കൊച്ചി> മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കിൽ ലയിപ്പിക്കുന്നതിൻ്റെ ഭാഗമായി ഭരണ സമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്ററെ നിയമിക്കുന്നത് തടയണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. ജില്ലാ ബാങ്ക് കൂട്ടിച്ചേർക്കുമ്പോൾ സർക്കാർ നിയമ ഭേദഗതിയിലൂടെ കൊണ്ടുവന്ന സഹകരണ നിയമത്തിലെ വ്യവസ്ഥകൾ കർശനമയി പാലിക്കണമെന്ന് ജസ്റ്റീസ് സതീശ് നൈനാൻ നിർദ്ദേശിച്ചു.
നിയമസഭ പാസാക്കിയ സഹകരണ നിയമഭേദഗതി നിയമത്തിലെ വ്യവസ്ഥകളുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് യു എ ലത്തീഫ് എംഎൽഎയും മറ്റും സമർപ്പിച്ച ഹർജിയിൽ കോടതി റിസർവ്വ് ബാങ്കിന് നോട്ടീസ് പുറപ്പെടുവിച്ചു.
കേന്ദ്ര സർക്കാർ കൊണ്ടുവന്ന ബാങ്കിംഗ് നിയന്ത്രണ ഭേദഗതി നിയമത്തിൻ്റെ വ്യവസ്ഥകൾക്ക് വിരുദ്ധമാണ് സംസ്ഥാന നിയമസഭ പാസാക്കിയ പുതിയ ഭേദഗതികൾ എന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.
അംഗങ്ങളുടെ മുന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ മാത്രമേ ബാങ്കിംഗ് കമ്പനികൾ മറ്റ് സ്ഥാപനങ്ങളിൽ ലയിക്കാവൂ എന്ന കേന്ദ്ര നിയമത്തിലെ വ്യവസ്ഥകൾ ഏപ്രിൽ 1ന് നടപ്പിൽ വന്നുമെന്നും മലപ്പുറം ജില്ലാ ബാങ്ക് കേരള ബാങ്കിൽ ലയിപ്പിക്കുന്നതിനെതിരെ പൊതുയോഗം പ്രമേയം പാസാക്കിയിട്ടുണ്ടന്നും ഹർജി ഭാഗം ബോധിപ്പിച്ചു.
എന്നാൽ ഓർഡിനൻസിൻ്റെ ഭരണഘടനാ സാധുത നേരത്തെ സിംഗിൾ ബഞ്ച് ശരി വച്ചിട്ടുണ്ടന്നും സിംഗിൾ ബഞ്ച് വിധിക്കെതിരായ അപ്പീലുകൾ ഡിവിഷൻ ബഞ്ചിൻ്റെ പരിഗണനയിലാണന്നും സർക്കാർ വിശദീകരിച്ചു. മലപ്പുറം ജില്ലയിലെ ഒട്ടേറെ പ്രാഥമിക സഹകരണ സംഘങ്ങൾ ലയനത്തെ അനുകൂലിച്ചിരുന്നുവെന്നും ജീവനക്കാരുടെ ഹർജിയിൽ ലയന നടപടികൾ ഉടൻ പൂർത്തിയാക്കാൻ സിംഗിൾ ബഞ്ച് നിർദ്ദേശിച്ചിരുന്നതായും സർക്കാർ വിശദീകരിച്ചു.