കണ്ണൂർ: ഭരണത്തിൽ പാർട്ടിക്കാർ അനാവശ്യ ഇടപെടൽ നടത്തരുതെന്ന് സംസ്ഥാനത്തെ സി.പി.എം പ്രവർത്തകരോട് മുഖ്യമന്ത്രി പിണറായി വിജയൻ. സി.പി.എം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബംഗാളിലേയും ത്രിപുരയിലേയും സി.പി.എം തകർച്ചകൂടി ചൂണ്ടിക്കാണിച്ചാണ് അദ്ദേഹത്തിന്റെ പരാമർശം. പോലീസ് സ്റ്റേഷനുകളിലേക്ക് അനാവശ്യമായി വിളിക്കരുത്, തദ്ദേശ സ്ഥാപനങ്ങളുടെ ഭരണത്തിൽ ഇടപെടരുത് തുടങ്ങിയ കാര്യങ്ങളാണ് പാർട്ടി പ്രവർത്തകരോട് മുഖ്യമന്ത്രി പറഞ്ഞത്.
ഉദ്ഘാടന പ്രസംഗത്തിന് ശേഷം പ്രതിനിധികളോട് ചില നിർദേശങ്ങൾ എന്ന നിലയിൽ വീണ്ടും സംസാരിക്കവേയാണ് പിണറായി ഇക്കാര്യം പറഞ്ഞത്. പാർട്ടി പ്രവർത്തകർ ഒരു വിഷയവുമായി ബന്ധപ്പെട്ടും പോലീസ് സ്റ്റേഷനുകളിലേക്ക് വിളിക്കേണ്ടതില്ല എന്ന നിർദേശം മുൻപ് പാർട്ടി നേതൃത്വത്തിന് നൽകിയിരുന്നു.
തദ്ദേശ സ്ഥാപനങ്ങളുടെ ഭരണത്തിലും ഇടപെടേണ്ടതില്ല. ഇടപെടേണ്ട സാഹചര്യമുണ്ടായാൽ അത് പാർട്ടി ഘടകത്തിൽ അറിയിച്ചാൽ മതിയെന്നാണ് നിർദേശം. പാർട്ടിക്ക് ഭരണതുടർച്ചയുണ്ടായ ബംഗാൾ, ത്രിപുര സംസ്ഥാനങ്ങളിലെ സ്ഥിതി ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. ഭരണത്തുടർച്ചയുണ്ടായ സംസ്ഥാനങ്ങളിൽ പാർട്ടി പ്രവർത്തകർ ഭരണം കയ്യാളി എന്ന ആരോപണമുണ്ടായിരുന്നു. കേരളത്തിൽ ഭരണത്തുടർച്ച ഉണ്ടായിരിക്കുന്നു. അത് നിലനിർത്താൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ബംഗാളിലേയും ത്രിപുരയിലേയും അനുഭവം ഓർമ്മിപ്പിച്ച് അദ്ദേഹം വ്യക്തമാക്കി.
Content Highlights: party workers should never interfere in governance warns cm pinarayi vijayan