മറയൂർ: സി.പി.എം. ലോക്കൽ സമ്മേളനങ്ങളിലും ഏരിയാ സമ്മേളനങ്ങളിലും സി.പി.എം. ജില്ലാ കമ്മറ്റിയംഗമായിട്ടും പങ്കെടുക്കാതിരുന്ന എസ്. രാജേന്ദ്രനെ രൂക്ഷമായി വിമർശിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.എം. മണി. പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുക്കാതിരുന്നത് സംഘടനാ വിരുദ്ധമായതിനാൽ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കുമെന്നും പുറത്താക്കുമെന്നും മണി പറഞ്ഞു.
സി.പി.എം. മറയൂർ ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർട്ടിയുടെ അനുമതിയില്ലാതെ മാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നെന്ന് ആരോപിച്ച് അടിമാലി ഏരിയാ സമ്മേളനത്തിലും എസ്. രാജേന്ദ്രനെതിരെ മണി രൂക്ഷമായി പ്രതികരിച്ചിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിൽ ദേവികുളത്തെ സി.പി.എം. സ്ഥാനാർഥി എ. രാജയെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ എസ്. രാജേന്ദ്രനെതിരേ പാർട്ടി അന്വേഷണം നടക്കുകയാണ്. ജില്ലാ കമ്മിറ്റിയംഗമായ രാജേന്ദ്രൻ ഇത്തവണ ഒരു പാർട്ടി സമ്മേളനങ്ങളിലും പങ്കെടുത്തിട്ടില്ല.
എം.എം. മണിയുടെ വാക്കുകൾ
”കുടിക്കുന്നവെള്ളം മോശമാക്കിയതു പോലെയുള്ള പ്രവർത്തനമാണ് രാജേന്ദ്രൻ ചെയ്യുന്നത്. ഞാൻ ചെത്തുകാരന്റെയും രാജേന്ദ്രൻ തോട്ടംതൊഴിലാളിയുടെയും മകനാണ്. ഇപ്പോൾ ഈ സ്ഥാനത്ത് എത്തിച്ചത് സി.പി.എം. എന്ന മഹാപ്രസ്ഥാനമാണ്. എന്നെ ഒരുതവണ മന്ത്രിയാക്കി, ഇപ്പോൾ എം.എൽ.എയും. മന്ത്രിസ്ഥാനത്ത് ഇരുന്ന് നന്നായി പ്രവർത്തിച്ചവരെല്ലാം മാറിനിൽക്കാൻ പാർട്ടി പറഞ്ഞു. പുതിയവർ എത്തി. ആരെങ്കിലും എന്തെങ്കിലും പരാതി പറഞ്ഞോ? പാർട്ടിയോടു കൂറുവേണം. മൂന്നു തവണ എം.എൽ.എ., ഒരു തവണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ അലങ്കരിച്ച രാജേന്ദ്രൻ വീണ്ടും മത്സരിച്ചാൽ തോൽക്കുമെന്ന് പാർട്ടിക്ക് വ്യക്തതയുണ്ടായിരുന്നു. അതിനാൽ മാറ്റിനിർത്തി. മത്സരിച്ച സ്ഥാനാർഥിയെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന പരാതി ഉയർന്നു. കമ്മിഷനെ വെച്ചു. റിപ്പോർട്ട് ലഭിച്ചാൽ ചർച്ച ചെയ്ത് തീരുമാനമെടുക്കും.
സ്വന്തം പ്രദേശമായ മൂന്നാർ മേഖലയിലെ ഒരു സമ്മേളനത്തിൽപ്പോലും അയാൾ പങ്കെടുത്തില്ല. ആരുടെയും വകയല്ല ഈ പാർട്ടി, എം.എം. മണിയുടെതും അല്ല. പാർട്ടിയെ അപകീർത്തിപ്പെടുത്തുന്ന വിധം ഇടയ്ക്കിടെ ചില പത്രങ്ങൾക്ക് അയാൾ അഭിമുഖംനൽകും. രാജേന്ദ്രനോട് ഒന്നേ പറയാനുള്ളൂ, നിർത്തിക്കോളുക, വിട്ടുവീഴ്ചയില്ല. എല്ലാം അനുസരിച്ച് പാർട്ടിക്ക് വിധേയനായി പോയാൽ നല്ലത്. രാഷ്ട്രീയബോധം ഉണ്ടായിരുന്നു. ഇപ്പോൾ ബോധം തെറ്റിപ്പോയി. 15 വർഷം എം.എൽ.എ. ആയതിനാൽ മരിച്ചാലും എം.എൽ.എ. പെൻഷൻ കിട്ടും.
ഈ പാർട്ടി ഇതിൽ കൂടുതൽ എന്തുചെയ്യണം? എന്നിട്ട് ഒരു മാതിരി പണി കാണിക്കരുത്. വേറെ മാർഗം നോക്കുകയാണ് നല്ലത്. നടപടിയെടുത്താലും പാർട്ടിക്ക് വിധേയമായി പ്രവർത്തിക്കുന്നവർ ഇല്ലേ. പാർട്ടി സമ്മേളനങ്ങളിൽ എസ്. രാജേന്ദ്രൻ എന്താണ് പങ്കെടുക്കാത്തത് എന്ന് അണികൾ ചോദിച്ചുവോ. ചോദിക്കണം.ആർജവമുള്ള പാർട്ടിക്കാർ സമ്മേളനത്തിൽ ഇക്കാര്യം നല്ല രീതിയിൽ ചർച്ചനടത്തണം”.