പൈനാവ്: മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്ന് കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കുന്നു. സെക്കൻഡിൽ 12,654 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഈ സീസണിൽ അണക്കെട്ടിൽനിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ ഏറ്റവും ഉയർന്ന അളവാണിത്. ഇതിനു പിന്നാലെ വള്ളക്കടവ്, വണ്ടിപ്പെരിയാർ മേഖലകളിൽ വീടുകളിൽ വെള്ളം കയറി.
ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച വൈകിട്ട് 8.30 മുതൽ നിലവിൽ തുറന്നിരിക്കുന്ന 9 ഷട്ടറുകൾ (V1-V9) 120 സെന്റി മീറ്റർ/ (1.20m) അധികമായി ഉയർത്തി 12654.09 ക്യുസെക്സ് ജലം പുറത്തുവിടുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചിരുന്നു. തുടർന്ന് പത്തുമണിയോടെ മൂന്ന് ഷട്ടറുകൾ(V7,V8,V9 എന്നിവ) അടച്ചു.
മന്ത്രി റോഷി അഗസ്റ്റിൻ സ്ഥലത്തെത്തി
അതേസമയം, മുല്ലപ്പെരിയാറിന്റെ ഷട്ടറുകൾ അധികമായി ഉയർത്തി കൂടുതൽ വെള്ളം ഒഴുക്കിവിടുന്ന പശ്ചാത്തലത്തിൽ ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ വള്ളക്കടവിലെത്തി. അറിയിപ്പില്ലാതെ വീണ്ടും വീണ്ടും വെള്ളം തുറന്നുവിടുന്ന നടപടി വേദനാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. താഴേക്കുള്ള സ്ഥലങ്ങളിൽ പോലീസിനെയും ഫയർഫോഴ്സിനെയും സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോടു പ്രതികരിച്ചു.
വെള്ളം കയറുന്ന പ്രദേശത്തെ മാറാൻ തയ്യാറായ ആളുകളെ മാറ്റിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ചിലർ മാറാൻ തയ്യാറായിട്ടില്ല. ക്യാമ്പുകളിലേക്ക് കൊണ്ടുപോകേണ്ട സാഹചര്യമുണ്ടായാൽ അതിനു വേണ്ട കാര്യങ്ങൾ ചെയ്യും. താൻ പ്രദേശത്തുതന്നെ ഉണ്ടാവുമെന്നും ജനങ്ങൾക്ക് ആവശ്യമായ കാര്യങ്ങൾ ചെയ്തുകൊടുക്കുമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.
റവന്യൂ മന്ത്രി കെ. രാജനുമായും ചീഫ് സെക്രട്ടറിയുമായും സംസാരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൊവ്വാഴ്ച രാവിലെ ആറുമണിക്ക് ഇടുക്കി അണക്കെട്ടിൽനിന്ന് വെള്ളം തുറന്നുവിടുമെന്നും മന്ത്രി അറിയിച്ചു.
ഇടുക്കി ഡാം തുറക്കും
ഇടുക്കി ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് ചൊവ്വഴ്ച രാവിലെ 6 മണി മുതൽ ഡാമിന്റെ ഒരു ഷട്ടർ ഉയർത്തുക.
40 സെ.മി മുതൽ 150 സെ.മി. വരെ ഉയർത്തി 40 മുതൽ 150 ക്യൂമെക്സ് വരെ നിയന്ത്രിത അളവിൽ ജലം പുറത്തേക്ക് ഒഴുക്കി വിടും. ചെറുതോണി ഡാമിന്റെ താഴെ പ്രാദേശത്തുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി കളക്ടർ അറിയിച്ചു.
content highlights:as water level rises, more water will be released from mullaperiyar dam