കൊച്ചി: പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സിപിഎം മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമനെ പ്രതിചേർത്തു. കുഞ്ഞിരാമനെ അടക്കം പത്ത് പ്രതികളെ കൂടി കേസിൽ ചേർത്തിട്ടുണ്ടെന്ന് സിബിഐ കോടതിയിൽ അറിയിച്ചു.
കഴിഞ്ഞ ദിവസം അഞ്ചു സിപിഎം പ്രവർത്തകരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ എറണാകുളം സിബിഐ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് കുഞ്ഞിരാമനടക്കം പത്ത് പേർകൂടി പ്രതിപ്പട്ടികയിൽ ചേർത്ത കാര്യം സിബിഐ അറിയിക്കുന്നത്.
ഉദുമ മുൻ എംഎൽഎയായ കുഞ്ഞിരാമൻ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ്. രാഘവൻ വെളുത്തോളി, ഗോപൻ വെളുത്തോളി, സന്ദീപ് വെളുത്തോളി, ഭാസ്കരൻ എന്നിവരാണ് ഇന്നലെ അറസ്റ്റ് ചെയ്തവരെ കൂടാതെ പ്രതിപ്പട്ടികയിൽ ചേർത്തവർ.
കല്യോട്ട് ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി പി. രാജേഷ് (38), കല്യോട്ടെ സുരേന്ദ്രൻ (വിഷ്ണു സുര-47), കല്യോട്ടെ ശാസ്താ മധു (40), ഏച്ചിലടുക്കത്തെ റെജി വർഗീസ് (44), ഹരിപ്രസാദ് ഏച്ചിലടുക്കം (31) എന്നിവരെയാണ് ഡിവൈ.എസ്.പി. ടി.പി. അനന്തകൃഷ്ണൻ ഇന്നലെ അറസ്റ്റ് ചെയ്തത്. ഇവരെ 14 ദിവസത്തേക്ക് റിമാൻഡ്ചെയ്തു.
കുഞ്ഞിരാമനെയടക്കമുള്ള ബാക്കിയുള്ള പ്രതികളുടെ അറസ്റ്റ് നടപടികളിലേക്ക് കടക്കുകയാണെന്ന് സിബിഐ കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഒരു വർഷംമുൻപ് പെരിയ ഇരട്ടക്കൊല കേസ് സി.ബി.ഐ. ഏറ്റെടുത്ത ശേഷമുള്ള ആദ്യ അറസ്റ്റാണ് ഇന്നലെ നടന്നത്. നേരത്തേ കേസന്വേഷിച്ച ക്രൈംബ്രാഞ്ച് 14 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ പ്രതികളുടെ എണ്ണം 24 ആയി. 2019 ഫെബ്രുവരി 17-നാണ് ഇരട്ടക്കൊല നടന്നത്.