തിരുവനന്തപുരം: തിരുവല്ലയിലെ സിപിഎം പ്രവർത്തകൻ സന്ദീപിന്റേത് അത്യന്തം ക്രൂരമായ കൊലപാതകമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സന്ദീപിന്റെ അരുകൊല ആസൂത്രിതമാണ്. ആർഎസ്എസ് ബിജെപി സംഘമാണ് കൊലപാതകത്തിന് പിന്നിലുള്ളത്. കൊലപാതക ഗൂഢാലോചന കണ്ടെത്തണം. അതിനായി ഉന്നതതല അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2016നു ശേഷം കേരളത്തിൽ സിപിഎമ്മിന്റെ 20 പ്രവർത്തകർ കൊല്ലപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. 15 പേരെ കൊലപ്പെടുത്തിയത്. ബിജെപി-ആർഎസ്എസ് സംഘമാണ്. ഇതിനകം കേരളത്തിൽ ആർഎസ്എസ്സിന്റെ കൊലക്കത്തിക്ക് ഇരയായി 215 സിപിഎം പ്രവർത്തകർ കൊലചെയ്യപ്പെട്ടിട്ടുണ്ട്. വിവിധ രാഷ്ട്രീയ കൊലപാതകങ്ങളിൽ 588 സിപിഎം പ്രവർത്തകർ കൊല്ലപ്പെട്ടു. ഇത്തരം കൊലപാതകങ്ങൾ നടത്തി സിപിഎമ്മിനെ ഇല്ലാതാക്കാമെന്നാണ് ഉദ്ദേശിക്കുന്നതെങ്കിൽ അത് കേരളത്തിൽ നടക്കുന്ന കാര്യമല്ല. കൊലയ്ക്ക് പകരം കൊല എന്നത് സിപിഎമ്മിന്റെ മുദ്രാവാക്യമല്ല.
കൊലപാതക സംഘങ്ങളെ ഒറ്റപ്പെടുത്തണം. ഇവരെ അമർച്ച ചെയ്യാൻ ജനങ്ങൾ മുന്നിട്ടിറങ്ങണം. സംസ്ഥാന വ്യാപക പ്രതിഷേധം ഉയരണം. ആർഎസ്എസ് ഉയർത്തുന്ന പ്രകോപനത്തിൽ അകപ്പെട്ടു പോകാതെ പ്രതിഷേധിക്കണം. പത്തനംതിട്ട ജില്ലയിൽ വിവിധയിടങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും കോടിയേരി അറിയിച്ചു.
മതരാഷ്ട്രം സ്ഥാപിക്കാനുള്ള ആർഎസ്എസിന്റെ ആസൂത്രിത നീക്കമാണ് രാജ്യത്ത് നടത്തുന്നത്. മുസ്ലീം, ക്രിസ്ത്യൻ, എസ്.സി. എസ്.ടി എന്നിവർക്കെതിരേയുള്ള ആക്രമണങ്ങൾ വർധിച്ചുവരികയാണ്. കഴിഞ്ഞ 9 മാസങ്ങൾക്കിടെ ക്രിസ്തീയ വിഭാഗങ്ങൾക്കെതിരേയും അവരുടെ ആരാധാനാലയങ്ങൾക്കെതിരേയും മുന്നൂറിൽപ്പരം ആക്രമണങ്ങൾ നടന്നിട്ടുണ്ട്.
പശു സംരക്ഷണം, ലൗ ജിഹാദ് എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് ഇത്തരം ആക്രമണങ്ങൾ നടക്കുന്നത്. അസ്സാമിലും ഉത്തർ പ്രദേശിലും ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ വർധിച്ചുവരികയാണ്. ഇതിനെതിരെ പ്രതിഷേധിക്കാൻ കേന്ദ്രകമ്മിറ്റി ആഹ്വാനം ചെയ്തത് പ്രകാരം ഡിസംബർ ഏഴിന് കേരളത്തിലെ ജില്ലാ-ഏരിയാ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. ന്യൂനപക്ഷ സംരക്ഷണം മുദ്രാവാക്യം ഉയർത്തിയാണ് പരിപാടി നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights:CPIM Secretary Kodiyeri Balakrishnan slams RSS-BJP Political violence in Kerala