അബ്ദുറബ്ബിന്റെ പ്രതികരണം ഇങ്ങനെ- ആർഎസ്എസുകാർ പ്രതികളായി വരുന്ന എല്ലാ കേസുകളിലും ആഭ്യന്തര വകുപ്പ് വൻ പരാജയമാണെന്ന് പറഞ്ഞു രംഗത്തു വരുന്നത് കെ കെ ഷാഹിനയടക്കമുള്ള ഇടത് സൈബർ പ്രൊഫൈലുകളാണ്. കൊന്നും, കൊലവിളിച്ചും നടക്കുന്ന സംഘി തീവ്രവാദികൾക്കു മുമ്പിൽ പിണറായി വിജയൻ്റെ ആഭ്യന്തര വകുപ്പ് എന്നും മുട്ടു മടക്കുക തന്നെയാണ്. കഴിഞ്ഞ അഞ്ചാറു വർഷമായി കേരളത്തിൽ ആർഎസ്സ് നടത്തിയ ഏതു കൊലപാതകങ്ങളിലാണ് പ്രതികൾ യഥാസമയം പിടികൂടപ്പെട്ടത്? കേരള പോലീസ് അന്വേഷിച്ച ഏതു കേസുകളിലാണ് അവർ അർഹിക്കുന്ന രീതിയിൽ ശിക്ഷിക്കപ്പെട്ടത്?
കഴിഞ്ഞ ദിവസം സന്ദീപ് എന്ന ഡിവൈഎഫ്ഐക്കാരൻ കൊല ചെയ്യപ്പെട്ട കേസിൽ പോലും ആർഎസ്എസിനെ രക്ഷപ്പെടുത്താനാണ് പിണറായിയുടെ പോലീസിന് അമിതമായ താൽപ്പര്യം. സഖാവ് കുഞ്ഞിരാമൻ പള്ളിക്കു കാവലിരുന്നു എന്ന് പറയുന്ന തലശ്ശേരിയിലാണ് ‘അഞ്ചു നേരം നിസ്കരിക്കാൻ, പള്ളികളൊന്നും കാണില്ല’ എന്ന് തീവ്ര മുദ്രാവാക്യങ്ങൾ വിളിച്ച് ആർഎസ്എസ് റാലി നടത്തിയത്. ആർഎസ്എസിൻ്റെ റാലിയിൽ പ്രതിഷേധിച്ചു റാലി നടത്തിയ ലീഗ് നേതാക്കൾക്കെതിരെ എത്ര പെട്ടന്നാണ് പിണറായി പോലീസ് കേസെടുത്തത്. നിരോധനാജ്ഞ ലംഘിച്ചും 300 ഓളം ആർഎസ്എസുകാരാണ് ഇന്നലെ തലശ്ശേരിയിൽ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് വീണ്ടും റാലി നടത്തിയിരിക്കുന്നത്.
144 നിലവിലിരിക്കെ നാലാൾ കൂടിയാൽ ലാത്തിയും തോക്കുമെടുക്കുന്ന പോലീസാണ് ആർഎസ്എസുകാർക്ക് റാലി നടത്താൻ സൗകര്യമൊരുക്കിക്കൊടുത്തിരിക്കുന്നത്. അതെ; ആർഎസ്എസിന് എന്തുമാവാമെന്ന സ്ഥിതി അങ്ങ് ഉത്തരേന്ത്യയിലല്ല, പിണറായി വിജയൻ്റെ കേരളത്തിലാണ്.
ശബരിമല വിഷയത്തിൽ പ്രതിഷേധിച്ചതിന് കേസിലകപ്പെട്ട ആർഎസ്എസുകാരെ വെറുതെ വിട്ട് തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച അതേ സർക്കാരാണ് പൗരത്വ ബില്ലിനെതിരെ റാലി നടത്തിയവർക്ക് എതിരെയുള്ള കേസുകൾ പിൻവലിക്കാതെ നീട്ടിക്കൊണ്ടു പോകുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് പൊള്ളയായ വാഗ്ദാനങ്ങൾ നൽകി വഞ്ചിച്ച ഇക്കൂട്ടരാണ് വഖഫ് വിഷയത്തിലും ഇപ്പോൾ കുറുക്കൻ കളിക്കുന്നത്, സത്യവിശ്വാസികളെ ഒരേ മാളത്തിൽ നിന്നും രണ്ടു തവണ പാമ്പു കടിക്കില്ലെന്ന വിശുദ്ധ വചനം എല്ലാവരെയും ഓർമ്മിപ്പിക്കുന്നു.
ആർഎസ്എസിൻ്റെ പുറം തടവുന്ന, കേരള പോലീസിനെ പോലും നിലക്കു നിർത്താൻ കഴിയാത്ത കഴിവു കെട്ട ആഭ്യന്തര മന്ത്രിയാണ് സഖാവ് പിണറായി വിജയൻ, ഇടതു സൈബർ പോരാളികൾ പോലും സത്യം തിരിച്ചറിഞ്ഞു പ്രതികരിച്ചു തുടങ്ങിയ കാലത്തും
‘പിണറായി വിജയൻ വരും, ആർഎസ്എസിൽ നിന്നും നമ്മെ രക്ഷിക്കും’ എന്നു കരുതുന്നവർ വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണ്- അബ്ദു റബ്ബ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.