തൃശൂർ: രണ്ടാഴ്ച മുൻപാണ് പുത്തൂർ പൊന്നൂക്കര സ്വദേശിയായ എ. പ്രദീപ് വീട്ടിൽ നിന്ന് ലീവ് കഴിഞ്ഞ് മടങ്ങിയത്. പിതാവിനെ ആശുപത്രിയിൽ നിന്ന് വീട്ടിൽ കൊണ്ടുവന്നാക്കി മകന്റെ ജന്മദിന കേക്കും മുറിച്ച് ഏതാനും ദിവസങ്ങൾക്കുമുമ്പ്ഈ വീട്ടിൽ നിന്നിറങ്ങിയ പ്രദീപിന്റെ മുഖമാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും മനസിൽ. ഗ്രാമത്തിലെ ഏതാവശ്യത്തിനും മുൻപന്തിയിലുണ്ടായിരുന്ന ചെറുപ്പക്കാരൻ. ധീരസൈനികന്റെ മൃതദേഹം ആദരവോടെ ഏറ്റുവാങ്ങാൻ വിങ്ങുന്ന മനസോടെ കാത്തിരിക്കുകയാണ് പൊന്നൂക്കര ഗ്രാമം.
ജനറൽ ബിപിൻ റാവത്തിനൊപ്പം ഡ്യൂട്ടിക്ക് പോകുന്ന കാര്യം ചൊവ്വാഴ്ച വൈകുന്നേരം അമ്മയോട് പ്രദീപ് പറഞ്ഞിരുന്നു. ഇന്നലെ ഉച്ചയായിട്ടും ഫോൺ വിളി എത്താത്തതിനെത്തുടർന്ന് ആശങ്കയിൽ കഴിയവെയാണ് അപകടവാർത്തയെത്തിയത്. ഉടൻ തന്നെ പ്രദീപിന്റെ സഹോദരൻ പ്രസാദ് കോയമ്പത്തൂരിലേക്ക് തിരിച്ചു. പ്രദീപിന്റെ ഭാര്യയും മക്കളും കോയമ്പത്തൂരിലായിരുന്നു. മക്കൾക്ക് പ്രായം അഞ്ചു വയസും രണ്ടുവയസും.
പുത്തൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു പ്രദീപിന്റെ പഠനം. 2004ൽ സേനയിൽ അംഗമായി. തികച്ചും സാധാരണ നിലയിലുള്ള കുടുംബം പ്രദീപ് സേനയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് കരകയറിത്തുടങ്ങിയത്. പുത്തൂരിൽ വീട് പണിയാൻ പ്ലാൻ വരെ തയ്യാറായി ഇരിക്കവെയാണ് അപകടമരണം.
2018-ലെ പ്രളയകാലത്ത് വ്യോമസേന എയർക്രൂ എന്ന നിലയിൽ പ്രദീപിന്റെ സേവനങ്ങൾ ഏറെ അഭിനന്ദനാർഹമായിരുന്നുവെന്ന് മന്ത്രി കെ. രാജൻ അനുസ്മരിച്ചു. അറിയിപ്പ് ലഭിക്കുന്നതിനനുസരിച്ച് സംസ്കാരത്തിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
Content highlights:thrissur native air force official pradeep death in helicopter crash