കൊച്ചി: ഭിന്നശേഷി വിഭാഗത്തിൽ മികച്ച സർക്കാർ ജീവനക്കാരനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് കാക്കനാട് സിവിൽ സ്റ്റേഷനിലെ റീസർവേ അസിസ്റ്റന്റ് ഡയറക്ടർ ഓഫീസ് സീനിയർ ക്ലർക്ക് അബ്ദുൾ നിസാറിന്. കേൾവി ശക്തി പൂർണമായും നഷ്ടപ്പെട്ട നിസാറിനെ, സങ്കീർണമായജോലികൾ അനായാസം കൈകാര്യം ചെയ്യാനുള്ള നൈപുണ്യമാണ് അവാർഡിന് അർഹനാക്കിയത്. ബധിരക്ഷേമ പ്രവർത്തനങ്ങളിലും സജീവമാണ് ഈ അമ്പത്തിരണ്ടുകാരൻ.
1996 ലാണ് നിസാർ റവന്യൂ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് സർവന്റായി ജോലിയിൽ പ്രവേശിച്ചത്. 2008 ൽ ക്ലാർക്കായി. 65 ജീവനക്കാരുടെ ശമ്പളം, പ്രൊവിഡന്റ് ഫണ്ട് , മെഡിക്കൽ റീ ഇംപേഴ്സ്മെന്റ്, ടിഎ ബില്ലുകൾ, ഓഫീസിലെ കണ്ടിജന്റ് ബില്ലുകൾ, ശമ്പള സർട്ടിഫിക്കറ്റ്, ശമ്പള റിക്കവറി എന്നിവ അടങ്ങിയ ഓഫീസിലെ ഏറ്റവും പ്രധാനപ്പെട്ട A2 സെക്ഷന്റെ ചുമതലയാണ് നിസാർ സിവിൽ സ്റ്റേഷനിൽ വഹിക്കുന്നത്. പരാതികൾക്ക് ഇടനെൽകാതെയുള്ള പ്രവർത്തനമാണ് ഇദ്ദേഹത്തിന്റേതെന്ന് സഹപ്രവർത്തകർ പറയുന്നു.
ബധിരക്ഷേമ രംഗത്തും നിസാർ മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവെക്കുന്നത്. 14 വർഷം ഓൾ കേരള ഫെഡറേഷൻ ഓഫ് ദി ഡഫിന്റെ (എ.കെ.എ.ഡി.) സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. ഇക്കാലയളവിൽ ഏറ്റവും മികച്ച സംഘടനയായി എ.കെ.എ.ഡി. തിരഞ്ഞെടുക്കപ്പെട്ടു. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര മന്ത്രി സുബോധ് കാന്ത് സഹായിൽ നിന്നും അവാർഡും ഏറ്റുവാങ്ങി.
നിലവിൽ ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് ദി ഡഫ് ദേശീയ നിർവാഹകസമിതി അംഗമായും സംഘടനകളുടെ കൂട്ടായ്മ നാഷണൽ പ്ലാറ്റ്ഫോം ഫോർ റൈറ്റ്സ് ഓഫ് ദി ഡിസേബിൾസിന്റെ ദേശീയ സമിതി അംഗമായും പ്രവർത്തിക്കുന്നു. സ്റ്റേറ്റ് അഡൈ്വസറി ബോർഡ് ഓൺ ഡിസബിലിറ്റീസ് അംഗം എ ഷൺമുഖവുമായി ചേർന്ന് സംസ്ഥാനത്തെ ഭിന്നശേഷി നയത്തിന്റെ കരട് രൂപീകരിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.
ബധിരരായ സംസ്ഥാന സർക്കാർ ജീവനക്കാർക്ക് തൊഴിൽപരമായ അറിവുകൾ നൽകുക, ജോലിക്ക് സഹായിക്കുക, പരിശീലനം നൽകുക എന്നീ ലക്ഷ്യങ്ങളോടെ 2011ൽ എംപ്ലോയീസ് ഫോറം കേരള എന്ന സംഘടന രൂപീകരിച്ചു. നിലവിൽ സംഘടനയുടെ സംസ്ഥാന പ്രസിഡന്റാണ്.
Content Highlights: Abdul nizar is the best state government employee