കൊച്ചി> സിപിഐ എം 23–-ാം പാർടി കോൺഗ്രസിനു മുന്നോടിയായുള്ള എറണാകുളം ജില്ലാ സമ്മേളനം ഇന്ന് മുതല് മൂന്ന് ദിവസങ്ങളിലായി കളമശ്ശേരിയില് നടക്കും. അഭിമന്യു നഗറില് രാവിലെ 10 ന് പോളിറ്റ് ബ്യൂറോ അംഗം മുഖ്യമന്ത്രി പിണറായി വിജയന് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.
തൊഴിലാളികളുടെ അവകാശപോരാട്ടങ്ങളുടെ മണ്ണായ കളമശേരിയിലെ ടി കെ വത്സൻ നഗറിൽ (ആശിഷ് കൺവൻഷൻ ഗ്രൗണ്ട്) സ്വാഗതസംഘം ചെയർമാൻ കെ ചന്ദ്രൻപിള്ള പതാക ഉയർത്തി. പ്രതിനിധി സമ്മേളനം ചൊവ്വ രാവിലെ 10ന് അഭിമന്യു നഗറിൽ (കളമശേരി ആശിഷ് കൺവൻഷൻ സെന്റർ) പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
പി ആർ മുരളീധരന്റെ നേതൃത്വത്തിൽ, മഹാരാജാസിലെ അഭിമന്യു സ്മൃതിമണ്ഡപത്തിൽനിന്നുള്ള ദീപശിഖാ ജാഥയും പള്ളുരുത്തിയിൽ ടി കെ വത്സൻ സ്മൃതിമണ്ഡപത്തിൽ നിന്ന് പി എം ഇസ്മയിൽ നയിച്ച പതാക ജാഥയും തിങ്കൾ വൈകിട്ട് പ്രീമിയർ കവലയിൽ സംഗമിച്ചു. തുടർന്ന് അത്ലിറ്റുകളുടെയും ചുവപ്പുസേനാ വളന്റിയർമാരുടെയും ഇരുചക്രവാഹനങ്ങളുടെയും അകമ്പടിയോടെ പൊതുസമ്മേളന നഗറിൽ എത്തി. ആവേശം വാനോളമുയർത്തിയ മുദ്രാവാക്യം വിളികൾക്കിടെ സമ്മേളനനഗരിയിൽ ചെമ്പതാക ഉയർന്നു.
മൂന്നുദിവസത്തെ പ്രതിനിധിസമ്മേളനത്തിൽ പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ വൈക്കം വിശ്വൻ, ടി എം തോമസ് ഐസക്, എം സി ജോസഫൈൻ, എ കെ ബാലൻ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ ആനത്തലവട്ടം ആനന്ദൻ, ബേബി ജോൺ, പി രാജീവ് എന്നിവരും പങ്കെടുക്കും.
മുതിർന്ന നേതാക്കളായ എം എം ലോറൻസ്, കെ എൻ രവീന്ദ്രനാഥ്, സരോജിനി ബാലാനന്ദൻ, കെ എം സുധാകരൻ എന്നിവരെ ഉദ്ഘാടനവേദിയിൽ ആദരിക്കും. ഉദ്ഘാടനത്തിനുശേഷം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 225 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.