കൊച്ചി
വിസി നിയമന വിവാദത്തിൽ ഗവർണറുടെ നിലപാട് ദുരൂഹമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഇതിനുപിന്നിൽ എന്താണെന്ന് ഗവർണറാണ് വ്യക്തമാക്കേണ്ടത്. സർക്കാർ ഒരു സമ്മർദവും ചെലുത്തിയിട്ടില്ല. ഗവർണറുമായി ഏറ്റുമുട്ടാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.
ഗവർണറുടെ ഭരണഘടനാപദവി അംഗീകരിച്ചാണ് സർക്കാർ പ്രവർത്തിക്കുന്നത്. അദ്ദേഹം ചാൻസലറായി പ്രവർത്തിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. രാഷ്ട്രീയസമ്മർദം അനുവദിക്കില്ലെന്ന് പറയുന്ന ഗവർണർ, രാഷ്ട്രീയസമ്മർദത്തിന് വിധേയമാകില്ലെന്നാണല്ലോ പ്രതീക്ഷിക്കേണ്ടത്. തെറ്റിദ്ധാരണയുണ്ടെങ്കിൽ ചർച്ച ചെയ്ത് പരിഹരിക്കണം.
വിസി നിയമനം സംബന്ധിച്ച ശുപാർശ നൽകുന്നത് സർക്കാരല്ല. അതിന് കമ്മിറ്റിയുണ്ട്. അതിൽ സർവകലാശാല, യുജിസി, സർക്കാർ പ്രതിനിധികളുണ്ട്. ഗവർണർ അംഗീകരിച്ച കമ്മിറ്റിയാണ്. വ്യത്യസ്ത അഭിപ്രായം അദ്ദേഹം പ്രകടിപ്പിച്ചിട്ടില്ല. ആ കമ്മിറ്റിയാണ് ഒരു പേര് കണ്ടെത്തിയത്. ഒരു പേര് മതിയെന്ന് ഗവർണർ പറഞ്ഞതുകൊണ്ടാണ് നൽകിയതെന്ന് കമ്മിറ്റി പറയുന്നു. മൂന്ന് പേരാണ് ഗവർണർക്ക് വേണ്ടതെങ്കിൽ അത് നൽകാമെന്നും സെർച്ച് കമ്മിറ്റി നിലപാട് എടുത്തിരുന്നു.
ഗവർണർ ഇപ്പോൾ എതിർത്തുപറയുന്നത് പിന്നീട് അദ്ദേഹത്തിന് വന്നിട്ടുള്ള എന്തോ പ്രശ്നമായിരിക്കാം, അതിന് ഗവർണറാണ് മറുപടി പറയേണ്ടതെന്നും കോടിയേരി പറഞ്ഞു.