തിരുവനന്തപുരം > എംഎസ്എംഇ മേഖലയിൽ ഒരു ലക്ഷം സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് വ്യവസായ വകുപ്പ് രൂപം നൽകിയതായി വ്യവസായമന്ത്രി പി രാജീവ് അറിയിച്ചു. തിരുവനന്തപുരം ഐഎംജിയിൽ ചേർന്ന ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർമാരുടെ അവലോകനയോഗത്തിലാണ് ഇതിനായുള്ള കർമ്മപദ്ധതിക്ക് രൂപം നൽകിയത്.
കൃത്യമായ ആസൂത്രണം നടത്തി ഈ ലക്ഷ്യം കൈവരിക്കണമെന്ന് വകുപ്പിലെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. 2022-23 വർഷം സംരംഭക വർഷമായി ആചരിക്കും. 14 ജില്ലകൾക്കും പ്രത്യേകം ടാർഗറ്റ് നിശ്ചയിക്കും. അതോടൊപ്പം ഓരോ ഉദ്യോഗസ്ഥനും ടാർഗറ്റ് നൽകി, ലക്ഷ്യം കൈവരിക്കുന്നതിനുള്ള ചിട്ടയായ പ്രവർത്തനം പ്ലാൻ ചെയ്യും. സമയബന്ധിതമായി ലക്ഷ്യം പൂർത്തീകരിക്കുന്ന ഉദ്യോഗസ്ഥർക്ക് പ്രത്യേക പുരസ്കാരം നൽകുമെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
വകുപ്പ് നടപ്പിലാക്കുന്ന വിവിധങ്ങളായ പദ്ധതികളുടെയും പ്രവർത്തനങ്ങളുടെയും വിശദമായ അവലോകനം യോഗത്തിൽ നടന്നു. വരും വർഷത്തിൽ നടപ്പാക്കേണ്ട പ്രവർത്തനങ്ങളെ സംബന്ധിക്കുന്ന വിശദമായ രൂപരേഖക്ക് യോഗം രൂപം നൽകി. കൂടുതല് തൊഴില് അവസരങ്ങൾ സൃഷ്ടിച്ച് മാത്രമേ സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനം സാധ്യമാകൂ.
സംസ്ഥാനത്താകെ നടത്തിയ മീറ്റ് ദി മിനിസ്റ്റര് പരിപാടിയില് വ്യവസായ വകുപ്പിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് മികച്ച അഭിപ്രായമാണ് ലഭിച്ചിട്ടുള്ളത്. ഇത് കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളാണ് വരും നാളുകളിൽ ഏറ്റെടുക്കേണ്ടത്. നിലവില് അടഞ്ഞുകിടക്കുന്ന വ്യവസായ യൂണിറ്റുകള് തുറന്നു പ്രവർത്തിപ്പിക്കുന്നതിന്റെ സാധ്യത പരിശോധിക്കും. വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ പുതിയ സംരംഭകർക്ക് വ്യവസായത്തിന് ഭൂമി അനുവദിക്കുന്നതിനും സൂക്ഷ്മ- ചെറുകിട ക്ലസ്റ്ററുകള് വളര്ത്തിയെടുക്കുന്നതിനും സമയക്രമം നിശ്ചയിച്ച് പരിപാടിയിട്ടിട്ടുണ്ടെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.