കൊച്ചി > ലക്ഷദ്വീപിന്റെ ഏറ്റവും വലിയ യാത്രാകപ്പലായ എം വി കവരത്തിയില് തീപിടിത്തം. കവരത്തിയില് നിന്ന് ആന്ത്രോത്തിലേക്ക് പോകുംവഴി തിങ്കളാഴ്ച പകല് 12.40ഓടെ എഞ്ചിനിലാണ് തീപിടിച്ചത്. കവരത്തി ദ്വീപില് നിന്ന് 29 നോട്ടിക്കല് മൈല് അകലെ കപ്പലെത്തിയിരുന്നു. 624 യാത്രക്കാരും 85 ജീവനക്കാരും കപ്പലിലുണ്ട്. ആളാപയമില്ല.
തീപിടുത്തമുണ്ടായതോടെ കപ്പലിലെ വൈദ്യുതി വിച്ഛേദിച്ചു. പെട്ടെന്ന് കപ്പല് ഇരുട്ടിലായത് യാത്രക്കാരില് പരിഭ്രാന്തിയുണ്ടാക്കി. സംഭവമറിഞ്ഞതോടെ അധികൃതരുടെ നടപടിയോട് യാത്രക്കാര് സഹകരിച്ചു. മുന്കരുതലിന്റെ ഭാഗമായി കപ്പലിന്റെ പ്രവര്ത്തനങ്ങള് പൂര്ണമായും നിര്ത്തിവച്ചു. നിലവില് അപകട നില നിയന്ത്രണ വിധേയമാണെന്ന് തുറമുഖ വകുപ്പ് വ്യക്തമാക്കി.
രക്ഷാപ്രവര്ത്തനത്തിനായി ലക്ഷദ്വീപിന്റെ മറ്റൊരു യാത്രാകപ്പലായ എം വി കോറലും ചരക്ക് കപ്പലായ സാഗര് യുവരാജും കോസ്റ്റ്ഗാര്ഡിന്റെ ഒരു കപ്പലും സംഭവസ്ഥലത്തെത്തി. എം വി കവരത്തിയിലെ യാത്രക്കാര്ക്കും ജീവനക്കാര്ക്കും ഭക്ഷണവും മറ്റ് സഹായങ്ങളും നല്കി. അര്ധരാത്രിയോടെ കപ്പലിനെ കെട്ടിവലിച്ച് ആന്ത്രോത്ത് ദ്വീപിലെത്തിക്കും. കൊച്ചി തുറമുഖത്തെത്തിക്കാനുള്ള ശ്രമങ്ങള് തുടരുമെന്ന് ലക്ഷദ്വീപ് തുറമുഖ വകുപ്പ് അറിയിച്ചു.