അഗളി> അട്ടപ്പാടിയിൽ സംഭവിക്കുന്ന ശിശുമരണങ്ങളെ യുഡിഎഫ് രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുകയാണെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ. അട്ടപ്പാടിയിൽ സന്ദർശനം നടത്തിയശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2013ൽ യുഡിഎഫ് ഭരിച്ച കാലത്താണ് ശിശുമരണ നിരക്ക് വർധിച്ചത്.
എൽഡിഎഫ് അധികാരത്തിലെത്തിയതോടെ ശിശുമരണ നിരക്ക് കുറക്കാൻ സ്വീകരിച്ച നടപടികൾ ഫലം കണ്ടു. ഒരു ശിശുമരണം പോലും അട്ടപ്പാടിയിൽ ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. വീട്ടിയൂർ, കുറവൻകണ്ടി ഊരുകൾ, കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രി എന്നിവിടങ്ങളിൽ അദ്ദേഹം പൊതുജനങ്ങളുമായും ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി.
എൻസിപി സംസ്ഥാന വൈസ് പ്രസിഡന്റ് ലതിക സുഭാഷ്, ജില്ലാ പ്രസിഡന്റ് എ രാമസ്വാമി, സംസ്ഥാന നിർവാഹക സമിതി അംഗങ്ങൾ, ഓട്ടൂർ ഉണ്ണിക്കൃഷ്ണൻ, പി അബ്ദുൾ റഹ്മാൻ, ജില്ലാ സെക്രട്ടറി പി മൊയ്തീൻകുട്ടി, സി എ സലോമി, മോഹൻ ഐസക്, യുവജനക്ഷേമ ബോർഡ് അംഗം ഷെനിൻ മന്ദിരാട്, എൻസിപി ബ്ലോക്ക് പ്രസിഡന്റ് എം ടി സണ്ണി, ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധു എന്നിവർ അനുഗമിച്ചു.