തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്ണിന് താൽക്കാലികമായി 79 അധിക ബാച്ചുകൾ അനുവദിച്ചു. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം അനുസരിച്ച് സയൻസ് ബാച്ചുകളുടെ എണ്ണം 20 ആക്കിയിട്ടുണ്ട്. കോമേഴ്സിന് പത്തും ഹ്യൂമാനിറ്റീസിന് നാൽപ്പത്തൊമ്പതും അധിക ബാച്ചുകളാണ് അനുവദിച്ചിരിക്കുന്നത്.
ഉപരിപഠനത്തിന് അർഹരായ വിദ്യാർത്ഥികൾക്ക് ആവശ്യമായ സീറ്റുകൾ ഉറപ്പാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു. താലൂക്ക് അടിസ്ഥാനത്തിൽ ഉള്ള കണക്കെടുത്തതിന് ശേഷം മുഖ്യമന്ത്രിയുടെ നിർദ്ദേശമനുസരിച്ച് വിദ്യാഭ്യാസ വകുപ്പ് സീറ്റ് സംബന്ധിച്ച കാര്യങ്ങൾ വിശദമായി പരിശോധിച്ചു.
വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പരാതികളും അപേക്ഷകളും പരിഗണിച്ചു. സയൻസ് ബാച്ചുകൾ അധികം വേണമെന്ന് ആവശ്യമുയർന്നിരുന്നു. ഈ പശ്ചാത്തലങ്ങൾ എല്ലാം പരിശോധിച്ചാണ് മുഖ്യമന്ത്രിയുടെ നിർദേശം അനുസരിച്ച് മൊത്തം 79 അധിക ബാച്ചുകൾ അനുവദിക്കാൻ തീരുമാനിച്ചത്.
താത്കാലിക ബാച്ചുകൾ അനുവദിച്ച പശ്ചാത്തലത്തിൽ നിലവിലുള്ള വേക്കൻസികൾ കൂടി ഉൾപ്പെടുത്തി സ്കൂൾ കോമ്പിനേഷൻ ട്രാൻസ്ഫറിന് ഡിസംബർ 14 മുതൽ അപേക്ഷ ക്ഷണിക്കും.
Content Highlights:minister assures admission for students as extra batches added in plus one admissions