പ്രദീപ് പഠിച്ച പുത്തൂർ സർക്കാർ സ്കൂളിലേക്കാണ് മൃതദേഹം ആദ്യം എത്തിച്ചത്. ഇവിടെ പൊതുദർശനത്തിന് വെച്ച ശേഷം മൃതദേഹം പ്രദീപിന്റെ വീട്ടിലേക്ക് എത്തിച്ചത്. സംസ്കാര ചടങ്ങുകൾക്ക് മുൻപായി പ്രദീപിൻ്റെ യൂണിഫോം സേന കുടുംബത്തിന് കൈമാറി. കേരള പോലീസിൻ്റെ ഗാർഡ് ഓഫ് ഓണറിന് പിന്നാലെ വ്യോമസേന ഗാർഡ് ഓഫ് ഓർണർ ആദരം അർപ്പിച്ചു.
സുലൂർ വ്യോമതാവളത്തിൽ നിന്ന് വിലാപ യാത്രയായിട്ടാണ് മൃതദേഹം ജന്മനാടായ തൃശൂർ പൊന്നൂക്കരയിൽ എത്തിച്ചത്. ഉച്ചയ്ക്ക് 13.30യ്ക്ക് വിലാപയാത്ര വാളയാർ അതിർത്തിയിൽ എത്തിയപ്പോൾ മന്ത്രിമാരായ കെ കൃഷ്ണൻകുട്ടി, കെ രാജൻ, കെ രാധാകൃഷ്ണൻ എന്നിവർ അന്തിമോപചാരം അർപ്പിച്ചു.
സംയുക്ത സൈനിക മേധാവി ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ട ഹെലികോപ്റ്റർ ദുരന്തത്തിലാണ് പ്രദീപ് മരിച്ചത്. ഹെലികോപ്ടറിൻ്റെ ഫ്ലൈറ്റ് ഗണ്ണർ ആയിരുന്നു പ്രദീപ്. 2004ൽ സൈന്യത്തിൽ ചേർന്ന പ്രദീപ് പിന്നീട് എയർ ക്രൂ ആയി തെരഞ്ഞെടുക്കപ്പെടുകയും രാജ്യത്തിൻ്റെ വിവിധയിടങ്ങളിൽ ജോലി ചെയ്യുകയും ചെയ്തു. ഛത്തീസ്ഗഢിലെ മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള ഓപ്പറേഷനിലും അദ്ദേഹം പങ്കെടുത്തിരുന്നു.
കുറച്ച് നാള്‍ മുമ്പ് മകന്‍റെ പിറന്നാൾ ആഘോഷത്തിനും, അച്ഛന്‍റെ ചികിത്സാ ആവശ്യത്തിനുമായി പ്രദീപ് നാട്ടില്‍ എത്തിയിരുന്നു. ഇവിടെ നിന്ന് മടങ്ങി ജോലിയില്‍ പ്രവേശിച്ച് നാലാം ദിവസമായിരുന്നു അപകടം. 2018ൽ കേരളം പ്രളയത്തെ അഭിമുഖീകരിച്ചപ്പോൾ കോയമ്പത്തൂർ വ്യോമസേന താവളത്തിൽ നിന്നും രക്ഷാ പ്രവർത്തനങ്ങൾക്കായി പുറപ്പെട്ട ഹെലികോപ്റ്റർ സംഘത്തിൽ എയർ ക്രൂ ആയി പ്രദീപ് സ്വമേധയാ ഡ്യൂട്ടി ഏറ്റെടുത്തിരുന്നു. ഒട്ടേറെ ജീവനുകൾ രക്ഷപെടുത്തുവാൻ സാധിച്ച ഈ ദൗത്യ സംഘം ഇന്ത്യൻ പ്രസിഡന്‍റിന്‍റെയും സംസ്ഥാന സർക്കാരിന്‍റെയും പ്രത്യേക പ്രശംസ നേടിയിരുന്നു. ഉത്തരാഖണ്ഡിലെ പ്രളയ ദുരിതാശ്വസ പ്രവര്‍ത്തനങ്ങളിലും പ്രദീപ് പങ്കെടുത്തിരുന്നു.