കൊച്ചി: ആലുവയിൽ മൊഫിയ പർവീണിൻറെആത്മഹത്യയിൽ സി.ഐക്ക് ഉത്തരവാദിത്വമുണ്ടെന്ന് ആരോപിച്ച് സമരംചെയ്ത കോൺഗ്രസ് പ്രവർത്തകർക്കെതിരെ തീവ്രവാദ ബന്ധം ആരോപിച്ച പോലീസ് റിപ്പോർട്ടിൽ നേരിട്ട് ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തിൽ റൂറൽ എസ്.പി കാർത്തിക്കിനെ മുഖ്യമന്ത്രി വിളിച്ചുവരുത്തി വിശദീകരണം തേടി.
ആലുവ ഗസ്റ്റ് ഹൗസിൽ വിളിച്ചുവരുത്തിയാണ് മുഖ്യമന്ത്രി വിശദീകരണം തേടിയത്. സംഭവത്തിൽ കേസ് ഫയലുകൾ മുഖ്യമന്ത്രി പരിശോധിക്കുകയും ചെയ്തു.കേസ് അന്വേഷിച്ച സ്പെഷ്യൽ ബ്രാഞ്ച് എസ്.പിയെയും ഡി.വൈ.എസ്.പിയെയും മുഖ്യമന്ത്രി വിളിപ്പിക്കുകയും വിശദീകരണം ചോദിക്കുകയും ചെയ്തിട്ടുണ്ട്.
ഇതിന് പിന്നാലെ ആലുവ സി.ഐ. സൈജു പോൾ അവധിയിൽ പ്രവേശിച്ചു. സംഭവത്തിൽ കസ്റ്റഡി റിപ്പോർട്ട് തയ്യാറാക്കിയതിൽ മേൽനോട്ടം വഹിക്കുന്നതിൽ സി.ഐക്ക്വീഴ്ച സംഭവിച്ചു എന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇക്കാര്യത്തിൽ റൂറൽ എസ് പി തന്നെ നേരത്തെ വിശദീകരണം ചോദിക്കുകയും ചെയ്തിരുന്നു. എന്നാൽ അവധിയിൽ പ്രവേശിച്ചിരിക്കുന്നത് ആരോഗ്യകാരണത്താലാണെന്നുംകേസുമായി ബന്ധപ്പെട്ടല്ലെന്നുമാണ് പോലീസുകാർ നൽകുന്ന വിവരം.
മൊഫിയയുടെ ആത്മഹത്യയിൽ സി.ഐക്ക് ഉത്തരവാദിത്വമുണ്ടെന്ന് ആരോപിച്ച് സമരംചെയ്ത കോൺഗ്രസ് പ്രവർത്തകരുടെ കസ്റ്റഡി റിപ്പോർട്ടിലാണ് പോലീസ് തീവ്രവാദ ബന്ധം ആരോപിച്ചത്. ഇത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. തുടർന്ന് ആലുവ എംഎൽഎ അൻവർ സാദത്ത് ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ഡിജിപി വിശദീകരണം തേടുകയും രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
Content Highlights: False allegation of terrorism links against Youth Congress workers