കൊച്ചി > ഗ്രാമീണ മേഖലയിൽ രാജ്യത്തെ എറ്റവുമധികം വേതനം ലഭിക്കുന്നത് കേരളത്തിലെ തൊഴിലാളികൾക്ക്. റിസർവ് ബാങ്ക് കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകൾ പ്രകാരം കേരളത്തിൽ ഗ്രാമീണ മേഖലയിൽ ജോലി ചെയ്യുന്ന പുരുഷന്മാർക്ക് ലഭിക്കുന്ന വേതനം ദേശീയ ശരാശരിയുടെ ഇരട്ടിയിലധികമാണ്.
കാർഷിക ഇതര മേഖലയിൽ കേരളത്തിലെ ഒരു ഗ്രാമീണ തൊഴിലാളിക്ക് 677.6 രൂപ പ്രതിദിന വേതനം ലഭിക്കുമ്പോൾ ദേശീയതലത്തിൽ ഇത് 315.3 രൂപ മാത്രമാണെന്നും കണക്കുകൾ പറയുന്നു. രാജ്യത്തെ ഏറ്റവും വലിയ വ്യാവസായിക സംസ്ഥാനമായ മഹാരാഷ്ട്രയിൽ പ്രതിദിന വേതനം 262.3 രൂപയും ഗുജറാത്തിൽ 239.6 രൂപയും മാത്രമാണ്. കേരളത്തിന് തൊട്ടുപിറകിലുള്ളത് ജമ്മുകശ്മീരും തമിഴ്നാടുമാണ്. ജമ്മുകശ്മീരിൽ 483 രൂപയും തമിഴ്നാട്ടിൽ 449.5 രൂപയുമാണ് ഗ്രാമീണ തൊഴിലാളികളുടെ ശരാശരി പ്രതിദിന വേതനം ലഭിക്കുന്നു.
ഗ്രാമീണ കർഷക തൊഴിലാളികളുടെ വേതനത്തിലും കേരളം തന്നെയാണ് ഒന്നാമത്. കർഷകതൊഴിലാളികൾക്ക് കേരളത്തിൽ 706.5 രൂപ പ്രതിദിന വേതനം ലഭിക്കുമ്പോൾ ദേശീയ ശരാശരി 309.9 രൂപ മാത്രമാണ്. തൊട്ടുപിന്നിലുള്ള ജമ്മുകശ്മീരിൽ ഇത് 501.1 രൂപയും തമിഴ്നാട്ടിൽ 432.2 രൂപയുമാണ്. ഗുജറാത്തിൽ 213.1 രൂപയും മഹാരാഷ്ട്രയിൽ 267.7 രൂപയും പഞ്ചാബിൽ 357 രൂപയും ഹരിയാനയിൽ 384.8 രൂപയുമാണ് ഗ്രാമീണ കർഷക തൊഴിലാളികൾക്ക് 2020-21 വർഷത്തിൽ പ്രതിദിനം ലഭിച്ചതെന്നും റിസർവ് ബാങ്ക് കണ്ടെത്തി.
നിർമാണ മേഖലയിലും ഗ്രാമീണ തൊഴിലാളികളുടെ വേതനത്തിൽ കേരളം തന്നെയാണ് ഒന്നാമത്.
829.7 രൂപ നിർമാണ മേഖലയിലെ തൊഴിലാളികൾക്ക് കേരളത്തിൽ പ്രതിദിനം വേതനമായി ലഭിക്കുന്നു. ഈ വിഭാഗത്തിൽ ദേശീയ ശരാശരി 362.2 രൂപ മാത്രമാണ്. തമിഴ്നാട്ടിൽ 468.3 രൂപയും മഹാരാഷ്ട്രയിൽ 347.9 രൂപയുമാണ് നിർമാണ മേഖലയിലെ തൊഴിലാളികളുടെ പ്രതിദിന കൂലി.
രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനമായി നീതി ആയോഗ് കഴിഞ്ഞദിവസം കേരളത്തെ തെരഞ്ഞെടുത്തിരുന്നു. സുസ്ഥിര വികസനം, ഭരണനിർവഹണം എന്നീ രംഗങ്ങളിലും ഏറ്റവും മികച്ച സംസ്ഥാനത്തിനുള്ള പുരസ്കാരം കേരളത്തിന് തുടർച്ചയായി ലഭിച്ചിരുന്നു.