ശർക്കരയും ചുണ്ണാമ്പും ഉപയോഗിച്ച് നിർമ്മിച്ച അണക്കെട്ടിന്റെ അകം കാലിയാണ്. സിമന്റും കമ്പിയും പൂശിയിട്ട് കാര്യമില്ല. അപകടാവസ്ഥയിലാണോയെന്ന് അറിയാൻ ഇനിയും അകം തുരന്നു നോക്കുന്നത് വിഡ്ഢിത്തമാണെന്ന് എംഎം മണി പറഞ്ഞു. വിഷയത്തിൽ തമിഴ്നാട് രാഷ്ട്രീയം കളിക്കുകയാണ്. ഇരു സംസ്ഥാനങ്ങളും ഒന്നിച്ചു തീരുമാനമെടുത്താൽ പ്രശ്നത്തിനു പരിഹാരം കാണാൻ സാധിക്കുമെന്നും മണി പറഞ്ഞു.
അതേസമയം മുന്നറിയിപ്പില്ലാതെ രാത്രിയിൽ മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ തമിഴ്നാട് തുറന്ന സംഭവത്തിലുള്ള പ്രതിഷേധം കേന്ദ്ര ജല കമ്മീഷനെ അറിയിക്കുമെന്ന് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
മുല്ലപ്പെരിയാർ ഡാമിൽ ഇപ്പോൾ അനുവദനീയ സംഭരണ ശേഷിയായ 142 അടി വെള്ളമുണ്ട്. ജലനിരപ്പ് കുറയ്ക്കാൻ മുന്നറിയിപ്പ് നൽകാതെ തമിഴ്നാട് ഡാമിൽ നിന്നും വെള്ളം അഴിച്ചുവിട്ടിരുന്നു. അണക്കെട്ടിന്റെ ഒമ്പത് ഷട്ടറുകളാണ് തുറന്നത്. ഇതേത്തുടർന്ന് പെരിയാർ പുഴയിൽ രണ്ട് മീറ്ററോളം വെള്ളം ഉയർന്നു. ഇതേത്തുടർന്ന് പെരിയാർ തീരത്തെ അഞ്ചുമല ആറ്റോരം ഭാഗത്തെ അഞ്ച് വീടുകളിൽ വെള്ളം കയറി.
കഴിഞ്ഞ ദിവസം പെരിയാർ ടൈഗർ റിസർവിൽ കനത്ത മഴ പെയ്തിരുന്നു. ഇതിനു പിന്നാലെ അണക്കെട്ടിലേക്ക് വലിയതോതിൽ വെള്ളം ഒഴുകിയെത്തി. ഇന്നലെ രാത്രി 141.9 അടി വരെയായിരുന്നു ഡാമിലെ ജലനിരപ്പ്. 142 അടിയായപ്പോഴാണ് വെള്ളം അഴിച്ചുവിട്ടത്. അഞ്ച് ഷട്ടറുകൾ 60 സെന്റീമീറ്റർ വരെയും നാല് ഷട്ടറുകൾ 30 സെന്റീമീറ്ററുമാണ് ഉയർത്തിയത്. ചൊവ്വാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് ഷട്ടറുകൾ തുറക്കുന്നതു സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന് മുന്നറിയിപ്പ് ലഭിക്കുന്നത്. മൂന്നുമണിക്ക് ഷട്ടറുകൾ ഉയർത്തുകയും ചെയ്തു. നിലവിൽ ആറ് ഷട്ടറുകൾ അടച്ചിട്ടുണ്ട്. മൂന്ന് ഷട്ടറുകൾ മാത്രമാണ് തുറന്നിട്ടുള്ളത്.