കൊച്ചി > ചുരുളി സിനിമയിലെ ഭാഷാപ്രയോഗം അതിഭീകരമെന്ന് ഹൈക്കോടതി. സിനിമയിലെ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് കോടതിയുടെ പരാമർശം. ചിത്രം പൊതു ധാർമ്മികതയ്ക്ക് നിരക്കാത്തതാണന്നും ഒടിടിയിൽ നിന്നടക്കം നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് തൃശൂർ കോലഴി സ്വദേശിനിയായ അഭിഭാഷക പെഗ്ഗിഫെൻ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് എൻ നഗരേഷ് പരിഗണിച്ചത്.
സിനിമ സമൂഹത്തെ സ്വാധീനിക്കുന്ന കലാരൂപമാണന്നും ചുരളിയിലെ സംഭാഷണങ്ങൾ സ്ത്രീകളുടെയും കുട്ടികളുടെയും അന്തസ് കളങ്കപ്പെടുത്തുന്നതാണന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. സെൻസർ ചെയ്ത പകർപ്പല്ല ഒടിടിയിൽ പ്രദർശിപ്പിച്ചതെന്ന് കേന്ദ്ര സെൻസർ ബോർഡ് കോടതിയെ അറിയിച്ചു.
ഹർജിയിൽ കേന്ദ്ര സെൻസർ ബോർഡ്, സോണി മാനേജിങ് ഡയറക്ടർ, സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, നടൻമാരായ ജോജു ജോർജ്, ജാഫർ ഇടുക്കി എന്നിവരടക്കമുള്ളവർക്ക് കോടതി നോട്ടീസ് അയച്ചു.