കൊച്ചി> ഹെലികോപ്റ്റർ അപകടമുണ്ടായപ്പോൾ രക്ഷാപ്രവർത്തനത്തിന് എത്തിയവർക്ക് നന്ദി അറിയിക്കാൻ നേരിട്ടെത്തി ലുലു ഗ്രൂപ്പ് മേധാവി എം എ യൂസഫ് അലി.
അപകടസമയത്ത് ആദ്യം ഓടിയെത്തിയ രാജേഷിന്റെ വീട്ടിലാണ് ആദ്യമെത്തിയത്. രാജേഷിനോടും പൊലീസ് ഉദ്യോഗസ്ഥയായ ഭാര്യ ബിജിയോടും അദ്ദേഹം നന്ദി പറഞ്ഞു. ഹെലികോപ്റ്ററിലുണ്ടായിരുന്ന മറ്റുള്ളവരെയും മാറ്റാൻ സഹായിച്ചതും പ്രഥമശുശ്രൂഷ നൽകിയതും രാജേഷാണ്. ബിജി ഉടൻ പൊലീസിനെയും അറിയിച്ചു. ഇരുപത് മിനിറ്റോളം രാജേഷിനും കുടുംബത്തിനുമൊപ്പം യൂസഫലി ചെലവഴിച്ചു. കൈനിറയെ സമ്മാനങ്ങളും നൽകി.
ഹെലികോപ്റ്റർ ഇടിച്ചിറക്കിയ പ്രദേശം ഇരുവർക്കുമൊപ്പം അദ്ദേഹം സന്ദർശിച്ചു. സ്ഥലത്തിന്റെ ഉടമസ്ഥൻ പീറ്ററിനെയും കണ്ടു. പീറ്ററിനും കുടുംബത്തിനുമൊപ്പം ഒരുമണിക്കൂറോളം ചെലവഴിച്ചു. സ്നേഹസമ്മാനവും കൈമാറി.
ഏപ്രിൽ പതിനൊന്നിനായിരുന്നു യൂസഫലിയും ഭാര്യയുമടക്കം ഏഴുപേർ സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത്. പനങ്ങാടുള്ള ചതുപ്പിൽ ഇടിച്ചിറക്കുകയായിരുന്നു. കടവന്ത്ര ചിലവന്നൂരിലെ വീട്ടിൽനിന്ന് നെട്ടൂരിലേക്ക് പോകുമ്പോഴായിരുന്നു അപകടം.