ലീഗ് എന്ന രാഷ്ട്രീയ പാർടിയിൽ നിന്നു വിട്ടു പോകുന്നവർക്കു മേൽ മതക്കുറ്റം ചുമത്തുമെന്ന് ഭീഷണി മുഴക്കി. ഇസ്ലാം മതത്തിൻ്റെ പേരിൽ ഫത്വ പ്രഖ്യാപിക്കാൻ ആരാണ് ഒരു രാഷ്ട്രീയപാർടി മാത്രമായ ലീഗിനെ ചുമതലപ്പെടുത്തിയത് എന്നറിയാൻ ആഗ്രഹമുണ്ട്. അശോകൻ ചരുവിൽ എഴുതുന്നു.
ലീഗ് മുസ്ലീം സമുദായത്തെ ഇനിയും അപമാനിക്കരുത്.
കോഴിക്കോട് കടപ്പുറത്ത് ഒത്തുകൂടി മുസ്ലീംലീഗ് അപമാനിച്ചത് സത്യത്തിൽ മുസ്ലീം സമുദായത്തെയാണ്. ഇത്രമാത്രം ദ്രോഹിക്കാൻ മതത്തിൽ വിശ്വസിച്ചും പണിയെടുത്തും ജീവിച്ചു പോരുന്ന ആ സഹാദരങ്ങൾ എന്തു തെറ്റാണ് ചെയ്തതെന്ന് ലീഗ് തുറന്നു പറയേണ്ടതുണ്ട്. സമുദായത്തിൻ്റെ പേരുപയോഗിച്ച് പ്രമാണിമാരായി അധികാരം നേടി അഴിമതി നടത്തി ഇത്രകാലവും നിങ്ങൾ തടിച്ചു കൊഴുത്തു. പ്രതിസന്ധിയിലായ എല്ലാഘട്ടത്തിലും സമുദായത്തെ തന്ത്രപരമായി കയ്യൊഴിഞ്ഞ ചരിത്രമാണ് നിങ്ങൾക്കുള്ളത്. “ഐസ്ക്രീം പാർലർ” കാലത്ത് സമുദായത്തെ ജാമ്യം നിറുത്തിയാണ് നിങ്ങൾ രക്ഷപ്പെട്ടത്.
ഏറെ കാലമായി ഇന്ത്യയിലെ മുസ്ലീമുകൾ അവരുടെ വിശ്വാസവും ജീവിതരീതികളും പിന്തുടരാൻ പെടാപ്പാട് പെടുകയാണ്. നിരവധി ഘട്ടങ്ങളിൽ അവർ വംശഹത്യക്ക് വിധേയരായി. രാജ്യത്ത് ഹിന്ദു മതരാഷ്ട്രവാദികൾ അധികാരത്തിൽ എത്തിയതു മുതൽ വലിയ മട്ടിലുള്ള ആക്രമണമാണ് ആ സമുദായം നേരിട്ടു കൊണ്ടിരിക്കുന്നത്. പൗരത്വം പോലും പ്രതിസന്ധിയിലായി. സംഘപരിവാറിൻ്റെ ആഭിമുഖ്യത്തിൽ മുസ്ലീം വിരോധവിഷം രാജ്യത്ത് പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെ വിശ്വാസവും ഭക്ഷണം വസ്ത്രം അടക്കമുള്ള ജീവിതരീതികളും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഇത്രയേറെ പ്രകോപനങ്ങൾ ഉണ്ടായിട്ടും മുസ്ലീം ജനതയുടെ ഭാഗത്തു നിന്നോ അവരുടെ ഉത്തരവാദട്ടെ മതസംഘടനകളുടെ ഭാഗത്തു നിന്നോ മോശപ്പെട്ട ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. സംസ്ഥാനത്ത് സമാധാനം നിലനിർത്താൻ മുസ്ലീം സമുദായം നൽകുന്ന ഏറ്റവു വലിയ സംഭാവനയാണ് ആ സഹനം. എന്നാൽ കഴിഞ്ഞ ദിവസം കോഴിക്കോട് കടപ്പുറത്തു വെച്ച് മതത്തിൻ്റെ പേര് വ്യാജമായി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയ പാർടിയിൽ നിന്ന് – ലീഗിൽ നിന്ന് – രാജ്യത്തിൻ്റെ അന്തസ്സത്തയായ മതേതര ജനാധിപത്യത്തിന് ഭീഷണിയുണ്ടായി. ആർ.എസ്.എസിൻ്റെ അതേ നിലവാരത്തിലേക്ക് ലീഗ് അധപ്പതിച്ചു.
എന്തൊക്കെ വൃത്തികേടുകളാണ് ലീഗ് നേതാക്കൾ അവിടെ വിളിച്ചു പറഞ്ഞത്! സംസ്ഥാന മുഖ്യമന്ത്രിയെ അദ്ദേഹത്തിൻ്റെ പിതാവ് പണിയെടുത്തു ജീവിച്ചു എന്ന “കുറ്റം” ചുമത്തി അപമാനിക്കാൻ ശ്രമിച്ചു! മതം നോക്കാതെ വിവാഹം ചെയ്ത രണ്ട് യുവമിഥുനങ്ങൾക്കുനേരെ വ്യഭിചാരക്കുറ്റം ആരോപിച്ചു. ലീഗ് എന്ന രാഷ്ട്രീയ പാർടിയിൽ നിന്നു വിട്ടു പോകുന്നവർക്കു മേൽ മതക്കുറ്റം ചുമത്തുമെന്ന് ഭീഷണി മുഴക്കി. ഇസ്ലാം മതത്തിൻ്റെ പേരിൽ ഫത്വ പ്രഖ്യാപിക്കാൻ ആരാണ് ഒരു രാഷ്ട്രീയപാർടി മാത്രമായ ലീഗിനെ ചുമതലപ്പെടുത്തിയത് എന്നറിയാൻ ആഗ്രഹമുണ്ട്. മുസ്ലീംലീഗിനെ തള്ളിക്കളയാനും ലീഗുകാരനല്ലാത്ത മുസ്ലീം എന്ന നിലക്ക് അഭിമാനിക്കാനും യുവാക്കൾ തയ്യാറാവുന്ന കാഴ്ചയുണ്ട്. ഇന്ത്യൻ സംസ്കാരത്തിൻ്റെ അവിഭാജ്യഭാഗമായ, കലക്കും സാഹിത്യത്തിനും പുരോഗതിക്കും വലിയ സംഭാവന ചെയ്ത ഈ സമൂഹം അങ്ങനെ മുന്നോട്ടു പോവുക തന്നെ ചെയ്യും.