഗരങ്ങളിലും മറ്റും ചെറുവനങ്ങള് നട്ടുപിടിപ്പിക്കുന്ന പദ്ധതികളും കാര്ബണ് ആഗീകരണം ലക്ഷ്യമാക്കി സ്വകാര്യഭൂമിയില്
വൃക്ഷത്തൈകള് നട്ടുപിടിപ്പിക്കുവാന് പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയും വിദ്യാഭ്യാസ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് തുടങ്ങിയ മറ്റു ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെ കൂടുതല് വ്യാപിപ്പിക്കുന്നതാണ്.
3.16 പാരിസ്ഥിതിക സേവനങ്ങളുടെ വിലയിരുത്തലിന് ദീര്ഘകാലാടിസ്ഥാനത്തിലുള്ള ഗവേഷണ പദ്ധതികള് ആസൂത്രണം ചെയ്ത് നടപ്പിലാക്കും. മാനവശേഷി വികസനത്തിന് ആധുനിക രീതിയിലുള്ള പരിശീലന സൗകര്യങ്ങള്
ഉറപ്പുവരുത്തും. പാരിസ്ഥിതിക അവബോധം സൃഷ്ടിക്കുന്നതിന് അനുയോജ്യമായ കര്മ്മപരിപാടികള് നടപ്പിലാക്കും.
4. സംഗ്രഹം :-
4.1 കഴിഞ്ഞ സര്ക്കാരിന്റെ കാലത്ത് പാരിസ്ഥിതിക സംരക്ഷണം ലക്ഷ്യവച്ചുകൊണ്ട് പാരിസ്ഥിതി ധവളപത്രം സംസ്ഥാന സര്ക്കാര് പ്രസിദ്ധീകരിച്ചിരുന്നു. അതില് കേരളത്തിന്റെ വിവിധ മേഖലകളില് നിലനില്ക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങള് അവതരിപ്പിച്ചിരുന്നു. അതിലെ കാഴ്ചപ്പാടുകളില് നിന്നുകൊണ്ട് വനവും അനുബന്ധ മേഖലകളും എങ്ങനെ സംരക്ഷിക്കാമെന്നത് സംബന്ധിച്ച പൊതുവായ കാഴ്ചപ്പാടാണ് ഈ നയരേഖയില് അവതരിപ്പിക്കുന്നത്.
4.2 പ്രകൃതി വിഭങ്ങളുടെ അമിത ചൂഷണവും ആവാസവ്യവസ്ഥയുടെ ശോഷണവും കൊണ്ടുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങള് മനുഷ്യരുടെ ജീവിത ഗുണനിലവാരത്തെ സാരമായി ബാധിക്കുന്നു. ആരോഗ്യകരമായ സ്വാഭാവിക പ്രകൃതി / പരിസ്ഥിതി എന്നത് സുസ്ഥിര സാമ്പത്തിക വളര്ച്ചക്കും ശ്രേയസ്കരമായ സമൂഹത്തിനും ആധാരമായ പ്രധാന ഘടകങ്ങളാണ്. ഇവ തമ്മിലുള്ള മൗലിക ബന്ധം തിരിച്ചറിഞ്ഞ് പ്രവര്ത്തിക്കുന്നത് മൂലം നാം സുസ്ഥിര വികസനത്തിലേക്ക് കൂടുതല് അടുക്കുന്നതാണ്.
4.3 നിലനില്ക്കുന്ന വനങ്ങളുടെ പാരിസ്ഥിതിക ആരോഗ്യം പല കാരണങ്ങളാല് ക്ഷയിച്ചുപോയിട്ടുണ്ട്. അവ സംരക്ഷിക്കുന്നതിനും തിരിച്ചുപിടിക്കുന്നതിനും ഉതകുന്ന പ്രവര്ത്തന പദ്ധതികള് ജനങ്ങളുടെയും പ്രത്യേകിച്ചും വനാശ്രിത സമൂഹത്തിന്റെ പങ്കാളിത്തത്തോടെ നടപ്പിലാക്കുകയും ചെയ്യുക പ്രധാനമാണ്. അത് സംബന്ധിച്ച കാഴ്ചപ്പാട് രൂപീകരിച്ച് ഇടപെടുന്ന കാര്യമാണ് ഈ രേഖയില് മുന്നോട്ടുവച്ചിട്ടുള്ളത്.
4.4 വനങ്ങളുടെ ആരോഗ്യത്തിനും നമ്മുടെ ആവാസ വ്യവസ്ഥയ്ക്കും തടസ്സമായി നില്ക്കുന്ന സസ്യ, ജന്തുജാലങ്ങളെ തിരിച്ചറിഞ്ഞ് അവയുടെ സാന്നിധ്യം ഇല്ലാതാക്കുന്നതിനുതകുന്ന കാഴ്ചപ്പാടാണ് ഇതില് വിശദീകരിക്കുന്നത്. അതോടൊപ്പം ഏതെല്ലാം തരത്തിലുള്ള ജീവജാലങ്ങളാണ് ഒരോ ആവാസവ്യവസ്ഥയ്ക്കും ഗുണപരമായിട്ടുള്ളതെന്ന് പരിശോധിച്ച് അവ വ്യാപിക്കുന്നതിനുള്ള പ്രവര്ത്തനങ്ങളും മുന്നോട്ടുവയ്ക്കുന്നു.
4.5 വനപ്രദേശങ്ങള് എന്ന നിലയില് നാം വിഭാവനം ചെയ്യുന്ന ഇടങ്ങളില് മാത്രമല്ല, നമ്മുടെ ആവാസ വ്യവസ്ഥയെ ദുര്ബലപ്പെടുത്തുന്ന തരത്തില് നിലനില്ക്കുന്ന സസ്യജാലങ്ങളെ പിഴുതുമാറ്റുന്ന പ്രക്രിയയായി ഇത് മാറുന്നു. പകരം നമ്മുടെ വനപ്രദേശങ്ങളെയും ആവാസ വ്യവസ്ഥയെയും സംരക്ഷിക്കുന്ന സസ്യജാലങ്ങളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്ന പ്രക്രിയയായി മാറുന്നു. ഒപ്പം ആവാസവ്യവസ്ഥയ്ക്ക് സൗഹാര്ദ്ദപരമായി നില്ക്കുന്ന സസ്യജാലങ്ങളെ സ്ഥാപിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള പ്രവര്ത്തനമായി തീരുകയും ചെയ്യുന്നു.
4.6 പാരിസ്ഥിതിക സുരക്ഷ ഉറപ്പാക്കിയും ജീവനോപാധികള് സംരക്ഷിച്ചുകൊണ്ടും സുസ്ഥിര വികസനം യാഥാര്ത്ഥ്യമാക്കുന്നതിന് വനം വകുപ്പ് മാത്രമല്ല, തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്, മറ്റു വിവിധ വകുപ്പുകള്, സര്ക്കാര് ഇതരസംവിധാനങ്ങള്, വാണിജ്യ കൂട്ടായ്മകള്, വിദ്യാര്ത്ഥികള്, പൊതുജനങ്ങള്, സന്നദ്ധസംഘടനകള് തുടങ്ങിയവ പരസ്പര പൂരകങ്ങളായി വര്ത്തിക്കണം. വന പുനസ്ഥാപനം അടിസ്ഥാനമായിട്ടുള്ള സുസ്ഥിര
വികസനത്തിന്, ഭൂവിഭാഗത്തിനാകെ അനുയോജ്യമായ പ്ലാന് ബന്ധപ്പെട്ട പങ്കാളികളുടെ സഹകരണത്തോടു കൂടി തയ്യാറാക്കി നടപ്പിലാക്കുവാന് വിവക്ഷിക്കുന്നു.
4.7 ഇത്തരത്തില് വന പുന:സ്ഥാപന പ്രവര്ത്തനങ്ങള് വന്തോതില് ഏറ്റെടുക്കുന്ന ആദ്യ സംസ്ഥാനമാവുകയാണ് കേരളം. ഇത് വര്ദ്ധിച്ച
തോതിലുള്ള പാരിസ്ഥിതിക സേവനങ്ങളും, തൊഴിലവസരങ്ങളും പ്രദാനം ചെയ്യുന്നതാണ്. ഇത്തരത്തില് സാമൂഹ്യ പങ്കാളിത്തത്തോടുകൂടി നടപ്പാക്കുന്ന വന പുനസ്ഥാപന നയം കേരളത്തിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാവും. ഇത് വന പുനസ്ഥാപനത്തിനും അതുവഴി പാരിസ്ഥിതിക സംരക്ഷണത്തിനും ബഹുജനങ്ങളെ അണിനിരത്തിയുള്ള ഒരു ജനകീയ പ്രസ്ഥാനം രൂപീകരിക്കേണ്ടതിന്റെ പ്രാധാന്യവും വ്യക്തമാക്കുന്നു.
4.8 വന പ്രകൃതി സംരക്ഷണത്തിന് വനാശ്രിത സമൂഹങ്ങളെയും ബഹുജനങ്ങളെയാകമാനവും ഉള്പ്പെടുത്തിയുള്ള വലിയ മുന്നേറ്റം വിഭാവനം ചെയ്യുന്നു. അതുവഴി ഇത്തരമൊരു അവബോധം തലമുറകളിലൂടെ കൈമാറ്റം ചെയ്ത് കേരളത്തിന്റെ വന സമ്പത്ത് അതുവഴി പ്രകൃതിയെയും സംരക്ഷിക്കുന്നതിനുള്ള സമീപനമായിത്തീരും.