ന്യൂഡൽഹി: മുസ്ലിം യൂത്ത് ലീഗ് നേതാവും ഉറുദു അധ്യാപകനുമായ ഹഫ്സൽ റഹ്മാന് എതിരായ പോക്സോ കേസിൽ അന്വേഷണം തുടരാൻ സുപ്രീം കോടതി ഉത്തരവിട്ടു. ഹൈക്കോടതി റദ്ദാക്കിയ എഫ്.ഐ.ആർ. സുപ്രീം കോടതി പുനഃസ്ഥാപിച്ചു. പ്രതിയും ഇരയും തമ്മിൽ ഒത്തുതീർപ്പിൽ എത്തിയതിനാൽ പോക്സോ കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിന് എതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
മലപ്പുറം ചെമ്മങ്കടവ് പി.എം.എസ്.എ.എം ഹയർ സെക്കൻഡറി സ്കൂളിലെ ഉറുദു അധ്യാപകനായിരുന്ന ഹഫ്സൽ റഹ്മാന് എതിരെ 2018 നവംബറിൽ ആണ് പോക്സോ നിയമ പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. 16 വയസ് മാത്രം പ്രായമുള്ള രണ്ട് വിദ്യാർഥിനികളെ സ്കൂളിലെ പ്രിൻസിപ്പലിന്റെ മുറിയിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിച്ചു എന്ന പരാതിയിലാണ് കേസ്. എന്നാൽ പ്രതിയുമായി ഒത്തുതീർപ്പിലെത്തി എന്ന് വ്യക്തമാക്കി ഇരകളുടെ അച്ഛനും അമ്മയും ഹൈക്കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു. ഇത് പരിഗണിച്ച ഹൈക്കോടതി കേസ് റദ്ദാക്കിയിരുന്നു.
എന്നാൽ, പോക്സോ കേസ്സുകളിൽ പ്രതിയും ഇരയും തമ്മിൽ ഒത്തുതീർപ്പിൽ എത്തിയത് കൊണ്ട് മാത്രം എഫ്.ഐ.ആർ. റദ്ദാക്കാൻ ആകില്ലെന്ന് സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ സ്റ്റാന്റിംഗ് കോൺസൽ ജി. പ്രകാശ് വാദിച്ചു. സംസ്ഥാനമാണ് കേസിലെ പ്രോസിക്യൂട്ടർ.. പോക്സോ കേസ്സുകളിൽ പ്രതിയുമായി ഇരകൾക്ക് ഒത്തുതീർപ്പിലെത്താൻ കഴിയില്ലെന്നും, ഇക്കാര്യം സുപ്രീം കോടതി തന്നെ മുൻ ഉത്തരവുകളിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടർന്നാണ് കേസിലെ എതിർ കക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചത്.