ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് യാതൊരു മുന്നറിയിപ്പും നൽകാതെ തമിഴ്നാട് വെള്ളം തുറന്നുവിടുന്നെന്നുകാണിച്ച് സുപ്രീം കോടതയിൽ അധിക സത്യവാങ്മൂലം. ഹർജിക്കാരനായ ജോ ജോസഫാണ് സുപ്രീം കോടതിയെ സമീപിച്ചത്. അണക്കെട്ടിന്റെ സുരക്ഷ പരിശോധിക്കുന്നതിന്നടപടി സ്വീകരിക്കാൻ മേൽനോട്ടസമിതി നിർദേശിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അധിക സത്യവാങ്മൂലത്തിൽ മുല്ലപ്പെരിയാറിലെ നിലവിലെ അവസ്ഥ സംബന്ധിച്ച് ജോ ജോസഫ് വിശദീകരിച്ചിട്ടുണ്ട്. തമിഴ്നാട് ഒരു മുന്നറിയിപ്പുമില്ലാതെ സ്പിൽവേ ഷട്ടറുകളിലൂടെ വെള്ളം തുറന്നുവിടുന്നു. ഇതുകാരണം ഡാം പരിസരത്തെ വീടുകളിൽ വെള്ള കയറുകയും സമീപവാസികൾക്ക് വീടുവിട്ട് പോകേണ്ട സ്ഥിതിയുണ്ടാകുകയും ചെയ്യുന്നുവെന്നും ഭീതിജനകമായ അവസ്ഥയാണ് നിലവിലുള്ളതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
അതിനാൽ കോടതി ഇടപെട്ട് രാത്രി കാലങ്ങളിൽ ഡാം തുറക്കുന്ന തമിഴ്നാടിന്റെ പ്രവണത അവസാനിപ്പിക്കണമെന്നും ഡാമിന്റെ സുരക്ഷ സംബന്ധിച്ച കാര്യങ്ങൾ മേൽനോട്ടസമിതി ദൈനംദിനപരിശോധന നടത്തണമെന്നും സത്യവാങ്മൂലത്തിൽ ആവശ്യപ്പെടുന്നുണ്ട്.
പത്താം തീയതി മുല്ലപ്പെരിയാർ കേസ് വീണ്ടും പരിഗണിക്കുമ്പോൾ കാര്യങ്ങൾ വിശദമായി കോടതിയെ ധരിപ്പിക്കും. മുല്ലപ്പെരിയാറിലെ അവസ്ഥ സംബന്ധിച്ച് വിശദമായി കാര്യങ്ങൾ കോടതിയെ അറിയിക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നെങ്കിലും ഇതുവരെ അത്തരമൊരു നീക്കം ഉണ്ടായിട്ടില്ല. ചൊവ്വാഴ്ചയോ ബുധനാഴ്ചയോസംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു നീക്കം ഉണ്ടാകും എന്നാണ് സൂചന.
Content Highlights: tamilnadu opening mullaperiyar spillway shutters without information says jo joseph in supreme court