കൊച്ചി
സഹകരണ സംഘങ്ങളിലെ അറ്റൻഡർ, സെയിൽസ്മാൻ, വാച്ച്മാൻ, സ്വീപ്പർ തസ്തികകളിലേക്കുള്ള നിയമനം റിക്രൂട്ട്മെന്റ് ബോർഡിന്റെ കീഴിലാക്കുന്ന കാര്യത്തിൽ സർക്കാർ നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി. പ്രാഥമിക സഹകരണ സംഘങ്ങളിലെ ഇത്തരം നിയമനങ്ങൾ അഴിമതിയാരോപണങ്ങൾക്ക് കാരണമാകുന്നുവെന്ന് വിലയിരുത്തിയാണ് ജസ്റ്റിസുമാരായ അലക്സാണ്ടർ തോമസ്, വിജു എബ്രഹാം എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ നിർദേശം.
സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ നിയമനം സംബന്ധിച്ച് വിശദമായ പഠനം നടത്താൻ ഉന്നതാധികാരസമിതിയെ സർക്കാർ നിയോഗിച്ചിരുന്നുവെന്നും സമിതിയുടെ റിപ്പോർട്ട് സർക്കാരിന്റെ പരിഗണനയിലാണെന്നും സഹകരണവകുപ്പ് സ്പെഷ്യൽ ഗവ. പ്ലീഡർ പി പി താജുദീൻ ബോധിപ്പിച്ചു. നിയമനരീതിയിലെ സുതാര്യതയടക്കം സമിതി വിശദമായി പരിശോധിച്ചശേഷമാണ് ശുപാർശ സമർപ്പിച്ചതെന്നും റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ അധ്യക്ഷനായുള്ള സമിതിയിൽ മാനേജ്മെന്റ് വിദഗ്ധനും അഡീഷണൽ രജിസ്ട്രാറും അംഗങ്ങളായിരുന്നുവെന്നും ഗവ. പ്ലീഡർ വിശദീകരിച്ചു. കേരള ബാങ്ക് അടക്കമുള്ള അപെക്സ് സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങൾ നേരത്തേ പിഎസ്സിക്ക് വിട്ടു. മറ്റ് സഹകരണ സ്ഥാപനങ്ങളിൽ ജൂനിയർ ക്ലർക്കുമുതൽ ഉയർന്ന തസ്തികകളിലേക്കുള്ള നിയമനം സഹകരണ റിക്രൂട്ട്മെന്റ് ബോർഡാണ് നടത്തുന്നത്. ഇത് സുതാര്യത ഉറപ്പുവരുത്തുമെന്നും അഴിമതി ആരോപണങ്ങൾക്ക് ഇടനൽകില്ലെന്നും ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു.
കോതമംഗലം പിണ്ടിമന സഹകരണ സംഘത്തിലെ വിവിധ തസ്തികകളിലേക്കള്ള നിയമനം കോടതി തടഞ്ഞിരുന്നു. സ്റ്റേ ഉത്തരവ് നീക്കണമെന്ന ഭരണസമിതിയുടെ ആവശ്യം നിരസിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. ജോയിന്റ് രജിസ്ട്രാറുടെ അന്വേഷണ റിപ്പോർട്ട് കോടതിയിൽ ഹാജരാക്കണമെന്നും ഭരണസമിതി അന്വേഷണവുമായി പൂർണമായി സഹകരിക്കണമെന്നും കോടതി നിർദേശിച്ചു.