കോഴിക്കോട്> മുസ്ലിം ലീഗ് റാലിയിലെ പ്രസംഗങ്ങളും മുദ്രാവാക്യങ്ങളും കേരളത്തിന്റെ സാംസ്കാരിക പ്രബുദ്ധതയെയും നവോത്ഥാന പാരമ്പര്യത്തെയും അപഹസിക്കുന്നതാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. വംശീയ വിദ്വേഷം പടർത്തുന്നതും മുഖ്യമന്ത്രിയടക്കം സിപിഐ എം നേതാക്കളെയും സ്ത്രീകളെയും എൽജിബിടി വിഭാഗങ്ങളെയും ആക്ഷേപിക്കുന്ന മുദ്രാവാക്യങ്ങളും പ്രസംഗങ്ങളുമാണുണ്ടായത്.
വർഗീയവികാരം പടർത്തി ലീഗ് നേതാക്കൾ കോഴിക്കോടിന്റെ പാരമ്പര്യത്തെയും സംസ്കാരത്തെയുമാണ് അപമാനിച്ചത്. ഇതിനെതിരെ ജനവികാരം ഉയരണം. മുഖ്യമന്ത്രിയ്ക്കുനേരെ ജാത്യാധിക്ഷേപം നടത്തുകയും മന്ത്രി മുഹമ്മദ് റിയാസിനെയും കുടുംബത്തെയും അധിക്ഷേപിക്കുകയും മുഖ്യമന്ത്രിക്കും കെ ടി ജലീലിനുമെതിരെ വധഭീഷണി മുഴക്കുകയും ചെയ്ത നേതാക്കളും പ്രവർത്തകരും വർഗീയഭ്രാന്ത് ഇളക്കിവിടുകയാണ്. ഇവർക്കെതിരെ നടപടിയെടുക്കണം.
വഖഫ് വിഷയത്തിൽ തങ്ങളുടെ നിലപാടുകൾ തുറന്നുകാണിക്കപ്പെട്ടതും മുസ്ലിം സാമുദായിക സംഘടനകൾ വിവേകപൂർണമായ സമീപനമെടുത്തതും ലീഗിനെ പ്രകോപിതരാക്കിയെന്നാണ് ഈ സംഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്. മതവികാരമിളക്കി വർഗീയമായ ചേരിതിരിവ് ഉണ്ടാക്കാമെന്നാണ് ലീഗ് കരുതിയത്. ഇതിന് സമുദായ നേതാക്കൾ കൂട്ടുനിൽക്കാഞ്ഞതോടെയാണ് ആക്രോശങ്ങളുമായി ലീഗ് തെരുവിലിറങ്ങിയത്.
സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ കല്ലായിയും കെ എം ഷാജിയും താലിബാൻ നിലപാടുകളിൽ നിന്നുകൊണ്ടാണ് സിപിഐ എമ്മിനെയും നേതാക്കളെയും ആക്ഷേപിച്ചത്. മന്ത്രി റിയാസിനെയും ജീവിതപങ്കാളിയെയും നിന്ദ്യമായ വാക്കുകളുപയോഗിച്ചാണ് ആക്ഷേപിച്ചത്. മതനിരപേക്ഷതക്കും സമൂഹമൈത്രിക്കും ആഘാതമേൽപ്പിക്കുന്ന ഇത്തരം നീക്കങ്ങളെ ജനാധിപത്യ മതനിരപേക്ഷ ശക്തികൾ ഒന്നിച്ച് പ്രതിരോധിക്കണമെന്നും സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.