”കൂത്താട്ടുകുളം മേരിയുടെയും എ.കെ.ജിയുടെയും സമരകഥകള്‍ പറഞ്ഞു തന്ന പൈലിക്കുഞ്ഞിന്റെ അമ്മാവനാണ് എന്നെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കുന്നത്. കോണ്‍ഗ്രസ് കുടുംബത്തില്‍ ജനിച്ച ഞാന്‍ സി.പി.ഐ.എമ്മില്‍ ചേരുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നായിരുന്നു ആ കഥകള്‍. പിന്നീട് നിരവധിയായ സമരങ്ങളില്‍ പങ്കെടുത്തു. ഒരു തവണ ജയില്‍വാസവും അനുഭവിച്ചു. ഇപ്പോള്‍ മീനങ്ങാടി ഏരിയാ സെക്രട്ടറിയെന്ന ചുമതലയും പാര്‍ട്ടി നല്‍കിയിരിക്കുന്നു.”– കേരളത്തിലെ സി.പി.എമ്മിന്‍റെ നിലവിലെ ഏക വനിതാ ഏരിയാ സെക്രട്ടറിയായ എന്‍.പി കുഞ്ഞുമോള്‍ പറയുന്നു.
കൂത്താട്ടുകുളം സമരത്തില്‍ കൂത്താട്ടുകുളം മേരി എന്ന പി.ടി മേരിയോടൊപ്പം പ്രവര്‍ത്തിച്ച കിഴക്കേപീടികയില്‍ വര്‍ഗീസ്, എന്‍.പി കുഞ്ഞിമോളുടെ ഭര്‍ത്താവ് പൈലിക്കുഞ്ഞിന്‍റെ അമ്മയുടെ മൂത്ത സഹോദരനാണ്. എറണാകുളം ജില്ലയിലെ പാമ്പാക്കുട സ്വദേശിയായ കിഴക്കേ പീടികയില്‍ വര്‍ഗീസ് കൂത്താട്ടുകുളം സമരത്തില്‍ മൂന്നുവര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. ഉരുട്ടല്‍ പോലുള്ള പോലീസ് ശിക്ഷാരീതികളില്‍ നിന്ന് രക്ഷപ്പെട്ടാണ് വയനാട്ടിലെ അത്തിച്ചാലില്‍ എത്തിയത്. ചീങ്ങേരിയില്‍ എ.കെ.ജിയുടെ നേതൃത്വത്തില്‍ നടന്ന സമരത്തിലും വര്‍ഗീസ് പങ്കെടുത്തിരുന്നു.
പുല്‍പ്പള്ളി ആനപ്പാറ സ്വദേശിയും കോണ്‍ഗ്രസിന്‍റെ സജീവ പ്രവര്‍ത്തകനുമായിരുന്ന പൈലിയുടെയും അന്നമ്മയുടെ മകളായ കുഞ്ഞിമോളെ 1984ലാണ് പൈലിക്കുഞ്ഞ് വിവാഹം കഴിക്കുന്നത്.
”19ാം വയസിലാണ് എന്‍റെ വിവാഹം നടന്നത്. കോണ്‍ഗ്രസ് കുടുംബമായിരുന്നുവെങ്കിലും ഒരു തിരഞ്ഞെടുപ്പിലും വോട്ട് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല. 1989ല്‍ ആണല്ലോ വോട്ടവകാശ പ്രായം 21ല്‍ നിന്ന് 18 ആക്കി കുറച്ചത്. അക്കാലത്തൊന്നും എനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും മമതയും ഉണ്ടായിരുന്നില്ല. പൈലിക്കുഞ്ഞിന്റേത് പാര്‍ട്ടി കുടുംബമാണ്. പിതാവ് പാര്‍ട്ടി അംഗമായിരുന്നു. പൈലിക്കുഞ്ഞാവട്ടെ ഡി.വൈ.എഫ്.ഐ യൂണിറ്റ് കമ്മിറ്റി അംഗവുമായിരുന്നു.”– എന്‍.പി കുഞ്ഞുമോള്‍ സമയം മലയാളം പ്ലസിനോട് പറഞ്ഞു.
അത്തിപ്പാറയില്‍ താമസമാക്കിയ ശേഷം 1986ലാണ് കുഞ്ഞിമോള്‍ ജനാധിപത്യ മഹിളാ അസോസിയേഷനില്‍ അംഗത്വം എടുത്തത്. പിന്നിട് ഡി.വൈ.എഫ്.ഐയില്‍ ചേര്‍ന്നു. ചെറിയ തോതില്‍ പ്രവര്‍ത്തനം ആരംഭിച്ച് 1998ല്‍ അസോസിയേഷന്റെ അമ്പലവയല്‍ വില്ലേജ് സെക്രട്ടറിയായി. അക്കാലത്ത് തന്നെ ഡി.വൈ.എഫ്.ഐ വില്ലേജ് കമ്മിറ്റിയിലും എത്തി.
”തൊഴിലില്ലായ്മ, ആശുപത്രികളിലെ ഫീസ് വര്‍ധന തുടങ്ങി നിരവധി സമരങ്ങളുടെ കാലമായിരുന്നു അത്. ബ്ലോക്ക് തലത്തിലും ജില്ലാ തലത്തിലും നിരവധി സമരങ്ങള്‍ നടത്തി. പല സമരങ്ങളിലും പോലീസ് അതിക്രമമുണ്ടായി. ജനങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്തുണ്ടായ പാര്‍ട്ടിയാണിത്. അതിനാല്‍ സമരങ്ങള്‍ ഞങ്ങള്‍ക്ക് ആവേശമായിരുന്നു”– എന്‍.പി കുഞ്ഞുമോള്‍ പറയുന്നു.
2000 മുതല്‍ 2007വരെ ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്‍റായി പ്രവര്‍ത്തിച്ചു. അക്കാലത്ത് തന്നെ മഹിളാ അസോസിയേഷന്‍ ഏരിയാ സെക്രട്ടറിയുമായി. 2001ലാണ് പാര്‍ട്ടി അംഗത്വം ലഭിക്കുന്നത്. അമ്പലവയല്‍ ലോക്കല്‍ കമ്മിറ്റി അംഗമായാണ് പ്രവര്‍ത്തിച്ചത്. 2015ല്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
”വയനാട്ടില്‍ വര്‍ധിച്ചു വരുന്ന വന്യജീവി ശല്യം, രാത്രിയാത്രാനിരോധനം എന്നിവയില്‍ പ്രതിഷേധിച്ച് നടത്തിയ കലക്ടറേറ്റ് മാര്‍ച്ചില്‍ പങ്കെടുത്തതിന് അക്കാലത്ത് ഞങ്ങളെ കണ്ണൂര്‍ വനിതാ ജയിലില്‍ അടച്ചു. രണ്ടു ദിവസം ജയിലില്‍ കിടന്നു. ജയില്‍ അടക്കപ്പെട്ട 480 പേരില്‍ 80 പേരും സ്ത്രീകളായിരുന്നു.”–എന്‍.പി കുഞ്ഞുമോള്‍ ഓര്‍ക്കുന്നു.
സമരങ്ങളുടെ ആവേശത്തില്‍ കുഞ്ഞിമോള്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടര്‍ന്നു. പൈലിക്കുഞ്ഞ് എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ്ണ പിന്തുണയും നല്‍കി. ”ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്താണ് അഞ്ചിലും ആറിലും ഒമ്പതിലും പഠിക്കുന്ന പെണ്‍കുട്ടികളെ പീഡിപ്പിച്ച മധ്യവയസ്‌കനെതിരെ നടപടിയെടുക്കാന്‍ സമരം ചെയ്തത്. ബി.സന്ധ്യ ഐ.പി.എസാണ് ആ കേസ് അന്വേഷിച്ചത്. കേസില്‍ മധ്യവയസ്‌കനെ കോടതി 11 വര്‍ഷം തടവിന് ശിക്ഷിച്ചു. കൂട്ടുപ്രതിക്ക് ആറു വര്‍ഷം തടവ് ശിക്ഷയും ലഭിച്ചു. മലയച്ചന്‍ കൊല്ലിയില്‍ മറ്റൊരു പീഡനക്കേസിലെ പ്രതിക്ക് ശിക്ഷ ലഭിക്കാന്‍ വേണ്ട നടപടികളും സംഘടന സ്വീകരിച്ചിരുന്നു. വയനാട്ടിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളെ ശക്തമായി നേരിടുന്നതില്‍ ഞങ്ങള്‍ മുന്‍പന്തിയിലുണ്ടായിരുന്നു. ഇനിയുമുണ്ടാവും.” — കുഞ്ഞിമോള്‍ നിലപാട് വ്യക്തമാക്കി.
ഏകദേശം പത്ത് വര്‍ഷം മുമ്പാണ് കുഞ്ഞിമോള്‍ സി.പി.ഐ.എം സുല്‍ത്താന്‍ ബത്തേരി ഏരിയാ കമ്മിറ്റിയില്‍ എത്തുന്നത്. ഇപ്പോള്‍ 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി നടന്ന സമ്മേളനത്തില്‍ ഏരിയാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ഏകകണ്‌ഠേനയാണ് കുഞ്ഞിമോളെ പ്രതിനിധികള്‍ തിരഞ്ഞെടുത്തിരിക്കുന്നത്. നിലവിലെ ഏരിയാ കമ്മിറ്റിയില്‍ പന്ത്രണ്ട് പുരുഷന്‍മാരും മൂന്നു സ്ത്രീകളുമാണുള്ളത്. അഞ്ച് ലോക്കല്‍ കമ്മിറ്റികളും 70 ബ്രാഞ്ച് കമ്മിറ്റികളുമാണ് ഏരിയാ കമ്മിറ്റിക്ക് കീഴില്‍ വരുന്നത്. 1035 അംഗങ്ങളാണ് ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ളത്. ഭാവി പ്രവര്‍ത്തനങ്ങളെ കുറിച്ച് കുഞ്ഞിമോള്‍ക്ക് വ്യക്തയുണ്ട്.
”ശക്തമായ പുരുഷാധിപത്യ മനോഭാവമുള്ള സമൂഹമാണ് നമ്മുടേത്. നിരവധി വെല്ലുവിളികള്‍ നേരിട്ടാണ് സ്ത്രീകള്‍ പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്നത്. പാര്‍ട്ടിയുടെ പല ബ്രാഞ്ചുകളിലെയും യോഗങ്ങള്‍ നടക്കുന്നത് രാത്രിയിലാണ്. രാത്രിയില്‍ പുറത്തിറങ്ങി നടക്കുന്ന സ്ത്രീകളെ മോശക്കാരായി കാണുന്ന സമൂഹത്തെ കൂടി നേരിട്ട് വേണം പ്രവര്‍ത്തിക്കാന്‍. പാര്‍ട്ടിയില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ സഖാക്കള്‍ സ്വീകരിക്കണം. സ്ത്രീകള്‍ക്ക് കൂടുതല്‍ കരുതല്‍ നല്‍കുകയും അവരെ കരുത്തരാക്കി മാറ്റുകയും വേണം. സ്ത്രീകള്‍ക്ക് തുല്യപ്രാധാന്യം നല്‍കുന്ന പാര്‍ട്ടിയാണ് സി.പി.ഐ.എം. പണ്ട് ആഘോഷങ്ങള്‍ക്ക് മാത്രം പുറത്തുപോവുമായിരുന്ന സ്ത്രീകളെ പുറത്തുകൊണ്ടുവരാന്‍ പാര്‍ട്ടിയുടെ നയ-ഭരണപരിപാടികള്‍ സഹായിച്ചിട്ടുണ്ട്. കുടുംബശ്രീ അതിനൊരു ഉദാഹരണമാണ്. ” — എന്‍.പി കുഞ്ഞിമോള്‍ ചൂണ്ടിക്കാട്ടുന്നു.
സ്ത്രീകളെ കൂടുതലായി പൊതുരംഗത്തേക്ക് കൊണ്ടുവരാന്‍ ഏരിയാ സെക്രട്ടറി സ്ഥാനം ഉപയോഗിക്കുമെന്നാണ് കുഞ്ഞിമോള്‍ പറയുന്നത്. അതിന്റെ തുടക്കമാണ് ഇതെന്നും അവര്‍ പറയുന്നു. ഭര്‍ത്താവ് പൈലിക്കുഞ്ഞ് നിലവില്‍ സിപി.ഐ.എം അമ്പലവയല്‍ ലോക്കല്‍ കമ്മിറ്റി അംഗവും കര്‍ഷക സംഘം വില്ലേജ് സെക്രട്ടറിയുമാണ്. മകന്‍ സജോണ്‍ എസ്.എഫ്.ഐ വയനാട് ജില്ലാ പ്രസിഡന്റും ബാലസംഘം സംസ്ഥാനസമിതി അംഗവുമായിരുന്നു. നിലവില്‍ കല്‍പ്പറ്റ സര്‍വ്വീസ് സഹകരണ ബാങ്ക് സെക്രട്ടറിയാണ്. മകള്‍ സൈവജ എസ്.എഫ്.ഐ പ്രവര്‍ത്തകയും കോളേജ് യൂണിയന്‍ ഭാരവാഹിയുമായിരുന്നു.
നിരവധി വനിതാ ബ്രാഞ്ച് സെക്രട്ടറിമാര്‍
അടുത്തവര്‍ഷം കണ്ണൂരില്‍ നടക്കാനിരിക്കുന്ന 23ാം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ ഭാഗമായി നടന്ന സംഘടനാ തിരഞ്ഞെടുപ്പില്‍ നിരവധി സ്ത്രീകളാണ് സി.പി.ഐ.എമ്മിന്റെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് എത്തിയിരിക്കുന്നത്. കൊല്ലം ജില്ലയിലെ വിളക്കുവട്ടം ബ്രാഞ്ചിന്റെ സെക്രട്ടറി ബിരുദ വിദ്യാര്‍ത്ഥിനിയായ ശുഭലക്ഷ്മിയാണ്. കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ബ്രാഞ്ച് സെക്രട്ടറി കൂടിയാണ് ശുഭലക്ഷ്മിയെന്ന് സി.പി.ഐ.എം മുഖപത്രമായ പീപ്പിള്‍സ് ഡെമോക്രസിയില്‍ പ്രസിദ്ധീകരിച്ച ലേഖനം പറയുന്നു. കോഴിക്കോട് ജില്ലയില്‍ മാത്രം 345 വനിതകളാണ് ബ്രാഞ്ച് സെക്രട്ടറിമാരായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കണ്ണൂരില്‍ 163 പേരും കാസര്‍കോട് 120 പേരും പാലക്കാട് 145 പേരും തിരുവനന്തപുരത്ത് 149 പേരും കൊല്ലം ജില്ലയില്‍ 204 പേരും പത്തനംതിട്ടയില്‍ 116 പേരും ബ്രാഞ്ച് സെക്രട്ടറിമാരായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
****