തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് ഗവർണർ ചില ആശങ്കകൾ പ്രകടിപ്പിച്ചിട്ടുണ്ടെന്നും എന്നാൽ, ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനുള്ള അഭിപ്രായം മനസ്സിലാക്കാത്ത ആളല്ല ഗവർണറെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നത വിദ്യാഭ്യാസ മേഖല ഇന്നുള്ളതിൽ നിന്ന് മുന്നോട്ട്പോകണം. കൂടുതൽ ശാക്തീകരിക്കപ്പെടണമെന്ന കാര്യത്തിൽ സർക്കാരിനും ഗവർണർക്കും ഒരേ അഭിപ്രായമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
വളരെ മികവാർന്ന അക്കാദമിക് വിദഗ്ദ്ധരെ തന്നെയാണ് ഓരോ സ്ഥാപനത്തിന്റേയും തലപ്പത്ത് കൊണ്ടുവരാൻ ഈ സർക്കാർ ശ്രദ്ധിച്ചിട്ടുള്ളത്. എല്ലാ എൽഡിഎഫ് സർക്കാരുകളും ഇത്തരത്തിൽ അക്കാദമിക് മികവുള്ളവരെ സർവകലാശാലകളുടെ തലപ്പത്ത് കൊണ്ടുവന്നിട്ടുണ്ട്. ചില ഘട്ടത്തിൽ വ്യത്യസ്തമായ അനുഭവവും കേരളത്തിനുണ്ട്. 24 മണിക്കൂർ പോലും പഠിപ്പിക്കാത്തവരെ സർവകലാശയുടെ തലപ്പത്ത് ചിലർ ഇരുത്തിയിട്ടുണ്ട്. പേരുകൾ എടുത്ത് പറയാത്തത് മര്യാദയുള്ളതുകൊണ്ടാണ്. ഗവർണറുടെ കത്തിൽ വ്യാകുലപ്പെട്ടവർ മുൻകാലങ്ങൾ മറക്കേണ്ട.തങ്ങൾ നിയമിച്ച വിസിയെ അന്നത്തെ തങ്ങളുടെ ഗവർണർക്കുതന്നെ നീക്കംചെയ്യേണ്ടി വന്നതൊക്കെമറന്നതുകൊണ്ടാകും ഇത്തരം ആകുലത.
സർവകലാശാലകളിലെ നിയമനങ്ങളിൽ രാഷ്ട്രീയ ഇടപെടലിൽ കടുത്ത പ്രതിഷേധം അറിയിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. ഗവർണർ ഡിസംബർ എട്ടിന് ഒരു കത്തയച്ചിരുന്നു. ഗവർണറുടെ ഉത്കണ്ഠ സർക്കാർ അവഗണിക്കുകയല്ല ചെയ്തത്. അത് ഗൗരവത്തിലെടുത്ത്, ഉൾക്കൊണ്ട് അതേദിവസം തന്നെ സർക്കാരിന്റെ കാഴ്ചപ്പാട് അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറിയും ധനകാര്യവകുപ്പിലെ അഡീഷണൽ ചീഫ് സെക്രട്ടറിയും ഗവർണറെ കണ്ട് കത്ത് നൽകുകയും വിശദീകരിക്കുകയും ചെയ്തു. ധനകാര്യ മന്ത്രിയും അദ്ദേഹത്തെ കണ്ടു. കണ്ണൂരിലായതുകൊണ്ട് തനിക്ക് നേരിൽ കാണാൻ സാധിച്ചില്ല. ഫോണിൽ സംസാരിച്ചെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഉന്നത വിദ്യാഭ്യാസ മേഖല സംബന്ധിച്ച് ഗവർണർ നടത്തിയ നയപ്രഖ്യാപന പ്രസംഗങ്ങൾ ഉദ്ധരിച്ചുകൊണ്ടുള്ളഅനുനയ നീക്കമാണ് മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിൽ നിഴലിച്ചത്. എൽഡിഎഫ് തിരഞ്ഞെടുപ്പ് സമയത്ത്ഉന്നതവിദ്യാഭ്യാസ മേഖല ശാക്തീകരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ചിരുന്നു. ഇതുസംബന്ധിച്ച് എൽഡിഎഫ് പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾ മുഖ്യമന്ത്രി ആവർത്തിച്ചു.
ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഒട്ടേറെ ദൗർബല്യങ്ങളും കുറവുകളുമുണ്ടെന്ന് ജനങ്ങളോട് തുറന്നുപറഞ്ഞാണ് എൽഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. കാലാനുസൃതമായ പുരോഗതി ഉന്നത വിദ്യാഭ്യാസമേഖലയിൽ ഉണ്ടായിരുന്നില്ല. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിച്ച് ഇതിൽ മാറ്റംവരുത്താൻ ശ്രമിച്ചു. കേരളത്തെഗുണമേന്മയുള്ള വിദ്യാഭ്യാസ ഹബ്ബാക്കുമെന്നതടക്കമാണ് ഈ സർക്കാരിന്റെ പ്രകടനപത്രികയിൽ പറഞ്ഞിട്ടുള്ളത്.
ഉന്നത വിദ്യാഭ്യാസ മേഖല സംബന്ധിച്ചുള്ള സർക്കാരിന്റെ കാഴ്ചപ്പാട് ഗവർണർ നയപ്രഖ്യാപനത്തിൽ പറഞ്ഞിട്ടുള്ളതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്നുള്ളതിൽ നിന്ന് മെച്ചപ്പെടണമെന്ന നിലപാടാണ് സർക്കാരിനും ഗവർണർക്കുമുള്ളത്. അവപ്രയോഗത്തിൽ കൊണ്ടുവരുമ്പോൾ ചില അഭിപ്രായ വ്യത്യാസങ്ങൾഉണ്ടായെന്നുവരാം. ഇങ്ങനെയുള്ള സാഹചര്യത്തിൽ അത് ചർച്ചചെയ്ത് പരിഹരിക്കുകയാണ് ചെയ്യേണ്ടത്.
ഗവർണറും സർക്കാരും തമ്മിൽ കത്തിലൂടെയും നേരിട്ടും പലഘട്ടത്തിലും ആശയവിനിമയം നടത്താറുണ്ട്. ഭരണതലത്തിൽ ഉണ്ടാകാറുള്ള സാധാരണ പ്രക്രിയയാണ് അത്. ഇതിൽനിന്ന് വ്യത്യസ്തമായ ചില കാര്യങ്ങൾ സംഭവിച്ചു. ചാൻസിലർ കൂടിയായ ഗവർണറുടെ ചില പ്രതികരണങ്ങൾ വലിയ തോതിൽ തെറ്റിദ്ധരിപ്പിക്കുംവിധം മാധ്യമങ്ങളിൽ വാർത്തയായി. ഇത്തരമൊരു ഘട്ടത്തിൽ പൊതുജനങ്ങൾക്ക് മുന്നിൽ വ്യക്തത വരുത്തേണ്ടത്സർക്കാരിന്റെ കടമയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ചാൻസിലറുടെ അധികാരം സർക്കാർ ഒരിക്കലും കവർന്നെടുക്കാൻ ശ്രമിച്ചിട്ടില്ല. ഇനിയൊരിക്കലും അതുണ്ടാകുകയുമില്ല. ഇക്കാര്യംഉറപ്പുനൽകുകയാണ്. ചാൻസിലറുടെ സ്ഥാനത്തുനിന്ന് മാറരുതെന്നാണ് ഗവർണറോട് അഭ്യർഥിക്കാനുള്ളത്. ഗവർണർ പരസ്യമായി പ്രതികരിച്ചതുകൊണ്ട് മാത്രമാണ് ഇക്കാര്യം വാർത്താസമ്മേളനം നടത്തി പറയേണ്ടി വന്നത്. അല്ലെങ്കിൽ വ്യക്തിപരമായി പറഞ്ഞ് തീർക്കേണ്ടതായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.