തിരുവല്ല
എല്ലാവർക്കും നല്ലതു മാത്രം ചെയ്ത ഞങ്ങളുടെ സന്ദീപിനെ വെട്ടിനുറുക്കിയ ആ കൊലയാളികളെ വിട്ടു താ…. സിപിഐ എം പെരിങ്ങര ലോക്കല്‍ സെക്രട്ടറി പി ബി സന്ദീപ്കുമാറിനെ കൊലചെയ്ത ആർഎസ്എസ് ക്രിമിനൽ സംഘത്തെ ചാത്തങ്കേരിയിൽ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോഴാണ് ദുഃഖവും രോഷവും അടക്കാനാകാതെ ഒരു നാടൊന്നാകെ ആക്രോശിച്ചത്.
സ്ത്രീകളടക്കമുള്ള ജനക്കൂട്ടം പൊലീസ് വാഹനത്തിലിരുന്ന പ്രതികള്‍ക്ക് നേരെ പലതവണ ചീറിയടുത്തു. മൂന്ന് ജീപ്പിലായാണ് ചൊവ്വ പകൽ 2ന് പ്രതികളെ അക്രമംനടന്ന സ്ഥലത്ത് എത്തിച്ചത്. ആദ്യത്തെ ജീപ്പിൽ ഒന്നും അഞ്ചും പ്രതികളും രണ്ടാമത്തെ ജീപ്പിൽ രണ്ടും മൂന്നും പ്രതികളും മൂന്നാമത്തെ ജീപ്പിൽ നാലാം പ്രതിയുമാണ് ഉണ്ടായിരുന്നത്. തിരുവല്ല ഡിവൈഎസ്പി രാജപ്പൻ റാവുത്തറുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
സന്ദീപിനെ കൊലപ്പെടുത്തിയ പാടശേഖരത്തിന് സമീപം എത്തിച്ചപ്പോള്‍ പ്രതികള്‍ പൊലീസിനോട് സംഭവം വിവരിച്ചു. സന്ദീപിന്റെ വീടിന് 300 മീറ്റർ അകലെയുള്ള പാടത്തിന് നടുവിലൂടെ പോകുന്ന റോഡിലെ കലുങ്കിനോട് ചേർന്ന ഭാഗം ഒന്നും അഞ്ചും പ്രതികൾ പൊലീസിന് ചൂണ്ടിക്കാണിച്ചു.
കൂടുതൽ വിശദീകരിക്കാന്‍ തുടങ്ങിയപ്പോഴേക്കും പ്രതിഷേധം നിയന്ത്രണാതീതമായി. ആക്രമണ സാധ്യത കണക്കിലെടുത്ത് പ്രതികളെ തിരികെ ജീപ്പിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. വീണ്ടും തെളിവെടുപ്പുണ്ടാകും.