തിരുവനന്തപുരം: കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകണമെന്നാവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു ഗവർണർ ആരിഫ് മുഹമ്മദ് ഖാന് അയച്ച കത്ത് പുറത്ത്. അക്കാദമിക് മികവ് കണക്കിലെടുത്ത് ഗോപിനാഥ് രവീന്ദ്രന് പുനർനിയമം നൽകണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഗോപിനാഥ് രവീന്ദ്രന്റെ കാലാവധി അവസാനിക്കുന്നതിന്റെ തൊട്ടുതലേ ദിവസമാണ് മന്ത്രി ഗവർണർക്ക് കത്ത് നൽകിയത്.
പുതിയ വൈസ് ചാൻസലറെ കണ്ടെത്താൻ വിജ്ഞാപന പ്രകാരം നടക്കുന്ന നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെടുന്ന കത്തിലാണ് ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകണമെന്ന നിർദേശംകൂടി മന്ത്രി വെയ്ക്കുന്നത്. ഗോപിനാഥ് രവീന്ദ്രന് കാലാവധി നീട്ടി നൽകണമെന്നു പ്രോ വൈസ് ചാൻസലർ എന്ന രീതിയിൽ നിർദേശിക്കുകയാണെന്ന് കത്തിൽ പറയുന്നു.
ഗോപിനാഥ് രവീന്ദ്രൻ വൈസ് ചാൻസലറായിരുന്ന കാലത്ത് കണ്ണൂർ സർവകലാശാലയ്ക്ക് ഒട്ടേറെ നേട്ടങ്ങളുണ്ടായതായി കത്തിൽ പറയുന്നു. അക്കാദമിക രംഗത്തടക്കം സർവകലാശാലയുടെ കീർത്തി വർധിച്ചു. നാക് അക്രഡിറ്റേഷൻ അടക്കമുള്ള നേട്ടങ്ങൾ കണ്ണൂർ സർവകലാശാലായ്ക്കുണ്ടായി. അദ്ദേഹത്തിന്റെ അക്കാദമിക രംഗത്തെ മികവ് കണക്കിലെടുത്ത് പുനർനിയമം നൽകണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
Content Highlights:Minister R Bindu send letter to Governor Arif Mohammad Khan for appoint Gopinath Raveendran as Kannur VC