പത്തനംതിട്ട: തിരുവല്ലയിൽസി.പി.എം ലോക്കൽ സെക്രട്ടറി പി.ബി. സന്ദീപിന്റെകൊലപാതകത്തിന് പിന്നിൽ വ്യക്തിവൈരാഗ്യമാണെന്ന് പോലീസ്. പ്രധാനപ്രതി ജിഷ്ണുവിന് കൊല്ലപ്പെട്ട സന്ദീപുമായി മുൻവൈരാഗ്യം ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.ജിഷ്ണുവിന്റെ മാതാവിന് ബീവറേജസ് കോർപ്പറേഷന്റെ റം നിർമാണശാലയിൽ ഉള്ള ജോലി നഷ്ടപ്പെടുത്താൻ സന്ദീപ് ശ്രമിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസ് കരുതുന്നത്. ഈ വിഷയത്തിൽ ഇരുവരും തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നു.
പിടിയിലായ പ്രതികളെ ജില്ലാ പോലീസ് മേധാവി ഉൾപ്പടെയുള്ളവരുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്ത് വരികയാണ്. പ്രതികൾ കുറ്റം സമ്മതിച്ചതായാണ് ലഭിക്കുന്ന വിവരം.കണ്ണൂർ സ്വദേശി മുഹമ്മദ് ഫൈസൽകേസിൽ പ്രതിയാക്കപ്പെട്ടതോടെയാണ് ആസൂത്രിതമായ കൊലപാതകമാണ് എന്ന തീരുമാനത്തിലേക്ക് പോലീസെത്തിയത്. മോഷണം ഉൾപ്പടെ ആറോളം കേസുകളിൽ പ്രതിയായജിഷ്ണുവും ഫൈസലുംജയിലിൽ വെച്ചാണ് പരിചയപ്പെട്ടത്. സമീപകാലത്ത് ഇരുവരും ജയിൽ മോചിതരായിരുന്നു.
കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയതാണ് കൊലപാതകമെന്നുള്ള തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്.സന്ദീപിന്റെ വീടിന് സമീപത്തുള്ള ജനവാസ മേഖലയിൽ തന്നെയാണ് കൊലപാതകം നടന്നത്. രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. തുടർന്ന് പോലീസ് മൊബൈൽ ടവർ വിവരങ്ങൾ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.മറ്റൊരു പ്രതിയായ വേങ്ങൽ സ്വദേശിയായ അഭിയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.
സന്ദീപിനെ ആക്രമിക്കുന്നതിന് മുൻപ് സമീപത്തെ കടയിൽ പ്രതികൾ ആക്രമണം നടത്തിയതായുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്. തുടർന്ന് ഇവർ സന്ദീപും സുഹൃത്തുക്കളും സ്ഥിരമായി ഇരിക്കാറുള്ള കലുങ്കിനടുത്ത് വെച്ച് സന്ദീപിനെ ആക്രമിക്കുകയായിരുന്നു. അക്രമികളുടെ വെട്ടേറ്റ് പ്രാണരക്ഷാർഥം സമീപത്തെ വയലിലേക്ക് ചാടിയ സന്ദീപിനെ അവിടെയിട്ടും അക്രമികൾ വെട്ടി. അക്രമികൾ പിൻവാങ്ങിയ ശേഷം സുഹൃത്തുക്കൾ ഇരുചക്ര വാഹനത്തിലാണ് സന്ദീപിനെ ആശുപത്രിയിലെത്തിച്ചത്.
Content Highlights: Kerala CPI(M) local secretary Sandeep Kumar Murder