തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ ശമ്പള പരിഷ്കരണ തർക്കം അവസാനിച്ചു. സർക്കാർ ജീവനക്കാരുടെ ശമ്പള സ്കെയിലിന് തുല്യമായ വർധന നടപ്പാക്കാൻ തീരുമാനമായി. ഇതോടെ കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെ കുറഞ്ഞ അടിസ്ഥാന ശമ്പളം 23,000 ആയി ഉയർന്നു. കെ സ്വിഫ്റ്റ് ഇടതുമുന്നണി നയം ആയതിനാൽ അത് നടപ്പാക്കുമെന്നും ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. ശമ്പളപരിഷ്കരണം ഉണ്ടാക്കുന്ന ബാധ്യത പിന്നീട് കണക്കാക്കും.
മാസങ്ങളായി നീണ്ടുനിൽക്കുന്ന കെ.എസ്.ആർ.ടി.സിയിലെ ശമ്പളപരിഷ്കരണ തർക്കങ്ങൾക്കാണ് ഇതോടെ അവസാനമായിരിക്കുന്നത്. സർക്കാർ ജീവനക്കാർക്ക് തുല്യമായ ശമ്പള പരിഷ്കരണം നടപ്പാക്കാമെന്ന് സർക്കാർ സമ്മതിച്ചു. ഗതാഗതമന്ത്രി ആന്റണി രാജു ജീവനക്കാരുടെ സംഘടനകളുമായി നടത്തിയ മൂന്നുമണിക്കൂർ നീണ്ട ചർച്ചയിലാണ് തീരുമാനം. പതിനൊന്നാം ശമ്പളക്കമ്മീഷൻ ശുപാർശ ചെയ്ത കുറഞ്ഞ അടിസ്ഥാന ശമ്പളമായ 23,000 രൂപ കെ.എസ്.ആർ.ടി.സിയിലും നടപ്പാക്കും. പതിനൊന്ന് ശമ്പള സ്കെയിലുണ്ടാകും. 8,730 രൂപയിൽനിന്ന് 23,000 രൂപയായി കുറഞ്ഞ അടിസ്ഥാന ശമ്പളം ഉയർത്തുന്നതോടെസാമ്പത്തിക ബാധ്യത ഉയരും.
അടിസ്ഥാന ശമ്പളത്തിന്റെ 137 ശതമാനം ഡി.എയിൽ ലയിപ്പിക്കും. കുറഞ്ഞ എച്ച്.ആർ.എ. 1,200 രൂപയും കൂടിയത് 5,000 രൂപയുമാകും. ശമ്പള പരിഷ്കരണത്തിന് 2021 ജൂൺ മുതൽ മുൻകാലപ്രാബല്യമുണ്ടായിരിക്കും. എന്നാൽ ജൂണിന് ശേഷം വിരമിച്ചവർക്ക് മാത്രം സാമ്പത്തികനില മെച്ചപ്പെടുമ്പോൾ കുടിശ്ശിക നൽകും. ജീവനക്കാർക്ക് പുതുക്കിയ ശമ്പളം നടപ്പാക്കുന്നത് 2022 ജനുവരി മുതലാണ്. ശമ്പള പരിഷ്കരണം അംഗീകരിച്ചതോടെ കെ സ്വിഫ്റ്റിന് എതിരായ പിടിവാശി ജീവനക്കാർ ഉപേക്ഷിച്ചു.
45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് 50 ശതമാനം ശമ്പളത്തോടെ അഞ്ചുവർഷം അവധി അനുവദിക്കുന്നതടക്കം പരിഷ്കാരങ്ങൾ നടപ്പാക്കും. അന്തർസംസ്ഥാന സർവീസുകൾക്ക് ഡ്രൈവർ കം കണ്ടക്ടർ എന്ന പുതിയ കേഡറും 500 കിലോമീറ്ററിൽ കൂടുതലുള്ള സർവീസുകൾക്ക് ക്രൂ ചേഞ്ചും നടപ്പാക്കും. പെൻഷൻ വർധന ചർച്ചകൾക്കും ഡ്യൂട്ടി പരിഷ്കരണം നിയമോപദേശത്തിനും ശേഷം നടത്തുമെന്നും സർക്കാർ വ്യക്തമാക്കി.
content highlights: salary reform in ksrtc