തിരുവനന്തപുരം
‘അതിദരിദ്രരില്ലാത്ത കേരളം പദ്ധതി’യിൽ എച്ച്ഐവി ബാധിതർക്ക് പ്രത്യേക പരിഗണന. എച്ച്ഐവി ബാധിതരുള്ള ബിപിഎൽ കുടുംബത്തെ പ്രത്യേക ദുർബലവിഭാഗത്തിൽ ഉൾപ്പെടുത്തും. ജനകീയ പങ്കാളിത്തത്തോടെയാണ് തദ്ദേശസ്ഥാപനങ്ങൾ അതിദരിദ്രരെ കണ്ടെത്തുക. ഇതിനായി വാർഡ്, കുടുംബശ്രീ/സാമൂഹ്യ സംഘടന, ക്ലസ്റ്റർതല ചർച്ച നടത്തും. ചർച്ചയിൽ തങ്ങളുടെ പരിധിയിൽ എച്ച്ഐവി ബാധിതരായ ബിപിഎൽ കുടുംബങ്ങളുണ്ടെങ്കിൽ അവരെയും എപിഎൽ കുടുംബത്തിലെ സാമ്പത്തിക, തൊഴിൽ, വരുമാനശേഷി ഇല്ലാത്തവരെയും അതിദരിദ്രരുടെ പട്ടികയിൽപ്പെടുത്തണം. ഒറ്റപ്പെട്ട് ജീവിക്കുന്നവരെയും ഒരു കുടുംബമായി കണ്ട് ഉൾപ്പെടുത്തും. അതിദരിദ്രരെ നിർണയിക്കാൻ പൊതുഘടകങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. ഭക്ഷണലഭ്യത/ പോഷകാഹാരം, ആരോഗ്യം, വരുമാനം, വാസസ്ഥലം എന്നിവയാണ് പൊതുഘടകം.
ഇതിനുള്ള മാനദണ്ഡങ്ങൾ ചുവപ്പ് (അതിതീവ്ര ഘടകങ്ങൾ), ഓറഞ്ച് (തീവ്രക്ലേശ ഘടകങ്ങൾ) എന്നിങ്ങനെ വേർതിരിച്ചിട്ടുണ്ട്. എസ്സി, എസ്ടി, തീരദേശ മീൻപിടിത്തതൊഴിലാളികൾ, നഗര ദരിദ്രർ എന്നീ അധിക മാനദണ്ഡങ്ങളും നിശ്ചയിച്ചിട്ടുണ്ട്. പൊതുഘടകത്തിൽ പെട്ടില്ലെങ്കിലും ഇതിൽ ഏതെങ്കിലും രണ്ട് ഇനം ബാധകമാണെങ്കിൽ പട്ടികയിൽ വരും. ഇതിനു പുറമെയാണ് അതിക്ലേശ ഘടകങ്ങളാൽ പരിഗണിക്കേണ്ട അതീവ ദുർബലവിഭാഗങ്ങളെയും ഉൾപ്പെടുത്തുന്നത്.