തൃശൂര്> കൂനൂര് ഹെലികോപ്റ്റര് അപകടത്തില് മരിച്ച വ്യോമസേന ജൂനിയര് വാറന്റ് ഓഫിസര് എ പ്രദീപിന്റെ മൃതദേഹം ജന്മനാടായ തൃശൂര് പൊന്നൂക്കരയില് എത്തിച്ചു.പ്രദീപ് പഠിച്ച പുത്തൂര് ഗവണ്മെന്റ് സ്കൂളിലേക്കാണ് മൃതദേഹം ആദ്യം കൊണ്ടുവന്നത്. ഇവിടെ പൊതുദര്ശനത്തിനുവച്ചശേഷം വീട്ടിലേക്കു കൊണ്ടുപോകും.
മൃതദേഹം ശനിയാഴ്ച ഉച്ചയോടെയാണ് ഡല്ഹിയില് നിന്നും കോയമ്പത്തൂര് സുളൂര് വ്യോമസേനാ ആസ്ഥാനത്ത് എത്തിച്ചത്. തുടര്ന്ന് ജന്മനാടായ തൃശൂര് പൊന്നൂക്കരയിലേക്ക് പുറപ്പെടുകയായിരുന്നു. അന്തിമോപചാര ചടങ്ങുകള്ക്കുശേഷം പുഷ്പാലംകൃതമായ വാഹനത്തില് നിരവധി സേനാംഗങ്ങളുടെയും വാഹനങ്ങളുടെയും അകമ്പടിയോടെടെ റോഡ് മാര്ഗം തൃശൂരിലേക്ക് പുറപ്പെടുകയായിരുന്നു.
ഉച്ചയോടെ കേരള അതിര്ത്തിയായ വാളയാറില് മന്ത്രിമാരായ കെ രാധാകൃഷ്ണന്, കെ രാജന്, കെ കൃഷ്ണന്കുട്ടി, ആര് ബിന്ദു തുടങ്ങിയവരുടെ നേതൃത്വത്തില് മൃതദേഹം ഏറ്റുവാങ്ങി.
അപകടത്തില്പ്പെട്ട ഹെലികോപ്റ്ററിന്റെ ഫ്ലൈറ്റ് ഗണ്ണറായിരുന്നു പ്രദീപ്. 2004ലാണ് വ്യോമസേനയില് ചേര്ന്നത്. പിന്നീട് എയര് ക്രൂ ആയി തിരഞ്ഞെടുക്കപ്പെടുകയും കശ്മീര് ഉള്പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില് സേവനം അനുഷ്ഠിക്കുകയും ചെയ്തു.
സംസ്കാരം വൈകിട്ട് 5.30ന് തൃശൂരിലെ വീട്ടുവളപ്പില് ഔദ്യോഗിക ബഹുമതികളോടെ നടക്കും.