തിരുവനന്തപുരം > കൂനൂരിൽ വ്യോമസേനാ ഹെലികോപ്റ്റര് അപകടത്തില് അന്തരിച്ച ജൂനിയര് വാറണ്ട് ഓഫീസര് എ പ്രദീപിന്റെ ഭാര്യക്ക് സര്ക്കാര് ജോലി നൽകാൻ മന്ത്രി സഭായോഗ തീരുമാനം. ധനസഹായമായി 5 ലക്ഷം രൂപയും പ്രദീപിന്റെ അച്ഛന് ചികിത്സക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില് നിന്നും 3 ലക്ഷം രൂപയും ധനസഹായം നല്കുവാൻ തീരുമാനമായതായി മന്ത്രി കെ രാജൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
സാധാരണ നിലയില് യുദ്ധത്തിലോ യുദ്ധസമാനമായ അന്തരീക്ഷത്തിലോ മരണപ്പെടുന്ന സൈനികരുടെ ആശ്രിതര്ക്ക് ജോലി നല്കുന്നതിനുള്ള നിയമാവലിയുള്ളത്. എന്നാല് പ്രദീപിന് പ്രത്യേക പരിഗണന നല്കുവാന് സര്ക്കാര് തീരുമാനിക്കുകയായിരുന്നു. പ്രദീപ് കേരളത്തിന് നല്കിയ സേവനങ്ങള് സര്ക്കാര് വളരെ സ്നേഹത്തോടെയും അഭിമാനത്തോടെയും ഓര്ക്കുകയാണ്. 2004 ല് വ്യോമസേനയില് ജോലി ലഭിച്ചതിനു ശേഷം സേനയുടെ ഭാഗമായി വിവിധങ്ങളായ മിഷനുകളില് അംഗമായി പ്രവര്ത്തിച്ചു. അതിലുപരിയായി 2018 ല് കേരളം അഭിമുഖീകരിച്ച മഹാപ്രളയത്തില് രക്ഷാപ്രവര്ത്തനങ്ങള്ക്കായി സ്വയം സന്നദ്ധമായി സേവനമനുഷ്ടിച്ച പ്രദീപിനെ നന്ദിയോടെ സര്ക്കാര് സ്മരിക്കുകയാണെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
പ്രദീപിന്റെ കുടുംബ സ്ഥിതി ദുരിത പൂര്ണ്ണമാണ്. കുടുംബത്തിന്റെ ഏക വരുമാനദായകനായിരുന്നു അദ്ദേഹം. അച്ഛന് ദീര്ഘനാളുകളായി ചികിത്സയിലാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവിതം മുന്നോട്ടു പോവുന്നത്. ഈ സാഹചര്യങ്ങളെല്ലാം പരിഗണിച്ചാണ് പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിക്ക് ജോലി നല്കുന്നതിനും, സര്ക്കാരിന്റെ സൈനിക ക്ഷേമ നിധിയില് നിന്ന് 5 ലക്ഷം രൂപ നല്കുന്നതിനും വേണ്ടി തീരുമാനിച്ചത്. ഭാര്യക്ക് വിദ്യാഭ്യാസ യോഗ്യത അനുസരിച്ചുള്ള ജോലിയായിരിക്കും നല്കുകയെന്നും അദ്ദേഹം അറിയിച്ചു.