വൈസ് ചാൻസലർ നിയമനങ്ങളിലടക്കം നടക്കുന്നത് രാഷ്ട്രീയ ഇടപെടലാണ്. ചാൻസലർ പദവി റദ്ദാക്കാൻ ഓർഡിനൻസ് കൊണ്ടുവന്നാൽ ഒപ്പിട്ട് നൽകുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അറിയിച്ചതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എട്ടാം തീയതിയാണ് ഇത്തരത്തിലൊരു കത്ത് ഗവർണർ നൽകിയതെന്നാണ് സൂചന.
നാല് ദിവസം മുൻപാണ് സർക്കാർ നീക്കങ്ങളിൽ അതൃപ്തി വ്യക്തമാക്കി ഗവർണർ കത്ത് നൽകിയത്. ഇതിന് പിന്നാലെ ഗവർണറെ വിശ്വാസത്തിലെടുക്കുമെന്ന് സർക്കാർ മറുപടി നൽകുകയും ചെയ്തുവെങ്കിലും ഫലമുണ്ടായില്ല. ഇതോടെ, ധനമന്ത്രിയും ചീഫ് സെക്രട്ടരിയും നേരിട്ട് ശനിയാഴ്ച രാജ്ഭവനിൽ എത്തി ഗവർണറുമായി അനുനയശ്രമം നടത്തിയെങ്കിലും കടുത്ത എതിർപ്പുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുടരുകയാണ്.
കണ്ണൂർ, കാലടി സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനങ്ങളാണ് ഗവർണർ അതൃപ്തി രൂക്ഷമാക്കിയതെന്നാണ് സൂചന. കണ്ണൂർ സർവകലാശാലയിൽ വൈസ് ചാൻസലർക്ക് പുനർനിയമനം നൽകുകയായിരുന്നു. കാലടി സർവകലാശാലയിലെ വൈസ് ചാൻസലർ സ്ഥാനം ഒഴിയാൻ നിൽക്കെ അവിടേക്ക് പുതിയ ആളെ കണ്ടെത്താൻ സെർച്ച് കമ്മിറ്റി നിയമിച്ചു. എന്നാൽ സെർച്ച് കമ്മിറ്റി ആരുടെയും പേര് മുന്നോട്ട് വയ്ക്കാത്തതിനാൽ സർക്കാർ തന്നെ ഒരു പേര് കണ്ടെത്തി ഗവർണർക്ക് അയച്ചു. ആ പേര് കണ്ടെത്തി ഗവർണർക്ക് അയച്ചുവെങ്കിലും ആ പേര് അംഗീകരിക്കാൻ തയ്യാറാകാതെ ഗവർണർ അതിന് മറുപടിയെന്നോണമാണ് ഇത്തരത്തിൽ ഒരു കത്തയച്ചത്.