കണ്ണൂർ: തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണാശുപത്രിയിലെ ഭരണസമിതി തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കെ സുധാകരൻ ശ്രമിക്കുന്നുവെന്ന് മുൻ കോൺഗ്രസ് നേതാവ് മമ്പറം ദിവാകരൻ.
കള്ളവോട്ടും വ്യാജ തിരിച്ചറിയൽ കാർഡ് തുടങ്ങിയവ പരീക്ഷിച്ചുകൊണ്ടാണ് തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ കെ സുധാകരൻ ശ്രമിക്കുന്നത്. വോട്ടർമാരെ തടയുകയാണ് സുധാകരന്റെ സംഘത്തിന്റെ ലക്ഷ്യം. ജീവൻ കൊടുത്തും ഇത് തടയുമെന്നും അദ്ദേഹം പ്രതികരിച്ചു.
കഴിഞ്ഞ മുപ്പത് വർഷമായി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയുടെ ഭരണസാരഥ്യം തനിക്കാണ്. കെപിസിസി പ്രസിഡന്റ് കെ സുധാകരന് താനുമായി വ്യക്തിപരവും രാഷ്ട്രീയപരവുമായ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ കെ സുധാകരൻ തന്നെ ദ്രോഹിക്കാൻ തുടങ്ങിയിട്ട് ഒരുപാട് നാളുകളായി. 2011ലെ തിരഞ്ഞെടുപ്പ് മുതലുള്ള പ്രശ്നങ്ങളാണിത്.
തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്നോ മത്സരിക്കണമെന്നോ ഡിസിസി തന്നോട് പറഞ്ഞിട്ടില്ല. തനിക്ക് സിപിഎം പിന്തുണ ഉണ്ടെന്ന അഭ്യൂഹം ശുദ്ധ അസംബന്ധമാണെന്നും മമ്പറം ദിവാകരൻ പ്രതികരിച്ചു.
പാർട്ടി അച്ചടക്കം ലംഘിച്ചുവെന്ന് കാണിച്ച് അടുത്തിടെയാണ് മമ്പറം ദിവാകരനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയിരുന്നു. സഹകരാണാശുപത്രി ഭരണസമിതി തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പാനലിനെതിരേ ബദൽ പാനലുണ്ടാക്കിയെന്നായിരുന്നു മമ്പറത്തിനെതിരേയുള്ള ആരോപണം.
സഹകരണാശുപത്രി ഭരണം പിടിക്കാൻ യു.ഡി.എഫും നിലവിലുള്ള പ്രസിഡന്റ് മമ്പറം ദിവാകരനും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സഹകരണ ആസ്പത്രിയുടെ ദീർഘകാല പ്രസിഡന്റും കോൺഗ്രസ് നേതാവുമായ മമ്പറം ദിവാകരനും ഡി.സി.സി. നേതൃത്വവും തമ്മിലുള്ള അകൽച്ചയെ തുടർന്നാണ് ഭരണസമിതിയിലേക്ക് വോട്ടെടുപ്പ് വേണ്ടിവന്നത്. മമ്പറം ഇന്ദിരാഗാന്ധി പബ്ലിക് സ്കൂളിൽ ഞായറാഴ്ച രാവിലെ ഒൻപതുമുതൽ വൈകുന്നേരം നാലുവരെയാണ് തിരഞ്ഞെടുപ്പ്.
Content Highlights:Mambaram Divakaran alleges malpractices in Thalaserry Indira Gandhi Hospital election