തിരുവനന്തപുരം: 32 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് മേൽക്കൈ. രാഷ്ട്രീയ പോരാട്ടം എന്ന വിശേഷണം യോജിക്കുന്ന ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ മൂന്നിടത്താണ് ജനം വിധിയെഴുതിയത്. മൂന്ന് സിറ്റിങ് സീറ്റുകളും എൽഡിഎഫ് നിലനിർത്തി.
കോഴിക്കോട് ജില്ലയിലെ നൻമണ്ട ഡിവിഷനിൽ സിപിഎമ്മിന്റെ റസിയ തോട്ടായി 6766 വോട്ടുകൾക്ക് കോൺഗ്രസിലെ കെ ജമീലയെ തോൽപ്പിച്ചു. കാനത്തിൽ ജമീല കൊയിലാണ്ടിയിൽ നിന്ന് നിയമസഭയിലേക്ക് വിജയിച്ചതിനാലാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്.
ആലപ്പുഴ ജില്ലയിലെ അരൂർ ഡിവിഷനിൽ നിന്ന് കെ.എസ് ദലീമ നിയമസഭയിലേക്ക് പോയ ഒഴിവിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥി അനന്തു രമേശൻ അയ്യായിരത്തിനടുത്ത് വോട്ടുകൾക്കാണ് വിജയിച്ചത്.
പാലക്കാട് ശ്രീകൃഷ്ണപുരം ഡിവിഷനിൽ സിപിഎം നേതാവ് കെ ശ്രീധരൻ മാസ്റ്ററുടെ ജയം കോൺഗ്രസിലെ പി. ഗിരീശനെ 9270 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ്. രാഷ്ട്രീയ ഏറ്റുമുട്ടൽ എന്ന് വിശേഷിപ്പിക്കാവുന്ന ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ നേടിയ ജയം സിപിഎമ്മിന് അഭിമാനിക്കാനുള്ള വക നൽകുന്നുണ്ട്.
തലസ്ഥാനമായ തിരുവനന്തപുരത്ത് ഉപതിരഞ്ഞെടുപ്പ് നടന്ന എല്ലാ വാർഡുകളിലും വിജയം സ്വന്തമാക്കിയും ഇടത് മുന്നണി കരുത്ത് കാട്ടി. നഗരസഭയിലെ വെട്ടുകാട് വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ 1490 വോട്ടുകൾക്കാണ് സിപിഎം സ്ഥാനാർഥി വിജയിച്ചത്.
ഭരണം നിലനിർത്താൻ ജയം അനിവാര്യമായിരുന്ന കൊച്ചി നഗരസഭയിലെ ഗനാധിനഗർ വാർഡിലെ ജയവും ഇടതുമുന്നണിക്ക് അഭിമാനനേട്ടമാണ്. രണ്ട് നഗരസഭകളിലും ഇടത് മുന്നണി സിറ്റിങ് സീറ്റ് നിലനിർത്തി. കോട്ടയം കാണക്കാരിയിൽ കോൺഗ്രസ് വാർഡ് പിടിച്ചെടുത്താണ് ഇടതുമുന്നണി ജയിച്ചുകയറിയത്.
Content Highlights: lsgd bypoll results 2021