നാദാപുരം > അസുഖബാധിതയായ യുവതി മന്ത്രവാദ ചികിത്സക്കിടയിൽ മരിച്ചു. ബന്ധുക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തു. കല്ലാച്ചി സ്വദേശിനി ചെട്ടീന്റവിട ജമാലിന്റെ ഭാര്യ നൂർജഹാൻ (44) ആണ് മരിച്ചത്. കുനിങ്ങാട് കിഴക്കയിൽ നൂർജഹാൻ മൻസിലിൽ മൂസ–കുഞ്ഞയിഷ ദമ്പതികളുടെ മകളാണ്.
മരണം മന്ത്രവാദ ചികിത്സയെ തുടർന്നാണെന്ന് നൂർജഹാന്റെ ബന്ധു ഫൈസൽ പൊലീസിൽ പരാതി നൽകി. 6 മാസങ്ങൾക്കുമുമ്പും യുവതിക്ക് രോഗം ബാധിച്ചിരുന്നു. ചർമരോഗത്തിന് നടത്തിയ അശാസ്ത്രീയമായ ചികിത്സാ രീതിയാണ് മരണത്തിനിടയാക്കിയതെന്ന് ബന്ധുക്കൾ പറയുന്നു. ജമാൽ വീട്ടിനകത്തുതന്നെ ചികിത്സ നൽകുകയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം നൂർജഹാന്റെ നില വഷളായപ്പോൾ ചികിത്സ നടത്താൻ ജമാൽ തയ്യാറാകാതെ ആലുവയിലെ മന്ത്രവാദകേന്ദ്രത്തിലേക്ക് കൊണ്ടുപോയതാണെന്ന് പരാതിയിൽ പറയുന്നു.
തിങ്കളാഴ്ച പുലർച്ചെ നാലിനാണ് രോഗബാധിതയായ നൂർജഹാനെ ജാതിയേരി കല്ലുമ്മലിലെ വാടകവീട്ടിൽനിന്ന് ആംബുലൻസിൽ ആലുവയിലെ ചികിത്സക്കായി കൊണ്ടുപോയത്. ചൊവ്വാഴ്ച പുലർച്ചെ കുഞ്ഞയിഷയോട് മരണ വാർത്ത ജമാൽ ഫോൺ ചെയ്ത് അറിയിക്കുകയായിരുന്നു.
അസ്വാഭാവിക മരണത്തിന് വളയം പൊലീസ് കേസെടുത്തു. ആലുവയിൽനിന്ന് കല്ലാച്ചിയിലേക്ക് കൊണ്ടുവരികയായിരുന്ന മൃതദേഹം പൊലീസ് നിർദേശത്തെ തുടർന്ന് വടകര മോർച്ചറിയിലേക്ക് മാറ്റി. ബുധനാഴ്ച രാവിലെ വളയം പൊലീസ് ഇൻക്വസ്റ്റ് നടപടികൾക്കുശേഷം പോസ്റ്റ് മോർട്ടം നടത്തുമെന്ന് വളയം എസ്ഐ പറഞ്ഞു. മക്കൾ: ബഷീർ, ജലീന, മാഹിറ, സാദ്ദിഖ്, പരേതനായ ഹിതായത്തുള്ള. സഹോദരങ്ങൾ: ഷാജഹാൻ, ജുബൈരിയ, ഫർസാന, ജംഷീറ.