തിരുവനന്തപുരം
പ്രൈമറി വിദ്യാലയങ്ങളിൽ 1653 അധ്യാപകർക്ക് താൽക്കാലികമായി പ്രധാനാധ്യാപക പ്രമോഷൻ നൽകിയതിലൂടെ വന്ന ഒഴിവ് പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യും. മന്ത്രി വി ശിവൻകുട്ടിയാണ് ഇതിനുള്ള നിർദേശം നൽകിയത്. ഇതോടെ 1500 അധ്യാപക തസ്തികയിലേക്ക് നിയമനം നടക്കും. 540 തസ്തിക ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പ്രധാനാധ്യാപക സ്ഥാനക്കയറ്റത്തിന് 50 വയസ്സ് പൂർത്തിയായവർക്ക് വകുപ്പുതല പരീക്ഷ പാസാകണം എന്ന നിബന്ധനയിലെ ഇളവ് ഹൈക്കോടതി മരവിപ്പിച്ചിരുന്നു. ഇതിനെതിരെ അധ്യാപകർ ഫയൽ ചെയ്ത കേസിൽ തൽസ്ഥിതി നിലനിർത്താൻ സുപ്രീംകോടതി നിർദേശിച്ചു.
ഇക്കാര്യത്തിൽ അന്തിമ വിധി വന്നിട്ടില്ല.
നവംബർ ഒന്നിന് സ്കൂൾ തുറന്നപ്പോൾ സ്ഥാനക്കയറ്റം ലഭിച്ചവർ പ്രധാനാധ്യാപകരായി ജോലിയിൽ പ്രവേശിച്ചു. എന്നാൽ, ഇത് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ മൂന്നാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. തുടർന്ന് സർക്കാർ നൽകിയ അപ്പീലിൽ ഹൈക്കോടതി സ്റ്റേ ഒഴിവാക്കിയതോടെയാണ് ഒഴിവ് റിപ്പോർട്ട് ചെയ്യാനായത്.