ആലുവ: മൊഫിയ കേസിൽ പ്രതിരോധത്തിലായ ആലുവ പോലീസിനെതിരേ വീണ്ടും ആരോപണം. ആലുവ പോലീസ് അകാരണമായി മർദ്ദിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ സ്റ്റാഫ് അംഗവും കെ.എസ്.യു സംസ്ഥാന ഭാരവാഹിയുമായ എ.എ.അജ്മൽ ആരോപിച്ചു. രാഷ്ട്രീയ വിരോധം തീർക്കാൻ പോലീസ് ശ്രമിച്ചാൽ നേരിടുമെന്ന് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സംഘടിപ്പിച്ച മകൾക്കൊപ്പംപരിപാടിയിൽ പങ്കെടുക്കാൻ എത്തിയ മൊഫിയയുടെ പിതാവിനെ വീട്ടിൽവിട്ടശേഷം ആലുവയിൽ നിൽക്കവേയാണ് പോലീസ് അതിക്രമം ഉണ്ടായതെന്ന് അജ്മൽ ആരോപിച്ചു. രാത്രിയിൽ റോഡിൽ നിൽക്കുന്നത് എന്താണെന്ന് പോലീസ് ചോദിച്ചു. ഫോൺ ചെയ്യുകയാണെന്നും പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫാണെന്ന് അറിയിച്ചുവെങ്കിലും പോലീസ് മർദ്ദിക്കുകയായിരുന്നുവെന്നാണ് അജ്മൽ പറയുന്നത്.
കൈ ചുരുട്ടി മുഖത്തടിച്ചുവെന്നും വിവരം പറയാൻ ആലുവ എംഎൽഎ അൻവർ സാദത്തിനെ വിളിച്ചെങ്കിലും പോലീസ് ഫോൺ പിടിച്ചുവാങ്ങിയെന്നും അജ്മൽ ആരോപിച്ചു. പോലീസിന്റെ ആക്രോശം ഫോണിലൂടെ കേട്ടതായി അൻവർ സാദത്ത് എംഎൽഎയും പറഞ്ഞു. ആലുവ പോലീസിന് ഭ്രാന്ത് പിടിച്ചുവെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.
അജ്മൽ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പരാതിക്കാരന്റെ മൊഴി എടുക്കുമെന്ന് പോലീസ് വ്യക്തമാക്കി. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും.
Content Highlights:VD Satheesans staff member against Aluva police