കൊച്ചി > മുൻ മിസ് കേരള ഉൾപ്പെടെ മൂന്നുപേർ കാറപകടത്തിൽ മരിച്ച കേസിൽ സൈജു തങ്കച്ചന് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന് പൊലീസ്. ഇയാൾ കാറിൽ പിന്തുടർന്നതാണ് മോഡലുകളടക്കമുള്ളവരുടെ മരണത്തിന് കാരണമായതെന്ന് സിറ്റി പൊലീസ് കമീഷണർ സി എച്ച് നാഗരാജു പറഞ്ഞു. കാട്ടുപോത്തിനെ വേട്ടയാടി കൊന്നതായി വാട്സാപ് ചാറ്റിൽനിന്ന് കണ്ടെത്തിയതായും അപേക്ഷയിൽ പറയുന്നു.
മൂന്നാർ, ബംഗളൂരു, മാരാരിക്കുളം, ഗോവ, കൊച്ചി എന്നിവിടങ്ങളിലെ നിശാപാർടികളിൽ, മാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവും ഇയാൾ വിതരണം ചെയ്തിട്ടുണ്ട്. സൈജുവിന്റെ സുഹൃത്തുക്കൾ ഇവ ഉപയോഗിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും കണ്ടെടുത്തിട്ടുണ്ട്. കൊച്ചിയിലെ നിശാപാർടികളിൽ പങ്കെടുത്തവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്നാറിൽ നടത്തിയ പാർടിയെക്കുറിച്ച് കൂടുതൽ അന്വേഷിക്കണം. ഫോർട്ട് കൊച്ചി നമ്പർ 18 ഹോട്ടലിൽനിന്ന് ദുരുദ്ദേശ്യത്തോടെയാണ് മോഡലുകൾ സഞ്ചരിച്ച കാറിനെ പിന്തുടർന്നത്.
മോഡലുകളോട് മുറി തരപ്പെടുത്തിത്തരാമെന്നും പാർടി നടത്താമെന്നും വാഗ്ദാനം നൽകിയിരുന്നു. കാറിൽ പിന്തുടർന്നശേഷം കുണ്ടന്നൂരിൽ വീണ്ടും വാഗ്ദാനം ആവർത്തിച്ചെങ്കിലും അവർ നിരസിച്ചു. തുടർന്ന് സൈജു അമിതവേഗത്തിൽ പിന്തുടരുകയും പാലാരിവട്ടത്ത് മോഡലുകളുടെ കാർ മരത്തിലിടിച്ച് അപകടം ഉണ്ടാവുകയുമായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. സൈജുവിൽനിന്ന് വിവരമറിഞ്ഞ ഹോട്ടൽ ഉടമ റോയി ജെ വയലാട്ട് സിസിടിവി ദൃശ്യങ്ങൾ ലഭിക്കാതിരിക്കാൻ ഡിവിആർ അഴിച്ചുമാറ്റി കായലിൽ എറിഞ്ഞു. പകരം ബ്ലാങ്ക് ഹാർഡ് ഡിസ്ക് സ്ഥാപിച്ചു.
സൈജു സ്ഥിരമായി പാർടിയിൽ പങ്കെടുക്കുന്നതായും ലഹരി ഇടപാട് നടത്തിയിരുന്നതായും കണ്ടെത്തി. ഇയാളുടെ ഫോണിൽനിന്ന് നിരവധി പെൺകുട്ടികളുടെ ചിത്രങ്ങളും കണ്ടെടുത്തു. തിരുവനന്തപുരത്ത് പ്രമുഖ നിർമാണ കമ്പനിയുടെ പരാതിയിൽ സൈജുവിനെതിരെ കേസുണ്ട്. ഇയാൾ ലഹരിക്കടിമയാണ്. ഇയാളുടെ ഉപദ്രവത്തിന് ഇരയായവർ പരാതി നൽകിയാൽ കേസ് എടുക്കുമെന്നും കമീഷണർ പറഞ്ഞു. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി മൂന്നുദിവസത്തേക്കുകൂടി സൈജുവിനെ കസ്റ്റഡിയിൽ വിട്ടു.