കൊച്ചി : സൂപ്പർഹിറ്റ് വിജയം നേടിയ കെ ജി എഫ് ൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചു ശ്രദ്ധേയനായ ഗരുഡ റാം ആദ്യമായി മലയാള സിനിമയിൽ നായക വേഷമണിയുന്ന “സ്തംഭം 2”,ചിത്രീകരണം ഡിസംബർ മൂന്നാംവാരം പാലയിൽ ആരംഭിക്കും.
മുഴുനീള ആക്ഷൻ ചിത്രമായ് ഒരുക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് സതീഷ് പോൾ ആണ്.
ബാംഗ്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചലച്ചിത്ര നിർമ്മാണ കമ്പനിയായ ഡെക്കാൻ കിംഗ് മൂവി പ്രൊഡക്ഷൻസ് മലയാളത്തിൽ ഒരുക്കുന്ന പ്രഥമ ചിത്രം , 30 വർഷമായി ബാംഗ്ലൂരിൽ പ്രവർത്തിക്കുന്ന വ്യവസായ പ്രമുഖനും മലയാളിയുമായ ബിജു ശിവാനന്ദ് , സതീഷ് പോൾ.വി.രാജ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.
ഗരുഡ റാമിനെ കൂടാതെ നായക പ്രാധാന്യമുള്ള മറ്റൊരു കഥാപാത്രമായ് തമിഴ് കന്നട നടൻ സന്ദീപ് ഷെരാവത്ത് , മിസ് ഇന്ത്യ റണ്ണറപ്പ് ആലിയ, ബേബി അന്ന എലിസബത്ത് എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നു. തിരക്കഥ എഴുതിയിരിക്കുന്നത് പോൾ ബ്രദേഴ്സ് ആണ്. ചായാഗ്രഹണം കെ.സി. ദിവാകർ, എഡിറ്റിംഗ് ശ്രീകർ പ്രസാദ്, സംഘട്ടനം ഹരിമുരുകൻ, കലാസംവിധാനം അനിൽ, സംഗീതം ഡോ: സുരേന്ദ്രൻ എന്നിവരാണ് അണിയറയിലെ പ്രധാനികൾ.
ശക്തരായ രണ്ടു മല്ലന്മാരുടെ കഥ പറയുന്ന ചിത്രമായതുകൊണ്ടാണ് സ്തംഭം 2 എന്ന് പേരിട്ടതെന്ന് സംവിധായകൻ സതീഷ് പോൾ പറഞ്ഞു.പാല, എറണാകുളം സിനിമാവില്ലേജ് എന്നിവിടങ്ങളിലായി പൂർത്തിയാകുന്ന സ്തംഭം 2 ന്റെ പൂജ ചടങ്ങ് ബാംഗ്ലൂരിലെ ഡോക്ടർ അംബരീഷ് ഓഡിറ്റോറിയത്തിൽ നടന്നു. വിവിധ ഭാഷാചിത്രങ്ങളിൽ നിന്നുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുകയുണ്ടായി. വാർത്താവിതരണം അഞ്ജു അഷറഫ്