ചേർത്തല > എസ്എൻഡിപി യോഗം പ്രവർത്തിക്കുന്നത് സനാതനധർമത്തിന്റെ പരിപാലനത്തിനല്ല ശ്രീനാരായണ ധർമ പരിപാലനത്തിനായാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളാപ്പള്ളി നടേശന്റെ സാരഥ്യജൂബിലി സമ്മേളനവുമായി ബന്ധപ്പെട്ട് ചേർത്തല എസ്എൻ കോളേജിൽ നടന്ന ചടങ്ങിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
എസ്എൻഡിപി യോഗം സനാതനധർമത്തിനുവേണ്ടി നിലകൊള്ളുന്നു എന്ന് ആദ്യം സംസാരിച്ച കേന്ദ്രസഹമന്ത്രി വി മുരളീധരന്റെ അഭിപ്രായം ഖണ്ഡിച്ചായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കേരളത്തിന്റെ മുന്നേറ്റത്തിൽ വലിയ പങ്കുവഹിച്ച പ്രസ്ഥാനമാണ് എസ്എൻഡിപി. ശ്രീനാരായണ ധർമപരിപാലനമാണ് അത്. സനാതനധർമത്തിന് വേണ്ടിയുള്ളതല്ല. ശ്രീനാരായണ ധർമപരിപാലനം അതിനെല്ലാം മേലെയാണ്. ഈ നാട്ടിൽ മഹാഭൂരിപക്ഷത്തിനും മനുഷ്യരെ പോലെ ജീവിക്കാൻ കഴിയാതിരുന്ന ചരിത്രമുണ്ടായിരുന്നു. അവിടെയാണ് ശ്രീനാരായണഗുരു ജാതിഭേദവും മതദ്വേഷവുമില്ലാതെ ഏവരും സോദരത്വേന വാഴുന്ന നാടാക്കി കേരളത്തെ മാറ്റാനുള്ള ആഹ്വാനം നടത്തിയത്.
സവർണർക്ക് ഒരു ദൈവവും മറ്റു വിഭാഗങ്ങൾക്ക് മറ്റ് ദൈവവും എന്നതിനെയാണ് ശിവപ്രതിഷ്ഠയിലൂടെ അദേഹം പൊളിച്ചത്. ഗുരു ഒരു പ്രത്യേക ചട്ടക്കൂട്ടിൽ ഒതുങ്ങിനിന്നിരുന്നില്ല. ശിവഗിരിയിൽ എല്ലാ മതങ്ങളെയും കുറിച്ച് പഠിക്കാൻ സൗകര്യമുണ്ടാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
വെള്ളാപ്പള്ളിയുടേത് ബഹുമുഖ ഇടപെടൽ: പിണറായി
ചേർത്തല > എസ്എൻഡിപിയുടെയും എസ്എൻ ട്രസ്റ്റിന്റെയും അമരക്കാരനായി വെള്ളാപ്പള്ളി നടേശൻ കാൽനൂറ്റാണ്ട് പിന്നിടുന്നത് അസുലഭമായ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ശ്രീനാരായണഗുരു നാടിനെയും നാട്ടുകാരെയും ഉദ്ധരിക്കാനാണ് ശ്രമിച്ചത്. അതിൽനിന്ന് വേറിട്ടുനിൽക്കാൻ എസ്എൻഡിപിക്ക് ആകില്ല. എസ്എൻഡിപി യോഗത്തെ വലിയ അഭിവൃദ്ധിയിലേക്ക് നയിക്കാൻ അദ്ദേഹത്തിന്റെ നേതൃപാടവം ഇടയാക്കി.
ബഹുമുഖ തലങ്ങളിലാണ് നമ്മുടെ സാമൂഹ്യാന്തരീക്ഷത്തിൽ വെള്ളാപ്പള്ളി ഇടപെടുന്നത്. ആശയക്കുഴപ്പമില്ലാതെ നിലപാട് വ്യക്തമാക്കാൻ അദ്ദേഹത്തിന് കഴിയുന്നു. ആ ഊർജം മറ്റുള്ളവരിലേക്ക് പകർന്നുകൊടുക്കാനും കഴിയുന്നു എന്നതാണ് അദ്ദേഹത്തിന്റെയും പ്രസ്ഥാനത്തിന്റെയും വിജയരഹസ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.