കൊച്ചി
സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം ഇന്നിറങ്ങും. ദക്ഷിണമേഖലാ യോഗ്യതാ റൗണ്ടിൽ ലക്ഷദ്വീപാണ് എതിരാളി. രാവിലെ 9.30ന് കൊച്ചി നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം. പുതുച്ചേരിയും ആൻഡമാനും ഉൾപ്പെട്ടതാണ് ബി ഗ്രൂപ്പ്. പ്രാഥമികഘട്ടത്തിൽ ഒന്നാമൻമാരായി ഫൈനൽ റൗണ്ടിലേക്ക് മുന്നേറുക എന്നതാണ് കേരളത്തിന്റെ ലക്ഷ്യം. ഫെബ്രുവരിയിൽ മലപ്പുറം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് ഫൈനൽ റൗണ്ട്.
ഒന്നരമാസത്തെ പരിശീലനത്തിനുശേഷമാണ് ബിനോ ജോർജിനുകീഴിൽ കേരളം എത്തുന്നത്. എസ്ബിഐയുടെ മധ്യനിരക്കാരൻ ജിജോ ജോസഫാണ് ക്യാപ്റ്റൻ. യുവത്വവും പരിചയസമ്പത്തും സമന്വയിക്കുന്ന ടീം യോഗ്യതാമത്സരങ്ങളിൽ വമ്പൻ ജയമാണ് നോട്ടമിടുന്നത്. ഗോൾവല കാക്കുക വി മിഥുനാണ്. പ്രതിരോധത്തിൽ വിബിൻ തോമസിന് കൂട്ട് ജി സഞ്ജുവാകും. കെ സൽമാൻ വിങ്ങറായി എത്തും. അർജുൻ ജയരാജ്, ജിജോ, പി അഖിൽ, മുഹമ്മദ് റാഷിദ് എന്നിവർ ചേരുന്ന മധ്യനിരയാണ് കരുത്ത്. മുന്നേറ്റത്തിൽ എസ് രാജേഷ് പ്രധാനിയാകും. മൂന്ന് അണ്ടർ 21 താരങ്ങളെ കളത്തിലിറക്കണം എന്നതിനാൽ ടീം തെരഞ്ഞെടുപ്പ് പരിശീലകന് തലവേദനയാകും. ടി ജി പുരുഷോത്തമനാണ് സഹപരിശീലകൻ. യുവനിരയുമായാണ് ലക്ഷദ്വീപ് എത്തുന്നത്.
കോവിഡ് പരിശോധനകളെല്ലാം കഴിഞ്ഞാണ് കളിക്കാരെത്തുന്നത്. പുതുച്ചേരി–-ആൻഡമാൻ മത്സരം പകൽ മൂന്നിനാണ്.















