വാക്സിനെടുക്കാത്ത അധ്യാപകര്‍ ആര്‍ടിപിസിആര്‍ പരിശോധനാ ഫലം ഹാജരാക്കണം. ആഴ്ചയിൽ ഒരു തവണ സ്വന്തം ചെലവിൽ പരിശോധന നടത്തണം. രണ്ടാം ഡോസ് വാക്സിനേഷൻ ഡിസംബര്‍ 15നകം പൂര്‍ത്തിയാക്കണമെന്ന് അവലോകന യോഗം നിര്‍ദ്ദേശിച്ചു. കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ ഏര്‍പ്പെടുത്തിയിട്ടില്ല.
അതേസമയം വാക്സിനെടുക്കാത്ത അധ്യാപകര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇതിന്റെ ഭാഗമായി വാക്സിനെടുക്കാത്ത അധ്യാപകരുടെ പട്ടിക തയ്യാറാക്കാൻ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. അധ്യാപകരും അനധ്യാപകരും വാക്സിനെടുക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. വാക്സിൻ സ്വീകരിക്കാത്തവര്‍ ക്യാമ്പസിൽ പ്രവേശിക്കണ്ടെന്നാണ് മാര്‍ഗരേഖ. ആരോഗ്യ പ്രശ്നങ്ങളുള്ള അധ്യാപകര്‍ ആരോഗ്യ സമിതിയുടെ റിപ്പോര്‍ട്ട് വാങ്ങണം. 5000 ത്തോളം പേര്‍ക്കുവേണ്ടി മാത്രം തീരുമാനം മാറ്റിവെക്കാൻ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും അധ്യാപക സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാരിന്റെ തീരുമാനത്തിനൊപ്പം നിൽക്കുമെന്നാണ് കെഎസ്ടിഎയുടെ നിലപാട്. ആദ്യം വാക്സിനെടുക്കാത്ത അധ്യാപകരുടെ പട്ടിക പുറത്തുവിടണമെന്നാണ് കെപിഎസ്ടിഎ ആവശ്യപ്പെട്ടിരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പറയുന്ന കണക്ക് കള്ളമാണെന്നും അധ്യാപക സംഘടനകളുടെ യോഗം വിളിക്കണമെന്നും മുസ്ലിം ലീഗ് അധ്യാപക സംഘടന ആവശ്യപ്പെട്ടു.
സ്കൂൾ തുറന്ന് ഒരു മാസം പിന്നിട്ടിട്ടും അയ്യായിരത്തോളം അധ്യാപകര്‍ വാക്സിനെടുത്തിട്ടില്ലെന്നാണ് സര്‍ക്കാരിന്റെ കണ്ടെത്തൽ. പേര് വെളിപ്പെടുത്താതെ അധ്യാപകരെയാകെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെന്ന് കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെപിഎസ്ടിഎ വ്യക്തമാക്കി.