തിരുവനന്തപുരം
കോടികൾ വിലമതിക്കുന്ന വഖഫ്ഭൂമി സംരക്ഷിക്കാൻ ശക്തമായ നടപടിക്ക് സർക്കാർ. റവന്യൂ രേഖകളിൽ ‘വഖഫ് ഭൂമി’ എന്ന് പ്രത്യേകം രേഖപ്പെടുത്താൻ വഖഫ് പ്രിൻസിപ്പൽ സെക്രട്ടറി റവന്യൂ വകുപ്പിന് ശുപാർശ നൽകി. വില്ലേജ് ഓഫീസുകളിലെ തണ്ടപ്പേർ/ബിടിആർ രജിസ്റ്ററിലും ലാൻഡ് ഇൻഫർമേഷൻ സിസ്റ്റം ആപ്ലിക്കേഷനിലും ‘വഖഫ് ഭൂമി’ എന്ന് രേഖപ്പെടുത്തും. ഇവ പരിശോധിച്ച് നടപടിയെടുക്കാൻ ലാൻഡ് റവന്യൂ കമീഷണറെ ചുമതലപ്പെടുത്തി. വഖഫ് ഭൂമി സംരക്ഷിക്കാനുള്ള സുപ്രധാന നീക്കമാണിത്.
റവന്യൂ രേഖയിൽ അടയാളപ്പെടുത്തിയാൽ പോക്കുവരവ്, നികുതി സ്വീകരിക്കൽ തുടങ്ങിയ സമയങ്ങളിൽ വഖഫ് ഭൂമിയാണെന്ന് വ്യക്തമാകും. നിലവിൽ പള്ളിക്കമ്മിറ്റികൾക്ക് നൽകുന്ന ഭൂമിയുടെ പ്രമാണത്തിൽ ‘വഖഫ്’എന്ന് രേഖപ്പെടുത്താറില്ല. ഇതിനാൽ ഭൂമി കൈമാറുന്നത് തടയാൻ പലപ്പോഴും റവന്യൂ, രജിസ്ട്രേഷൻ അധികൃതർക്ക് കഴിയാറില്ല. ഇത്തരം നൂറിലേറെ പരാതിയാണ് സർക്കാരിന് ലഭിച്ചത്. ഇവ റവന്യൂ, -വഖഫ് വകുപ്പുകളുടെ പരിശോധനയിലാണ്. വഖഫ് ട്രിബ്യൂണലിലും കേസ് നടക്കുന്നുണ്ട്.
ഭൂമി സംരക്ഷിക്കാൻ വഖഫ് ബോർഡ് പ്രത്യേക ആപ്പും തയ്യാറാക്കും.
‘ഐടി ആപ്ലിക്കേഷൻ ഫോർ വഖഫ് ലാൻഡ് മാനേജ്മെന്റ്’ എന്ന പേരിൽ ആപ് തയ്യാറാക്കാൻ ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ ചുമതലപ്പെടുത്തി.