തൃശ്ശൂർ: പണം മോഹിച്ചല്ല ഞാൻ അവളെ ഇഷ്ടപ്പെട്ടത്. വിദേശത്തുള്ള ജോലിപോയാലും വേണ്ടില്ല. വിദ്യയെ വിവാഹം കഴിച്ചിട്ടേ മടക്കമുള്ളൂ. വായ്പ കിട്ടാത്തതിന്റെ പേരിൽ പെങ്ങളുടെ വിവാഹം മുടങ്ങുമോ എന്ന ചിന്തയിൽ ജീവിതം അവസാനിപ്പിച്ച വിപിന്റെ വീട്ടിലെത്തിയ പ്രതിശ്രുത വരൻ നിധിന്റെ വാക്കുകളാണിത്. രണ്ടരവർഷമായി നിധിനും വിപിന്റെ സഹോദരി വിദ്യയും പ്രണയത്തിലാണ്. ഇരുവീട്ടുകാരും പറഞ്ഞുറപ്പിച്ച വിവാഹമാണ്. ഷാർജയിൽ എ.സി. മെക്കാനിക്കായ നിധിന് കോവിഡ് കാരണം നാട്ടിലേക്കുള്ള മടക്കം വൈകി. അതിനാലാണ് വിവാഹം വൈകിയത്. രണ്ടാഴ്ച മുന്പാണ് നാട്ടിലെത്തിയത്. ഞായറാഴ്ച വിവാഹം നടത്താൻ തീരുമാനിക്കുകയായിരുന്നു. സ്വത്തും പണവും വേണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും ബാങ്കിൽനിന്ന് വായ്പ ശരിയായിട്ടുണ്ടെന്നും പെങ്ങളെ വെറുംകൈയോടെ വിടാനാകില്ലെന്നുമായിരുന്നു വിപിന്റെ മറുപടി.
തിങ്കളാഴ്ച ഫോട്ടോയെടുക്കാനായി വരാൻ നിധിനോട് വിപിൻ ആവശ്യപ്പെട്ടിരുന്നു. അതുപ്രകാരം സ്റ്റുഡിയോയിൽ പോയി ഫോട്ടോ എടുത്തു. അതിനുശേഷം വിദ്യയെ ജൂവലറിയിൽ എത്തിക്കാൻ പറഞ്ഞു. ജൂവലറിയിൽ എത്തിച്ച് കയ്പമംഗലത്തെ വീട്ടിലേക്കുപോയ നിധിനെത്തേടി വിദ്യയുടടെയും അമ്മ ബേബിയുടെയും വിളിയെത്തി. ബാങ്കിൽനിന്ന് പണംവാങ്ങി വരാമെന്ന് പറഞ്ഞുപോയ വിപിൻ മടങ്ങി വന്നില്ലെന്നും ഫോൺ എടുക്കുന്നില്ലെന്നുമാണ് അറിയിച്ചത്. വിപിൻ വിളിച്ചിട്ടും ഫോണെടുത്തില്ല. നേരെ തൃശ്ശൂർ നഗരത്തിലെ കുണ്ടുവാറയിലെ വീട്ടിലെത്തിയപ്പോഴേക്കും ആത്മഹത്യ ചെയ്തെന്ന വിവരമാണ് കിട്ടിയത്.
ജനുവരി ആദ്യവാരം വിദേശത്തേക്ക് തിരിച്ചെത്തണമെന്നാണ് കന്പനി അറിയിച്ചിരിക്കുന്നത്. എന്തായാലും 41 ചടങ്ങ് കഴിഞ്ഞ് വിവാഹംകഴിച്ചേ മടക്കമുള്ളൂ. അച്ഛനില്ലാത്ത കുട്ടിയല്ലേ. ഇപ്പോൾ ആങ്ങളയുമില്ല. ഇനി ഞാനുണ്ടവൾക്ക് എല്ലാമായി- നിധിൻ പറഞ്ഞു.
തനിച്ചാവില്ല, വിപിന്റെ കുടുംബത്തിന് സഹായവുമായി അനേകംപേർ
എം.ബി. ബാബു
തൃശ്ശൂർ: പണവും സഹായവും ഇല്ലെന്ന കാരണത്താൽ വിദ്യയുടെ വിവാഹം മുടങ്ങില്ല. ധനകാര്യസ്ഥാപനം വായ്പ നിഷേധിച്ചതിനാൽ സഹോദരിയുടെ വിവാഹം മുടങ്ങുമോ എന്ന ചിന്തയിൽ ജീവിതമവസാനിപ്പിച്ച വിപിന്റെ തൃശ്ശൂർ കുണ്ടുവാറയിലെ കൊച്ചുവീട്ടിലേക്ക് ഒട്ടേറെ സഹായവും സഹകരണവും എത്തുന്നു. മാതൃഭൂമി വാർത്തയെത്തുടർന്ന് അനേകംപേരാണ് വാഗ്ദാനവുമായി എത്തിയത്. ചൊവ്വാഴ്ച വൈകീട്ട് വിപിന്റെ ശവസംസ്കാരം കഴിഞ്ഞശേഷം വീട്ടിലെത്തിയ തൃശ്ശൂരിലെ മജ്ലിസ് പാർക്ക് ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾ കുടുംബാംഗങ്ങൾക്ക് ചെക്ക് കൈമാറി.
ഒന്നര ലക്ഷം രൂപ ഉടനെയും ഒന്നര ലക്ഷം രൂപ വിവാഹത്തിനു മുന്പും ലഭിക്കും. ട്രസ്റ്റ് ചെയർമാൻ സി.എ. സലീം, ജനറൽ സെക്രട്ടറി എം.എം. അബ്ദുൽ ജബ്ബാർ, വൈസ് ചെയർമാൻ സി.എ. ഷാഹുൽ ഹമീദ്, കമ്മിറ്റി അംഗങ്ങളായ ആതിരാ റഷീദ്, എൻ.ഐ. ഇബ്രാഹിംകുട്ടി എന്നിവർ വീട്ടിലെത്തിയിരുന്നു.
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചെയർമാൻ എം.പി. അഹമ്മദ് വിദ്യയുടെ വിവാഹത്തിനായി മൂന്നുപവൻ സ്വർണം നൽകുമെന്ന് അറിയിച്ചു. തിരുവനന്തപുരത്തെ ഭീമാ ഗോൾഡിന്റെ ചെയർമാൻ ഭീമാ ഗോവിന്ദൻ ഒരു പവൻ സ്വർണവും നൽകും.
ലയൺസ് ക്ലബ്ബ് കമ്യൂണിറ്റി മാര്യേജ് പദ്ധതിയുടെ ഭാഗമായി വിദ്യയുടെ വിവാഹത്തിന്റെ തലേന്ന് ഒരു ലക്ഷം രൂപ വീട്ടിലെത്തിക്കുമെന്ന് ലയൺസ് തൃശ്ശൂർ കാബിനറ്റ് സെക്രട്ടറി എ.ആർ. രാമകൃഷ്ണൻ അറിയിച്ചു.
വിദ്യയുടെ വിവാഹച്ചെലവുകൾ പൂർണമായി വഹിക്കാൻ തയ്യാറാണെന്നും കടബാധ്യതകളുണ്ടെങ്കിൽ അക്കാര്യവും പരിഗണിക്കുമെന്നും സമർപ്പണ സാംസ്കാരികസമിതി ചെയർമാനും ബി.ജെ.പി. നേതാവുമായ അഡ്വ. ബി. ഗോപാലകൃഷ്ണൻ അറിയിച്ചു. പണമില്ലാതെ വിവാഹം മുടങ്ങുന്നവർക്കും പഠനം മുടങ്ങുന്നവർക്കും സമർപ്പണയെ സമീപിക്കാം. ബന്ധപ്പെടാനുള്ള നമ്പർ- 9447032898.
ആത്മഹത്യചെയ്ത വിപിന്റെ കുടുംബത്തിന് താങ്ങും തണലുമായി മുഴുവൻ സമയ സേവനത്തിലായിരുന്നു അയൽവാസിയും സ്ഥലം കൗൺസിലറും തൃശ്ശൂർ േകാർപ്പറേഷൻ പ്രതിപക്ഷ നേതാവുമായ രാജൻ ജെ. പല്ലൻ.