കേന്ദ്ര നിലപാടിനെതിരെ പറയാൻ ആർജവമില്ലാത്ത എംപിയും പ്രതിപക്ഷ നേതാവും വീട്ടിലിരുന്ന് സമരം ചെയ്യണമെന്നും എംഎം മണി പറഞ്ഞു.
ഞായറാഴ്ച രാത്രി മുന്നറിയിപ്പില്ലാതെ തമിഴ്നാട് തുറന്നിരുന്നു. ഒമ്പത് ഷട്ടറുകളാണ് തുറന്നത്. ഇതേത്തുടർന്ന് വണ്ടിപ്പെരിയാറിലെ നിരവധി വീടുകളിലാണ് വെള്ളം കയറിയത്. സെക്കന്റിൽ 5668 ഘനയടി വെള്ളമാണ് അണക്കെട്ടിൽ നിന്നും ഒഴുക്കുന്നത്. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് 1200 ഘന അടിയിൽ നിന്നും 1800 ഘന അടിയായി വർദ്ധിപ്പിച്ചിട്ടുണ്ട്.
രാത്രികാലങ്ങളിൽ മുന്നറിയിപ്പില്ലാതെ ഡാം തുറക്കരുതെന്നും പകൽ സമയത്ത് മാത്രമേ ഷട്ടർ ഉയർത്താവൂ എന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കത്തയച്ചിരുന്നു. കത്ത് നൽകിയതിനു ശേഷവും തമിഴ്നാടിൽ നിന്നും നിഷേധാത്മക സമീപനമാണ് തുടരുന്നത്.
നേരത്തെ മുല്ലപ്പെരിയാർ ഡാം അപകടാവസ്ഥയിലാണെന്ന് വ്യക്തമാക്കി എം എം മണി രംഗത്തെത്തിയിരുന്നു. വണ്ടിപ്പെരിയാറിനു മുകളിൽ ജലബോംബായി മുല്ലപ്പെരിയാർ നിൽക്കുകയാണ്. എന്തെങ്കിലും സംഭവിച്ചാൽ കേരളത്തിലുള്ളവർ വെള്ളം കുടിച്ചും തമിഴ്നാട്ടുകാർ വെള്ളം കിട്ടാതെയും മരിക്കുമെന്ന് എംഎം മണി പറഞ്ഞു. നെടുങ്കണ്ടത്ത് ഹൈറേഞ്ച് സംരക്ഷണ സമിതി സംഘടിപ്പിച്ച ഉപവാസ സമരത്തിൽ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു മണിയുടെ പരാമർശം.
ശർക്കരയും ചുണ്ണാമ്പും ഉപയോഗിച്ച് നിർമ്മിച്ച അണക്കെട്ടിന്റെ അകം കാലിയാണ്. സിമന്റും കമ്പിയും പൂശിയിട്ട് കാര്യമില്ല. അപകടാവസ്ഥയിലാണോയെന്ന് അറിയാൻ ഇനിയും അകം തുരന്നു നോക്കുന്നത് വിഡ്ഢിത്തമാണെന്ന് എംഎം മണി പറഞ്ഞു. വിഷയത്തിൽ തമിഴ്നാട് രാഷ്ട്രീയം കളിക്കുകയാണെന്നും ഇരു സംസ്ഥാനങ്ങളും ഒന്നിച്ചു തീരുമാനമെടുത്താൽ പ്രശ്നത്തിനു പരിഹാരം കാണാൻ സാധിക്കുമെന്നും മണി പറഞ്ഞു.